World
ഇന്ത്യക്കാരെ താലിബാന്‍ തട്ടിക്കൊണ്ടുപോയി; 150 പേരെ കാബൂളില്‍ തടഞ്ഞുവച്ചു
World

'ഇന്ത്യക്കാരെ താലിബാന്‍ തട്ടിക്കൊണ്ടുപോയി; 150 പേരെ കാബൂളില്‍ തടഞ്ഞുവച്ചു'

Web Desk
|
21 Aug 2021 8:07 AM GMT

മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്ന് താലിബാന്‍ വക്താവ് അഹ്‌മദുല്ല വസീഖ് പ്രതികരിച്ചു

അഫ്ഗാനില്‍നിന്ന് രക്ഷപ്പെടാനായി വിമാനത്താവളത്തിലേക്ക് പുറപ്പെട്ട 150ഓളം ഇന്ത്യന്‍ പൗരന്മാരെ കാബൂളില്‍ തടഞ്ഞുവച്ചതായി റിപ്പോര്‍ട്ട്. ചിലരെ താലിബാന്‍ സംഘം തട്ടിക്കൊണ്ടുപോയതായും വിവരമുണ്ട്. അഫ്ഗാന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍, ഇക്കാര്യം താലിബാന്‍ നിഷേധിച്ചിട്ടുണ്ട്.

കാബൂളിലെ ഹാമിദ് കര്‍സായി രാജ്യാന്തര വിമാനത്താവളത്തിന്റെ പുറത്തുനിന്നാണ് ഇന്ത്യന്‍ പൗരന്മാരെ താലിബാന്‍ പിടിച്ചുകൊണ്ടുപോയത്. ഇവരുടെ നില അപകടത്തിലല്ലെന്ന് സര്‍ക്കാര്‍വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, വാര്‍ത്ത നിഷേധിച്ച് താലിബാന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യക്കാരെ പിടിച്ചുവച്ചതായുള്ള മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്ന് താലിബാന്‍ വക്താവ് അഹ്‌മദുല്ല വസീഖ് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം ഹമീദ് കര്‍സായി വിമാനത്താവളത്തിലെത്തിയ 280ഓളം ഇന്ത്യക്കാരെ തടഞ്ഞിരുന്നു. ഇന്ത്യയിലേക്ക് മടങ്ങാനായി എത്തിയ ഇവരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. മലയാളികളും കുടുങ്ങിയ കൂട്ടത്തിലുണ്ടെന്നാണ് വിവരം.

അഫ്ഗാനിൽ കുടുങ്ങിയ 85 ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടതിനു പിറകെയാണ് പുതിയ വാര്‍ത്ത പുറത്തുവരുന്നത്. രണ്ടാമത്തെ വ്യോമസേനാ വിമാനമാണ് കാബൂളിൽനിന്ന് ഇന്ത്യക്കാരുമായി തിരിച്ചത്. കാബൂളിലെ ഹാമിദ് കര്‍സായി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട വ്യോമസേനയുടെ സി-130ജെ വിമാനം താജിക്കിസ്താനിലിറങ്ങി. ഇവിടെനിന്ന് ഇന്ധനം നിറച്ച ശേഷമാണ് വിമാനം യാത്ര പുനരാരംഭിച്ചത്.

അതിനിടെ, അഫ്ഗാന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം വിദേശകാര്യ മന്ത്രാലയം ഊർജിതമാക്കി. ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ ഇന്നോ നാളെയോ ഇന്ത്യക്കാരെ പൂർണമായും നാട്ടിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മന്ത്രാലയം. അഫ്ഗാന്റെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നവരെ കാബൂളിലെത്തിക്കുക ദുഷ്‌ക്കരമാണ്. ആദ്യം ഇവരെ കാബൂളിലെത്തിച്ചിട്ടു വേണം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ. ഇന്ത്യയ്ക്കാരെ നാട്ടിലെത്തിക്കാനുള്ള ചർച്ച ദോഹയിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ അഫ്ഗാനിലേക്ക് പ്രത്യേക വിമാനങ്ങൾ അയക്കാൻ കഴിഞ്ഞ ദിവസം ഇന്ത്യ തീരുമാനിച്ചിരുന്നു. ചാർട്ടേഡ് വിമാനങ്ങൾ അയക്കുന്നതിന് അമേരിക്കയുടെ അനുമതി തേടുകയും ചെയ്തു. ഇതുസംബന്ധിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യു.എസ് വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ട്. നിലവിൽ വ്യോമസേനാ വിമാനങ്ങളിലാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്.

Similar Posts