12 ദിവസം; 20 ലക്ഷം അഭയാർഥികൾ: അവസാനിക്കാതെ പലായനങ്ങൾ.....
|'ഇത് വെറുമൊരു സംഖ്യകളല്ല, അതിനപ്പുറം വേർപിരിയലിന്റെയും വേദനയുടെയും നഷ്ടങ്ങളുടെയും 20 ലക്ഷം കഥകളെന്ന്' ഐക്യരാഷ്ട്രസഭ
റഷ്യ യുക്രൈനിൽ അധിനിവേശം തുടങ്ങിയത് ഫെബ്രുവരി 24നായിരുന്നു. 12 ദിവസങ്ങൾക്കിപ്പുറം യുദ്ധം തകർത്ത യുക്രൈനിൽ നിന്ന് ജീവന് വേണ്ടി രാജ്യം വിട്ടോടിയത് 20 ലക്ഷം പേരെന്ന് ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ കണക്കുകൾ പറയുന്നു. യു.എന്നിന്റെ അഭയാർഥി ഏജൻസിയായ യു.എൻ.എച്ച്.സി.ആറിന്റെ കണക്കുകൾ പ്രകാരം മാർച്ച് എട്ടിന് 2,011,312 പേരാണ് യുക്രൈനിൽ നിന്ന് പാലായനം ചെയ്തത്. തലേദിവസത്തെ അഭയാർഥികളുടെ എണ്ണത്തേക്കാൾ 276,244 കൂടുതലായിരുന്നു ഇത്.
' ഞെട്ടിപ്പിക്കുന്ന കണക്കുകൾ' എന്നാണ് യു.എൻ.എച്ച്.സി. ആർ മേധാവി ഫിലിപ്പോ ഗ്രാൻഡി ഇതിനെ വിശേഷിപ്പിച്ചത്. 'ഇത് വെറുമൊരു സംഖ്യകളല്ല, അതിനപ്പുറം വേർപിരിയലിന്റെയും വേദനയുടെയും നഷ്ടങ്ങളുടെയും 20 ലക്ഷം കഥകളാണെന്നും' അദ്ദേഹം പറഞ്ഞു. 'ക്രൂരമായ യുദ്ധം മൂലം കുടുംബങ്ങൾ പലതും ഛിന്നഭിന്നമായി. നിരാശയിലേക്കും സങ്കൽപ്പിക്കാനാവാത്ത കഷ്ടപ്പാടുകളിലേക്കും ഓരോ കുടുംബവും മുങ്ങിയിരിക്കുന്നു' വെന്നും അദ്ദേഹം പറഞ്ഞു.
റഷ്യൻ സൈന്യം യുക്രൈനിലെ ആക്രമണം കൂടുതൽ ശക്തമാക്കുന്നതിനനുസരിച്ച്, പ്രത്യേകിച്ചും തലസ്ഥാന നഗരിയായ കിയവ് പിടിച്ചെടുത്താൽ അഭയാർഥികളുടെ എണ്ണം ഇനിയും കൂടുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വലിയിരുത്തൽ. റഷ്യയുടെ ആക്രമണത്തിന് മുമ്പ് 37 ദശലക്ഷത്തിലധികം ആളുകളാണ് യുക്രൈനിലുണ്ടായിരുന്നത്. നാടുവിട്ടവരെക്കൂടാതെ, രാജ്യത്തിനകത്തുള്ള വീടുകളിൽ നിന്ന് മറ്റിടങ്ങളിലേക്ക് താമസിച്ചവരുടെ എണ്ണവും വലുതാണ്.
പലായനം ചെയ്തവരിൽ 103,000 മൂന്നാം ലോക രാജ്യക്കാരും ഉണ്ടെന്ന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ അറിയിച്ചു. 'വിദ്യാർഥികളും മറ്റ് തൊഴിലാളികളുമടക്കം ഇനിയും പതിനായിരക്കണക്കിന് ആളുകൾ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന്' ഐഒഎം വക്താവ് പോൾ ഡിലൺ പറഞ്ഞു.
അഭയാർഥികളെ അയൽ രാജ്യങ്ങളിൽ സൗജന്യമായോ കുറഞ്ഞചെലവിലോ താമസിക്കുന്നതിനായി വെക്കേഷൻ റെന്റൽ കമ്പനിയായ 'എയർബിഎൻബി'യുമായി സഹകരിച്ച് 26,000-ത്തിലധികം ഹ്രസ്വകാല ഭവനങ്ങൾ തയ്യാറാക്കിയതായും അദ്ദേഹം പറഞ്ഞു.
