മേയറായി 18കാരൻ; യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരാധ്യക്ഷൻ
|185നെതിരെ 235 വോട്ടുകൾക്കാണ് 18കാരൻ തന്റെ എതിർ സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്.
വാഷിങ്ടൺ: കേരളത്തിൽ 21കാരിയായ ആര്യാ രാജേന്ദ്രൻ മേയറായപ്പോൾ അത് ഇന്ത്യയിലെ തന്നെ മറ്റൊരു ചരിത്രമായിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന ഖ്യാതിയും ലഭിച്ചു. എന്നാൽ ഇന്ത്യയിൽ അല്ലെങ്കിലും അതിനേക്കാൾ പ്രായം കുറഞ്ഞൊരാൾ ഇപ്പോൾ മേയറായി മറ്റൊരു രാജ്യത്ത് ചരിത്രം രചിച്ചിരിക്കുകയാണ്. നമ്മുടെ ഭാഷയിൽ പറഞ്ഞാൽ കേവലം 18 വയസുള്ള 'പയ്യൻ' ആണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ജയ്ലൻ സ്മിത്ത് എന്ന 18കാരനാണ് അമേരിക്കയിലെ അർക്കൻസാസ് സ്റ്റേറ്റിലെ എർലെ നഗരത്തിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതോടെ യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായിരിക്കുകയാണ് ജയ്ലൻ. അർക്കൻസാസ് സ്റ്റേറ്റിലെ ഏറ്റവും ചെറിയ നഗരമാണ് എർലെ.
എതിരാളിയും നഗരത്തിലെ ശുചിത്വ വിഭാഗം സൂപ്രണ്ടുമായ നെമി മാത്യൂസിനെ പരാജയപ്പെടുത്തിയാണ് ജയ്ലൻ മേയർ കസേരയിലെത്തിയത്. 185നെതിരെ 235 വോട്ടുകൾക്കാണ് 18കാരൻ തന്റെ എതിർ സ്ഥാനാർഥിയെ പരാജയപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം ആദ്യമാണ് ജയ്ലൻ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
2020ലെ സെൻസസ് പ്രകാരം 1831 ആളുകളാണ് കിഴക്കൻ അർക്കൻസാസിൽ സ്ഥിതി ചെയ്യുന്ന എർലെയിലെ ജനസംഖ്യ. തന്നെ വിജയിപ്പിച്ചവർക്ക് സോഷ്യൽമീഡിയയിലൂടെ നന്ദി പറഞ്ഞ ജയ്ലൻ, ഇത് എർലെയിൽ പുതിയ അധ്യായം സൃഷ്ടിക്കാനുള്ള സമയമാണെന്നും പ്രതികരിച്ചു. വിജയത്തിൽ സന്തോഷം കൊണ്ട് തന്റെ അമ്മയ്ക്ക് ആനന്ദാശ്രു നിർത്താൻ കഴിയുന്നില്ലെന്നും അദ്ദേഹം ബുധനാഴ്ച മാധ്യമങ്ങളോടു പറഞ്ഞു.
അർക്കൻസാസിലെ എർലെയിൽ മികച്ചവനാവാൻ കഴിയുമ്പോൾ താനെന്തിന് മറ്റെവിടെയെങ്കിലും മികച്ചവനായിരിക്കണം എന്നും ജയ്ലൻ വ്യക്തമാക്കി.