രക്ഷിതാക്കൾ കാറിൽനിന്ന് ഇറക്കാൻ മറന്ന ഒന്നര വയസുകാരി ചൂടേറ്റു മരിച്ചു; നരഹത്യക്ക് കേസ്
|അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം
ന്യൂയോർക്ക്: രക്ഷിതാക്കൾ ചൂടുള്ള കാറിൽ നിന്നും ഇറക്കാൻ മറന്ന 18 മാസം പ്രായമുള്ള കുട്ടി ചൂടേറ്റ് മരിച്ചു. സംഭവത്തിൽ ദമ്പതികൾക്കെതിരെ നരഹത്യക്ക് കേസെടുത്തു. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് താപസൂചിക 105 ഡിഗ്രിയുള്ളപ്പോൾ പുലർച്ചെ മൂന്ന് മണി മുതൽ രാവിലെ 11 മണി വരെ കുട്ടിയെ കാറിൽ ഒറ്റക്കിരുത്തുകയായിരുന്നു.
മരണപ്പെട്ട കുട്ടിയുടെ മാതാപിതാക്കളായ ജോയലും ജാസ്മിൻ റോണ്ടനും ജുലൈ നാലിന് തങ്ങളുടെ മൂന്ന് കുട്ടികൾക്കൊപ്പം ഒരു പാർട്ടിയിൽ പങ്കെടുക്കുകയും പിറ്റേ ദിവസം പുലർച്ചെ മൂന്ന് മണിക്ക് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. വീട്ടിലെത്തിയപ്പോൾ ജാസ്മിൻ മുതിർന്ന കുട്ടികളെ വീട്ടിനകത്തേക്ക് കൊണ്ടു പോവുകയും മകളെ അകത്തേക്ക് കൊണ്ടുവരാൻ ഭർത്താവിനോട് പറയുകയും ചെയ്തു. എന്നാൽ ഇയാൾ അത് മറന്നു പോവുകയും ഭാര്യ കുട്ടിയെ അകത്തേക്ക് കൊണ്ട് വന്നിട്ടുണ്ടെന്ന് അനുമാനിക്കുകയും ചെയ്തു. രാവിലെ ഉറങ്ങി എഴുന്നേറ്റ അവർ കുഞ്ഞിനെ കാണത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കാറിന്റെ സീറ്റിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പോസ്റ്റ്മോർട്ട റിപ്പോർട്ടനുസരിച്ച് കുട്ടിയുടെ ശരീര താപനില 104 ഡിഗ്രി ഫാരൻഹീറ്റാണെന്നും കുട്ടിയുടെ മരണ കാരണം കാറിൽ ഉപേക്ഷിച്ചത് മൂലമുള്ള ഹൈപ്പർ തെർമിയയാണെന്നും പോലീസ് പറഞ്ഞു.സംഭവത്തെതുടർന്ന് നടത്തിയ അന്വേഷണത്തിൽ ദമ്പതികൾ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി.
കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയെന്ന കുറ്റമാണ് ഇപ്പോൾ ദമ്പതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവരെ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത് പോൾക്ക് കൗണ്ടി ജയിലടച്ചു. ദമ്പതികളുടെ മറ്റ് കുട്ടികളെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.