World
ക്രൂരത തുടർന്ന് ഇസ്രായേൽ; ഖബറുകളിൽനിന്ന് 150 മൃതദേഹങ്ങൾ കടത്തി
World

ക്രൂരത തുടർന്ന് ഇസ്രായേൽ; ഖബറുകളിൽനിന്ന് 150 മൃതദേഹങ്ങൾ കടത്തി

Web Desk
|
6 Jan 2024 2:46 PM GMT

മരിച്ചവരോടും ശ്മശാനത്തോടും തികഞ്ഞ അവഹേളനമാണ് സൈന്യം കാണിച്ചത്

ഗസ്സയിൽ ആസൂത്രിത വംശഹത്യ തുടരുന്ന ഇസ്രായേലിന്റെ പുതിയ ക്രൂരതയുടെ വിവരം പുറത്ത്. ഗസ്സ സിറ്റിക്ക് കിഴക്ക് അൽ തുഫക്ക് സമീപത്തെ ശ്മശാനം ഇടിച്ചുനിരത്തുകയും ഏകദേശം 1100 ഖബറുകൾ വികൃതമാക്കിയതായും സർക്കാറിന്റെ മീഡിയ ഓഫിസ് അറിയിച്ചു.

ഖബറുകളിലെ മണ്ണ് നീക്കുകയും മൃതദേഹങ്ങൾ ഇസ്രായേലി സൈനിക വാഹനങ്ങളിൽ മോഷ്ടിച്ചു കൊണ്ടുപോവയുകയും ചെയ്തിട്ടുണ്ട്. ഖബറുകൾ വികൃതമാക്കുകയും നിയമങ്ങൾ ലംഘിക്കുകയും ചെയ്തു. മരിച്ചവരോടും ശ്മശാനത്തോടും തികഞ്ഞ അവഹേളനമാണ് സൈന്യം കാണിച്ചത്.

പുതുതായി ഖബറടക്കിയ 150ഓളം രക്തസാക്ഷികളുടെ മൃതദേഹങ്ങളാണ് ഇസ്രായേൽ സേന മോഷ്ടിച്ചതെന്നും മീഡിയ ഓഫിസ് അറിയിച്ചു. മൃതദേഹങ്ങൾ കുഴിച്ചെടുത്ത് അജ്ഞാത സ്ഥലത്തേക്കാണ് കൊണ്ടുപോയത്. ഇത് അവയവങ്ങൾ മോഷ്ടിക്കാനാണെന്നാണ് സംശയിക്കുന്നത്.

ഇസ്രായേലിന്റെ ക്രൂരതയും ഗസ്സക്ക് നേരെ തുടരുന്ന ആസൂത്രിത വംശഹത്യയും അവസാനിപ്പിക്കാൻ ലോക രാജ്യങ്ങൾ ഇടപെടണമെന്നും മീഡിയ ഓഫിസ് വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.

മുമ്പും ഇസ്രായേൽ സേന ഇത്തരത്തിൽ മൃതദേഹങ്ങളിൽനിന്ന് അവയവങ്ങൾ മോഷ്ടിച്ചതായും ശ്മശാനങ്ങൾ തകർത്തതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 80 പേരുടെ അവയങ്ങൾ മോഷ്ടിച്ചശേഷം മൃതദേഹങ്ങൾ ഇസ്രായേൽ സൈന്യം കൈമാറിയെന്ന് ഡിസംബർ 27ന് സർക്കാർ മീഡിയ ഓഫിസ് അറിയിച്ചിരുന്നു.

മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധമായിരുന്നു. ഇവരുടെ പേരും മറ്റു വിവരങ്ങളും കൈമാറാനും ഇസ്രായേൽ തയാറായിരുന്നില്ല.

ഇസ്രാ​യേൽ മൂന്ന് മാസമായി ഗസ്സക്ക് മേൽ വൻതോതിൽ ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനിടെ 122 ഫലസ്തീനികൾ മരിക്കുകയും 256 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 22,722 ആയി. കൂടാതെ 58,166 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സയിലെ ആരോഗ്യ മന്ത്രലായം അറിയിച്ചു.

Summary: 150 dead bodies were taken from the graves by the Israeli army

Related Tags :
Similar Posts