20 തവണ സ്ക്വാട്ട്സ് ചെയ്താൽ മാത്രം മതി; റുമേനിയയിൽ ബസ് യാത്ര സൗജന്യം
|അലീന ബിഴോൽകിന എന്ന യുവതി സ്ക്വാട്സ് ചെയ്യുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. കുറഞ്ഞ സമയം കൊണ്ട് നിരവധി പേരാണ് വിഡിയോ കണ്ടത്
പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനായി ഒട്ടുമിക്ക രാജ്യങ്ങളും വിവിധ പദ്ധതികൾ ആവിഷ്കരിക്കാറുണ്ട്. എന്നാൽ റുമേനിയയ്ക്ക് അതു മാത്രമല്ല ലക്ഷ്യം. ജനങ്ങളിൽ ആരോഗ്യകരമായ ജീവിത രീതി വളർത്തിയെടുക്കുന്നതിന് വ്യത്യസ്തമായ മാർഗവുമായി രംഗത്തെത്തിയിരിക്കയാണ് റുമേനിയ. പൊതുഗതാഗതം ഉപയോഗപ്പെടുത്താൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് കൂടിയാണ് ഈ പദ്ധതി.
20 തവണ സ്ക്വാട്ട്സ് ചെയ്യുന്ന ആർക്കും സൗജന്യമായി ബസ് യാത്ര നടത്താം. ഒരു ആരോഗ്യ ക്യാമ്പയ്നിന്റെ ഭാഗമായാണിത്. ഇതിനായി ഒരു പ്രത്യേക ബൂത്തും സജ്ജീകരിച്ചിട്ടുണ്ട്. ഈ ബൂത്തിൽ കാമറയും ഇൻസ്റ്റാൾ ചെയ്ത മെഷീനുമുണ്ട്. ആളുകൾ സ്ക്വാട്സ് ചെയ്യുന്ന മുറക്ക് അതിന്റെ എണ്ണം ഡിസ് പ്ലെയിൽ തെളിഞ്ഞുകാണും. രണ്ട് മിനിറ്റിനുള്ളിൽ 20 സ്ക്വാട്ട്സുകള് ക്യാമറയ്ക്ക് മുന്നിൽ ചെയ്യണം. സ്ക്വാർട്ട്സ് എണ്ണം തികച്ചാൽ സൗജന്യ യാത്രക്കുള്ള ബസ് ടിക്കറ്റും യന്ത്രത്തിൽ നിന്ന് ലഭിക്കും. ഈ ടിക്കറ്റിനെ ഹെൽത്ത് ടിക്കറ്റെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
അലീന ബിഴോൽകിന എന്ന യുവതി സ്ക്വാട്സ് ചെയ്യുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. കുറഞ്ഞ സമയം കൊണ്ട് നിരവധി പേരാണ് വിഡിയോ കണ്ടത്. സ്ക്വാട്ട്സ് പൂർത്തിയാക്കിയ ഉടനെ തന്നെ യുവതിക്ക് ബസ് ടിക്കറ്റ് ലഭിക്കുന്നത് വീഡിയോയിൽ കാണാം.
ജനങ്ങളുടെ ആരോഗ്യം വർധിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.