World
US POLICE
World

യു.എസിൽ രണ്ടുവയസുകാരൻ തോക്കെടുത്ത് കളിച്ചു; വെടിയേറ്റ് ഗർഭിണിയായ അമ്മ മരിച്ചു

Web Desk
|
24 Jun 2023 10:52 AM GMT

മേശവലിപ്പിൽ നിന്ന് അച്ഛന്റെ തോക്കെടുത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർക്കുകയായിരുന്നു.

വാഷിങ്ടൺ: തോക്കെടുത്ത് കളിച്ച രണ്ടുവയസുകാരന്റെ വെടിയേറ്റ് ഗർഭിണിയായ അമ്മ മരിച്ചു. ജൂൺ 16ന് ഒഹിയോയിലാണ് സംഭവം. ​മേശവലിപ്പിൽ നിന്ന് അച്ഛന്റെ തോക്കെടുത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർക്കുകയായിരുന്നു. എട്ടുമാസം ഗർഭിണിയായിരുന്ന ലോറ ലിൽഗ് (31) ആണ് ദാരുണമായി മരിച്ചത്.

വെടിയേറ്റയുടൻ അമ്മ പോലീസിനെ വിവരം അറിയിച്ചു. മകനെക്കുറിച്ച് പറഞ്ഞുകൊണ്ട് ഭാര്യ വിളിച്ചിരുന്നു. 911ലേക്ക് തിരികെ വിളിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കുട്ടിയുടെ പിതാവ് പോലീസിനെ വിളിച്ചിരുന്നു അധികൃതർ പറഞ്ഞു. ഉടൻ തന്നെ ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ കിടപ്പുമുറിയുടെ വെടിയേറ്റ് കിടക്കുന്ന ലോറയെ ആണ് കണ്ടത്. രണ്ടുവയസുള്ള കുട്ടിയും അവർക്കൊപ്പമുണ്ടായിരുന്നു. അതിനടുത്ത് തന്നെ തോക്കും കണ്ടെത്തി. തോക്ക് പൊലീസ് പിടിച്ചെടുത്തു.

അമ്മയുടെ അപേക്ഷ പ്രകാരം മകനെ അവരുടെ അരികിൽ നിന്ന് പൊലീസ് മാറ്റിനിർത്തി. തുടർന്ന് എന്താണ് സംഭവിച്ചതെന്ന് ലോറ പൊലീസിനോട് വിവരിച്ചു. ലോറയെ ഉടൻ ആശുപത്രിയിലെത്തിച്ച് സിസേറിയന് വിധേയമാക്കിയെങ്കിലും ഗർഭസ്ഥ ശിശുവിന്റെയും അമ്മയുടെയും ജീവൻ രക്ഷിക്കാനായില്ല.

അവരുടെ വീട്ടിൽ പല സുരക്ഷ സംവിധാനങ്ങളും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ കിടപ്പുമുറിയിൽ കയറി കുട്ടി തോക്കെടുത്ത് കളിക്കുമ്പോൾ തിരക്കിട്ട വീട്ടുജോലികളിലായതിനാൽ അമ്മ ശ്രദ്ധിച്ചില്ല.

Similar Posts