വനിതാ ഫുട്ബോള്‍ ലോകകപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ന്യൂസിലാന്‍റില്‍ വെടിവെപ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു
|ലോകകപ്പ് ആസൂത്രണം ചെയ്തതുപോലെ തന്നെ മുന്നോട്ട് പോകുമെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി
ഓക്‌ലൻഡ്: ഒമ്പതാമത് ഫിഫ വനിതാ ലോകകപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ന്യൂസിലാൻഡിലെ ഓക്‌ലൻഡിലുണ്ടായ വെടിവെപ്പിൽ രണ്ടു പേര്‍ മരിച്ചു. പ്രാദേശിക സമയം വൈകിട്ട് 7 മണിക്കാണ് സംഭവം. വെടിവെപ്പിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു.പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലായിരുന്നു വെടിവെപ്പുണ്ടായത്. പൊലീസ് എത്തിയപ്പോഴും പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. പ്രതിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി.
ആക്രമണം ഭീകരവാദ പ്രവർത്തനമല്ലെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് പറഞ്ഞു. ലോകകപ്പ് ആസൂത്രണം ചെയ്തതുപോലെ തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഫിഫ ഉദ്യോഗസ്ഥരും ഫുട്ബോൾ ടീമുകളും സുരക്ഷിതരാണെന്ന് ഓക്‌ലൻഡ് മേയർ വെയ്ൻ ബ്രൗൺ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ഫിഫ പ്രതികരിച്ചു. ഒക്ക്ലൻഡിലെ ഈഡൻ പാർക്കിൽ ന്യൂസിലൻഡും നോർവേയും തമ്മിലാണ് ഉദ്ഘാടന മത്സരം.