ഗസ്സയില്‍ 135,000 കുഞ്ഞുങ്ങള്‍ ഗുരുതര പോഷകാഹാരക്കുറവ് നേരിടുന്നതായി യുനിസെഫ്
|ഗസ്സയിലെ ഗര്‍ഭിണികളുടെയും നവജാതശിശുക്കളുടെയും അവസ്ഥ വിവരിക്കാവുന്നതിലും അപ്പുറമാണെന്ന് യുനിസെഫ്
തെല്‍ അവിവ്: ഗസ്സയിലെ ഗര്‍ഭിണികളുടെയും നവജാതശിശുക്കളുടെയും അവസ്ഥ വിവരിക്കാവുന്നതിലും അപ്പുറമാണെന്ന് യുനിസെഫ്. ആരോഗ്യ സംവിധാനം തകര്‍ന്നതോടെ മാതൃ-ശിശുമരണങ്ങളുടെ നിരക്ക് അപകടകരമായ സ്ഥിതിയിലെത്തിയതായി യുനിസെഫ് വക്താവ് ടെസ് ഇൻഗ്രാം ജനീവയിൽ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രസവത്തിനു മുന്‍പും ശേഷവും മതിയായ വൈദ്യസഹായം, പോഷകാഹാരം, പരിപാലനം എന്നിവയുടെ കാര്യത്തില്‍ ഗസ്സയിലെ അമ്മമാര്‍ സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത വിധത്തിലുള്ള വെല്ലുവിളികള്‍ നേരിടുണ്ടെന്നും ഇന്‍ഗ്രാം വെളിപ്പെടുത്തി. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും അവരുടെ കുഞ്ഞുങ്ങളും മനുഷ്യത്വരഹിതമായ സാഹചര്യങ്ങളില്‍ വെള്ളമോ പോഷാകാഹാരമോ ഇല്ലാതെ കഴിച്ചുകൂട്ടുകയാണെന്നും ഇന്‍ഗ്രാം കൂട്ടിച്ചേര്‍ത്തു. യുദ്ധകാലത്ത് ഗസ്സയില്‍ 20,000 കുഞ്ഞുങ്ങളാണ് ജനിച്ചത്. രണ്ട് വയസിനു താഴെയുള്ള 135,000 കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്നതായി യുനിസെഫ് വ്യക്തമാക്കുന്നു. യുദ്ധം കടുത്തതിനു ശേഷം ഗസ്സയില്‍ കൊല്ലപ്പെട്ട 25,000ത്തോളം പേരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നാണ് റിപ്പോർട്ട്. നവജാത ശിശുക്കൾക്കിടയിലെ മരണനിരക്കിനെക്കുറിച്ച്, നിലവിലെ സാഹചര്യങ്ങൾ കാരണം ച്ച് ഇപ്പോൾ ഉറപ്പ് പറയാൻ കഴിയില്ലെന്ന് ഇന്‍ഗ്രാം പറഞ്ഞു.
നിലവിലെ യുദ്ധസാഹചര്യം, നിര്‍ബന്ധിത പലായനം, ആക്രമണത്തിന്‍റെ സമ്മര്‍ദം എന്നിവയുടെ ഫലമായി നൂറു കണക്കിന് ഗര്‍ഭമലസല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ശരിയായ പരിചരണത്തിന്‍റെ അഭാവവും ആശുപത്രികളിലെത്താനുള്ള ബുദ്ധിമുട്ടും ഏകദേശം 60,000 ഗർഭിണികളുടെ ജീവിതത്തെ ഗർഭകാല സങ്കീർണതകളുടെ അപകടസാധ്യതയിലേക്ക് നയിക്കുന്നുവെന്നുംഡിപ്പാർട്ട്‌മെന്‍റ് വക്താവ് അഷ്‌റഫ് അൽ-ഖുദ്ര വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഗസ്സയിലെ 36 ആശുപത്രികളിൽ 15 എണ്ണം മാത്രമേ പ്രവർത്തനക്ഷമമായിട്ടുള്ളൂ. തെക്കന്‍ ഗസ്സയില്‍ ഒന്‍പതും വടക്കന്‍ ഗസ്സയില്‍ ആറും ആശുപത്രികള്‍ ഭാഗികമായി പ്രവര്‍ത്തിക്കുന്നുണ്ട്. ദേർ അൽ ബലാഹ്, ഖാൻ യൂനിസ് എന്നിവിടങ്ങളിൽ മൂന്ന് ആശുപത്രികൾ - അൽ അഖ്‌സ, നാസർ, ഗസ്സ യൂറോപ്യൻ - സമീപ പ്രദേശങ്ങളിൽ പലായനം ചെയ്യാനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കുന്നതു മൂലം അടച്ചുപൂട്ടൽ ഭീഷണിയിലാണ്.വടക്കന്‍ ഗസ്സയിലെ ആശുപത്രികള്‍ പരിമിതമായ പ്രസവം, ട്രോമ, എമർജൻസി കെയർ സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.