World
World
ബലൂചിസ്ഥാനിലെ കൽക്കരി ഖനിയിൽ വെടിവെപ്പ്; 20 പേർ കൊല്ലപ്പെട്ടു
|11 Oct 2024 5:28 AM GMT
ഖനികൾക്ക് നേരെ അക്രമിസംഘം റോക്കറ്റുകളും ഗ്രനേഡുകളും പ്രയോഗിച്ചു
ക്വറ്റ: തെക്കുപടിഞ്ഞാറൻ പാകിസ്താനിലെ ബലൂചിസ്ഥാനിൽ കൽക്കരി ഖനിയിലുണ്ടായ വെടിവെപ്പിൽ 20 തൊഴിലാളികൾ കൊല്ലപ്പെട്ടു. ഏഴുപേർക്ക് പരിക്കേറ്റു.
ഇന്ന് പുലർച്ചെ ആയുധങ്ങളുമായി ദുകി ജില്ലയിലെ കൽക്കരി ഖനിയിലെത്തിയ അക്രമസംഘം തൊഴിലാളികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഖനികൾക്ക് നേരെ അക്രമിസംഘം റോക്കറ്റുകളും ഗ്രനേഡുകളും പ്രയോഗിച്ചുവെന്നും പൊലീസ് ഓഫീസറായ ഹുമയൂൺ ഖാൻ പറഞ്ഞു.
ഇതുവരെ 20 മൃതദേഹങ്ങളാണ് ജില്ലാ ആശുപത്രിയിൽ കൊണ്ടുവന്നതെന്ന് ഡോക്ടർ ജോഹർ ഖാൻ ഷാദിസായി പറഞ്ഞു. പരിക്കേറ്റ ആറുപേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുരുഷന്മാരിൽ ഭൂരിഭാഗവും ബലൂചിസ്ഥാനിലെ പഷ്തൂൺ മേഖലയിൽ നിന്നുള്ളവരായിരുന്നു. മരിച്ചവരിൽ മൂന്ന് പേരും പരിക്കേറ്റവരിൽ നാല് പേരും അഫ്ഗാൻ സ്വദേശികളാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.