രണ്ടുവയസുകാരന്റെ കൈയില്‍ നിന്ന് അബദ്ധത്തില്‍ തോക്ക് പൊട്ടി പിതാവിന് ദാരുണാന്ത്യം
|സംഭവം നടക്കുമ്പോൾ അഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർ ആ മുറിയിലുണ്ടായിരുന്നു
മിയാമി: ഫ്ലോറിഡയിൽ രണ്ടുവയസുകാരന്റെ കൈയിൽനിന്ന് അബദ്ധത്തിൽ തോക്ക് പൊട്ടി പിതാവിന് ദാരുണാന്ത്യം. ഒർലാൻഡോയ്ക്ക് സമീപത്താണ് സംഭവം. റെജി മാബ്രിക് എന്ന 26 കാരനാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിവരമറിഞ്ഞെത്തിയ പൊലീസാണ് റെജി മാബ്രികിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പക്ഷേ ആശുപത്രിയിൽ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇയാൾ സ്വയം വെടിവെച്ചതാണെന്നായിരുന്നു പൊലീസ് ആദ്യം കരുതിയിരുന്നത്. എന്നാൽ വീട്ടിലെത്തി അന്വേഷണം നടത്തിയപ്പോഴാണ് രണ്ടുവയസുള്ള സഹോദരനാണ് നിറയൊച്ചതെന്ന് മൂത്തമകന് പൊലീസിനോട് തുറന്ന് പറഞ്ഞത്.
മുറിയില്‍ വീണുകിടന്ന ഒരു ബാഗിലായിരുന്നു തോക്കുണ്ടായിരുന്നത്. കമ്പ്യൂട്ടറിൽ ഗെയിം കളിച്ചുകൊണ്ടിരുന്ന കുട്ടി ഈ തോക്ക് കാണുകയും പിതാവിനെ പിന്നിൽ നിന്നും വെടിവെക്കുകയും ചെയ്തതായി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവം നടക്കുമ്പോൾ അഞ്ചുമാസം പ്രായമായ മകൾ ഉൾപ്പെടെ അഞ്ച് പേർ അതേ മുറിയിലുണ്ടായിരുന്നു.
അതേസമയം, മരിച്ച മാബ്രിയും ഭാര്യയും മയക്കുമരുന്ന് ഉപയോഗത്തിനും കുഞ്ഞുങ്ങളെ നോക്കാത്ത കുറ്റത്തിനും ജയിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു. അടുത്തിടെയാണ് രണ്ടുപേരും പരോളിലിറങ്ങിയത്. തോക്കുകൾ സുരക്ഷിതമല്ലാതെ വീടുകളിൽ സൂക്ഷിക്കുന്നത് കൊണ്ട് സംഭവിച്ച അപകടമാണിതെന്ന് പൊലീസ് പറഞ്ഞു.
മൂന്നുമക്കളാണ് മരിച്ച മെബ്രിക്കും ഭാര്യക്കും. അതേ സമയം ഇത്തരം സംഭവങ്ങൾ അമേരിക്കയിൽ ആദ്യമായല്ല നടക്കുന്നത്. സൂപ്പർമാർക്കറ്റിലും ആശുപത്രിയിലും പ്രൈമറി സ്കൂളിലും കൂട്ട വെടിവയ്പ്പുകൾ അടിക്കടി റിപ്പോർട്ട് ചെയ്യുന്ന രാജ്യം കൂടിയാണ് അമേരിക്ക. രാജ്യത്ത് തോക്ക് നിയന്ത്രണങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ഈ അപകടവാർത്ത പുറത്ത് വരുന്നത്.