പാരാകെ പാരീസ്; 33-ാമത് ഒളിമ്പിക്സിന് ഇന്ന് കൊടിയേറ്റം
|10000ത്തിലധികം താരങ്ങളാണ് ഒളിമ്പിക് മെഡൽ ലക്ഷ്യമിട്ടിറങ്ങുന്നത്
പാരീസ്: ലോകം ഇന്നുമുതൽ പാരിസിലേക്ക് ചുരുങ്ങും. 33-ാമത് ഒളിമ്പിക്സിന് ഇന്ത്യൻ സമയം രാത്രി 11 മണിയോടെ തുടക്കമാകും. 10000ത്തിലധികം താരങ്ങളാണ് ഒളിമ്പിക് മെഡൽ ലക്ഷ്യമിട്ടിറങ്ങുന്നത്. ഒരേയൊരു ലക്ഷ്യം. ഒരേയൊരു സ്വപ്നം കഴുത്തിലൊരു ഒളിമ്പിക് മെഡൽ, പോരടിക്കാൻ സജ്ജമായി ലോക കായിക താരങ്ങൾ.
സൈൻ നദികരയോരത്ത്, അത്ഭുതങ്ങൾ അടക്കിവെച്ച പാരീസ്, ചെപ്പു തുറക്കാൻ പോവുകയാണ് ഉദ്ഘാടന ചടങ്ങുകൾ ഇന്ത്യൻ സമയം രാത്രി 11 മണിയോടെ നടക്കും. പാരിസിലേക്ക് കണ്ണും നട്ടു കാത്തിരിക്കുകയാണ് ലോക ജനത. 206 നാഷണൽ ഒളിമ്പിക് കമ്മിറ്റികളുടെ കീഴിലായി 10000 അധികം താരങ്ങളാണ്, മെഡൽ ലക്ഷ്യമിട്ടിറങ്ങുന്നത്. 32 ഇനങ്ങൾ, 329 മത്സര വിഭാഗങ്ങൾ... 1011 മെഡലുകൾ..... അതെ മെഡലുകൾ വാരിക്കൂട്ടാൻ ഇഞ്ചോടിച്ചു പോരാട്ടം നടക്കും.
39 സ്വർണം ഉൾപ്പെടെ 113 മെഡലുകളുമായി ടോക്കിയോയിലെ സമഗ്രാധിപത്യം തുടരാനാണ് അമേരിക്ക ഇറങ്ങുന്നത്. കഴിഞ്ഞതവണ 89 മെഡലുകളുമായി ചൈനയും വെല്ലുവിളി ഉയർത്തി. 117 താരങ്ങളുമായാണ് ഇന്ത്യ ഇക്കുറി എത്തുന്നത്. ലക്ഷ്യം മെഡൽ നേട്ടം രണ്ടക്കത്തിലേക്ക് എത്തിക്കുക എന്നത് തന്നെ. 44 കാരൻ രോഹൻ ബൊപ്പണ്ണയും 14 കാരി ധിനിധി ദേശിങ്കുവും രാജ്യത്തിന്റെ പ്രതീക്ഷകളാണ്. ഏഴു മലയാളി താരങ്ങളാണ് ഇത്തവണ ഒളിമ്പിക്സിന് ഇറങ്ങുന്നത്.
ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രതീകമായിരുന്ന ഫ്രീജിയൻ തൊപ്പി, ഭാഗ്യചിഹ്നമായി അവതരിപ്പിക്കുമ്പോൾ ലോക കായിക ഭൂപടത്തിൽ, പുതിയൊരു വിപ്ലവം അതാവും ആതിഥേയരുടെ ലക്ഷ്യം. ഗെറ്റ് സെറ്റ് ഗോ... ഇതാ പാരീസ് ഒളിമ്പിക്സിന് തുടക്കമാകുന്നു.