യുഎൻ അഭയാർത്ഥി ഏജൻസിയുടെ കണക്കുകൾ അനുസരിച്ച് യുക്രൈനിൽ മറ്റിടങ്ങളിലേക്ക് പലയാനം ചെയ്തവരുടെ എണ്ണം
പോളണ്ട്
യുക്രെയ്നിൽ നിന്ന് പലായനം ചെയ്ത പകുതിയിലധികം പേരും ഇപ്പോൾ പോളണ്ടിലാണ്. തിങ്കളാഴ്ച 1,204,403 അഭയാർഥികൾ പോളണ്ടിലെത്തിയിട്ടുണ്ടെന്ന് യു.എൻ.എച്ച്.സി.ആർ അറിയിച്ചു.24 മണിക്കൂറിനുള്ളിൽ ഇവിടേക്ക് എത്തുന്നവരുടെ എണ്ണം 176,800 ആയി വർധിച്ചു. യുക്രൈനിന് വേണ്ടി പരിധികളില്ലാതെ സഹായ ഹസ്തം നീട്ടിയ രാജ്യമായിരുന്നു പോളണ്ട്.
യുക്രൈൻ അഭയാർത്ഥികൾക്ക് 18 മാസത്തേക്ക് പോളണ്ടിൽ തുടരാനും അവരുടെ പെർമിറ്റ് ഇതിനനുസരിച്ച് പുതുക്കാനും അനുവദിച്ചുകൊണ്ട് പോളണ്ട് സർക്കാർ നിയമം കൊണ്ടുവന്നു. ഇതോടെ യുക്രൈനിൽ നിന്നുള്ള അഭയാർത്ഥികൾക്ക് താമസം എളുപ്പമാകും.
ഹംഗറി
യു.എൻ.എച്ച്.സി.ആർ പ്രകാരം ഏകദേശം 210,239 ആളുകൾ യുക്രൈനിൽ നിന്ന് മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. ഏകദേശം 191,348 അഭയാർത്ഥികൾ ഇപ്പോൾ ഹംഗറിയിലാണ്. യുക്രൈനിൽ നിന്ന് പലായനം ചെയ്തവരുടെ ഏകദേശം 10 ശതമാനം പേരാണ് ഹംഗറിയിലുള്ളത്.യുക്രൈനുമായി അഞ്ച് അതിർത്തി പങ്കിടുന്ന രാജ്യമാണ് ഹംഗറി. സഹോണി ഉൾപ്പെടെ നിരവധി അതിർത്തി പട്ടണങ്ങളിലെ പൊതു കെട്ടിടങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളാക്കി മാറ്റുകയും അവിടെയെത്തുന്നവർക്ക് ഭക്ഷണം മറ്റ് സഹായങ്ങളും ഹംഗറി വാഗ്ദാനം ചെയ്യുന്നുണ്ട്.
സ്ലൊവാക്യ
യുക്രെയിനിന്റെ ഏറ്റവും ചെറിയ അതിർത്തിയായ സ്ലൊവാക്യയിയൽ ഏകദേശം 140,745 അഭയാർത്ഥികളാണുള്ളത്.
റഷ്യ
യുക്രൈനിൽ നിന്ന് ഏറ്റവും അകലെയാണ് റഷ്യൻ അതിർത്തി. അധിനിവേശത്തിനുശേഷം ദൈർഘ്യമേറിയ അതിർത്തി കടന്ന് റഷ്യയിലെത്തിയ അഭയാർഥികളുടെ എണ്ണം 99,300 ആണെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പറയുന്നു. റഷ്യൻ അധിനിവേശത്തിന് മുമ്പുള്ള ദിവസങ്ങളായ ഫെബ്രുവരി 18 നും 23 നും ഇടയിൽ വിഘടനവാദ കിഴക്കൻ ഡൊനെറ്റ്സ്ക്, ലുഗാൻസ്ക് പ്രദേശങ്ങളിൽ നിന്ന് 96,000 പേർ റഷ്യയിലേക്ക് കുടിയേറിയിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു.
മോൾഡോവ
ഞായറാഴ്ച അവസാനം വരെയുള്ള കണക്കുകൾ പ്രകാരം ഏകദേശം 82,762 അഭയാർത്ഥികൾ ഇപ്പോൾ മോൾഡോവയിലുണ്ട്. യു.എൻ.എച്ച്.സി.ആറിന്റെ കണക്കനുസരിച്ച്പല അഭയാർത്ഥികളും റൊമാനിയയിലേക്കോ ഹംഗറിയിലേക്കോ തുടരുകയാണ്. യുക്രൈനിന്ന് നിന്ന് 230,000-ത്തിലധികം ആളുകൾ അതിർത്തി കടന്നതായി പ്രധാനമന്ത്രി നതാലിയ ഗാവ്രിലിറ്റ ഞായറാഴ്ച പറഞ്ഞു.
റൊമാനിയ
ഞായറാഴ്ച അവസാനം വരെയുള്ള ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുക്രൈനിൽ നിന്നുള്ള 82,062 അഭയാർത്ഥികൾ ഇപ്പോൾ റൊമാനിയയിലാണ്. അഭയാർഥികൾക്കായി സിഗെതു മർമാറ്റിയിലും സിററ്റിലും ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ബെലറൂസ്
യു.എൻ.സി.എച്ച്ആർ പ്രകാരം 453 അഭയാർഥികളാണ് ബെലറൂസിലേക്ക് എത്തിയത്.