മെക്സിക്കോയിൽ ബാറിൽ വെടിവയ്പ്; 12 പേർ കൊല്ലപ്പെട്ടു
|10 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് രാജ്യത്ത് തോക്കുധാരികളുടെ വെടിവയ്പും കൂട്ടക്കൊലയും ഉണ്ടാവുന്നത്.
മെക്സിക്കോയിൽ ബാറിൽ തോക്കുധാരികൾ നടത്തിയ വെടിവയ്പിൽ 12 പേർ കൊല്ലപ്പെട്ടു. ഇറാപുവാട്ടോയിലെ ബാറിലാണ് വെടിവയ്പ് നടന്നത്. ആറ് സ്ത്രീകളും ആറ് പുരുഷന്മാരുമാണ് കൊല്ലപ്പട്ടത്.
മൂന്ന് പേർക്ക് പരിക്കേറ്റു. വെടിവച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. 10 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് രാജ്യത്ത് തോക്കുധാരികളുടെ വെടിവയ്പും കൂട്ടക്കൊലയും ഉണ്ടാവുന്നത്.
ഒരു മാസത്തിനുള്ളിൽ ഗ്വാനജുവാറ്റോ സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്. രാജ്യത്ത് തോക്കുധാരികളുടെ ആക്രമണം വർധിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് പുതിയ ആക്രമണം. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
അതേസമയം, അക്രമികളെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സെപ്തംബറിൽ ഗ്വാനജുവാറ്റോ ടൗണിൽ തോക്കുധാരികൾ നടത്തിയ വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു. അടുത്ത കാലത്തായി ഇവിടെ മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ വ്യാപകമായിരിക്കുകയാണ്.
ഒക്ടോബർ ആറിന് പടിഞ്ഞാറൻ മെക്സിക്കോയിലെ സാൻ മിഗുവൽ ടോട്ടോലപാൻ നഗരത്തിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ മേയർ അടക്കം 18 പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മെക്സിക്കൻ മേയർ കോൺറാഡോ മെൻഡോസ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.