അഫ്ഗാനിലെ മദ്രസയിൽ ബോംബ് സ്‌ഫോടനം; വിദ്യാർഥികളടക്കം 16 പേർ കൊല്ലപ്പെട്ടു
|മാപ്പർഹിക്കാത്ത കുറ്റകൃത്യം ചെയ്തവരെ കണ്ടെത്തുന്നതിന് വേണ്ട നടപടികൾ പുരോഗമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുൾ നഫയ് താക്കൂർ
കാബൂൾ: അഫ്ഗാനിസ്ഥാനിലെ അയ്ബാക്കിലെ മദ്രസയിലുണ്ടായ ബോംബ് സ്ഫാടനത്തിൽ 16 പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ ജിഹാദ് മദ്രസയിലാണ് സ്‌ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വിദ്യാർഥികളും സാധാരണക്കാരുമാണ്. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും പേരുവിവരങ്ങൾ ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല.
താലിബാൻ അധികാരത്തിലേറിയതോടെ സാധാരണക്കാരെ ലക്ഷ്യമിട്ട് ഡസൻ കണക്കിന് സ്‌ഫോടനങ്ങളും ആക്രമണങ്ങളും നടന്നിട്ടുണ്ടെന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് പ്രാദേശിക ഘടകത്തിന്‍റെ ആരോപണം. മാപ്പർഹിക്കാത്ത ഈ കുറ്റകൃത്യം ചെയ്തവരെ കണ്ടെത്തുന്നതിന് വേണ്ട നടപടികൾ പുരോഗമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുൾ നഫയ് താക്കൂർ ട്വീറ്റ് ചെയ്തു. അഫ്ഗാനിസ്ഥാനിലെ സ്‌ഫോടനം എന്ന പേരിൽ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇവയൊന്നും അഫ്ഗാനിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സ്‌ഫോടനത്തിൽ വൻ നാശനഷ്ടങ്ങളുണ്ടായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സെപ്തംബറിൽ, കാബൂളിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ സ്ത്രീകളടക്കം 54 പേർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്ലാമിക് സ്റ്റേറ്റിറ്റിനെതിരെ രൂക്ഷ വിമർശനവുമായി താലിബാൻ രംഗത്തെത്തിയിരുന്നു. ഐ.എസ് തങ്ങളുടെ സംഘത്തസവന്മാരെ കൊന്നൊടുക്കിയെന്നും രാജ്യത്തുടനീളം അക്രമം അഴിച്ചുവിടുകയാണെന്നും താലിബാൻ ആരോപിച്ചു. അധികാരത്തിൽ വന്നതിനു പിന്നാലെ കലാപങ്ങൾക്ക് അറുതി വരുത്തിയിട്ടുണ്ടെന്നാണ് താലിബാന്‍റെ അവകാശവാദം.