അനധികൃത മൽസ്യബന്ധനം; 12 ഇന്ത്യൻ മൽസ്യത്തൊഴിലാളികളെ തടവിലാക്കി ശ്രീലങ്കൻ നേവി
|നിലവിൽ ഇവരെ കാങ്കസന്തുറൈ ഫിഷിംഗ് ഹാർബറിലാണ് തടവിലായിരിക്കുന്നത്
ജാഫ്ന: സമുദ്രാതിർത്തിയിൽ മൽസ്യബന്ധനം നടത്തിയതിന് 12 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. അവരുടെ ട്രോളറുകളും സേന പിടിച്ചെടുത്തു. ബുധനാഴ്ച വടക്കൻ ജാഫ്ന ജില്ലയിലെ വെറ്റിലൈകെർണി തീരത്ത് നിന്നാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതെന്ന് ശ്രീലങ്കൻ നാവികസേന പ്രസ്താവനയിൽ അറിയിച്ചു.
നിലവിൽ ഇവരെ കാങ്കസന്തുറൈ ഫിഷിംഗ് ഹാർബറിലാണ് തടവിലായിരിക്കുന്നത്. മത്സ്യബന്ധന ട്രോളറുകളുടെ നിയമവിരുദ്ധ മത്സ്യബന്ധന രീതികൾ തടയുന്നതിനായി ശ്രീലങ്കൻ നാവികസേന രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ പട്രോളിംഗും പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ടെന്നും ശ്രീലങ്കൻ നേവി അറിയിച്ചു.
ഈ വർഷം ശ്രീലങ്കൻ നാവികസേന 264 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 36 ട്രോളറുകൾ പിടിച്ചെടുക്കുകയും ചെയ്തു. ഇന്ത്യൻ- ശ്രീലങ്കൻ അധികൃതർ തമ്മിൽ ഇതുസംബന്ധിച്ച് നിരവധി ഉന്നതതല ചർച്ചകൾ നടന്നിട്ടുള്ളതാണ്. എന്നിരുന്നാലും ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ കടലിൽ അനധികൃത മത്സ്യബന്ധനം നടത്തുന്നത് ആവർത്തിച്ചുള്ള പ്രശ്നമാണെന്ന് ശ്രീലങ്ക പറയുന്നു.
നേരത്തെ, ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ അനധികൃതമായി പ്രവേശിച്ചുവെന്ന് ആരോപിച്ച് ശ്രീലങ്കൻ നേവി ഉദ്യോഗസ്ഥർ പാക്ക് കടലിടുക്കിലെ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിയുതിർക്കുകയും അവരുടെ ട്രോളറുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തമിഴ്നാടിനെ ശ്രീലങ്കയിൽ നിന്ന് വേർതിരിക്കുന്ന ഇടുങ്ങിയ ജലരേഖയായ പാക്ക് കടലിടുക്ക് ഇരു രാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികളുടെ പ്രധാന മത്സ്യബന്ധന കേന്ദ്രമാണ്.