കിയവിലുണ്ടായ മിസൈലാക്രമണത്തിലും ഷെല്ലാക്രമണത്തിലും രണ്ടു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
|നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിനാറു പേര്ക്ക് പരിക്കേറ്റിട്ടുണ്ട്
യുക്രൈനിയൻ തലസ്ഥാനമായ കിയവിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ഷെല്ലാക്രമണത്തിലും മിസൈലാക്രമണത്തിലും രണ്ടുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒബോലോൺ ജില്ലയിലെ കെട്ടിടത്തിന് നേരെയുണ്ടായ ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുറേനിവ്ക ജില്ലയിൽ ഉണ്ടായ മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
റഷ്യൻ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ യുക്രൈനിൽ നിന്നും പലയാനം ചെയ്യുന്നവരുടെ എണ്ണം വർധിക്കുകയാണ്. ആക്രമണം തുടങ്ങിയ ഫെബ്രുവരി 24 മുതൽ ഇതുവരെ യുക്രൈനിൽ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിനാളുകൾ പലയാനം ചെയ്തു. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, മോൾഡോവ, റൊമാനിയ, ബെലറൂസ് എന്നീ രാജ്യങ്ങളിലേക്കാണ് അഭയാർഥികൾ കൂട്ടമായി എത്തുന്നത്. ഏറ്റവുമധികം ആളുകൾ എത്തിയത് പോളണ്ടിലേക്കാണ്. അതേസമയം, ഇതുവരെ 12,000ത്തിലധികം റഷ്യൻ സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി യുക്രൈൻ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
അതേസമയം കിയവിന്റെ ഏകദേശ ഭാഗങ്ങളും റഷ്യൻ സൈന്യം വളഞ്ഞതായാണ് റിപ്പോർട്ട്. റഷ്യൻ ആക്രമണത്തിൽ യൂറോപ്യൻ യൂണിയനോട് യുക്രൈൻ സഹായം അഭ്യർഥിച്ചു. റഷ്യയുടെ മേൽ കൂടുതൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ സെലൻസ്കി വിവിധ രാഷ്ട്രത്തലവന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ യുക്രൈൻ അഭയാർത്ഥികളെ സംരക്ഷിക്കാൻ പുതിയ പദ്ധതിക്ക് ബ്രിട്ടൻ രൂപം നൽകി. 'ഹോംസ് ഫോർ' യുക്രൈൻ എന്ന പേരിലാണ് പുതിയ പദ്ധതി ആവഷ്കരിക്കുന്നത്. ഇതു പ്രകാരം യുക്രൈൻ പൗരന്മാർക്ക് മൂന്ന് വർഷം വരെ ബ്രിട്ടനിൽ തുടരാം. റഷ്യൻ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ നിരവധിയാളുകളാണ് യുക്രൈനിൽ നിന്നും പലായനം ചെയ്തത്. പതിനായിരത്തിൽപരം ആളുകൾക്ക് ബ്രിട്ടൻ തൊഴിൽ വാഗ്ദാനം നൽകുന്നുണ്ട്. കൂടാതെ അഭയാർത്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസത്തിനുമായി പ്രത്യേക പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്. കാബിനറ്റ് സെക്രട്ടറി മൈക്കൽ ഗോവാണ് ഇക്കാര്യം വ്യക്തമാക്കിയത്.