കനത്ത മഞ്ഞുമഴ; ചൈനയില്‍ മാരത്തണില്‍ പങ്കെടുത്ത 21 പേര്‍ മരിച്ചു
|100 കിലോമീറ്റര്‍ ക്രോസ് കണ്‍ട്രി മൗണ്‍ടെയ്ന്‍ മാരത്തണില്‍ പങ്കെടുത്തവരാണ് മരിച്ചത്.
ചൈനയില്‍ അപ്രതീക്ഷിതമായുണ്ടായ മഞ്ഞുമഴയില്‍ പെട്ട് മാരത്തണില്‍ പങ്കെടുത്ത 21 പേര്‍ മരിച്ചു. 100 കിലോമീറ്റര്‍ ക്രോസ് കണ്‍ട്രി മൗണ്‍ടെയ്ന്‍ മാരത്തണില്‍ പങ്കെടുത്തവരാണ് മരിച്ചത്. ആലിപ്പഴംവീഴ്ചയും പേമാരിയും ശീതക്കാറ്റുമാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് റിപ്പോര്‍ട്ട്.
വടക്കു പടിഞ്ഞാറന്‍ ഗാന്‍സു പ്രവിശ്യയിലെ ബൈയിന്‍ സിറ്റിക്ക് സമീപം യെല്ലോ റിവര്‍ സ്‌റ്റോണ്‍ ഫോറസ്റ്റിലാണ് മത്സരം സംഘടിപ്പിച്ചിരുന്നത്. സമുദ്രനിരപ്പില്‍നിന്ന് വളരെ ഉയരത്തിലുള്ള മേഖലയാണിത്. ശനിയാഴ്ച ഉച്ചയോടെ മാരത്തണിന്‍റെ 20-31 കിലോമീറ്ററിനിടെയാണ് അപകടമുണ്ടായതെന്ന് ബൈയിന്‍ സിറ്റി മേയറായ ഴാങ് ഷുചെന്‍ പറഞ്ഞു.
കാറ്റിലും മഴയിലും പെട്ട് കാണാതായവരെ അന്വേഷിച്ചെത്തുമ്പോഴേക്കും പലരും കഠിനമായ തണുപ്പു മൂലം മരവിച്ചു മരിച്ച നിലയിലായിരുന്നെന്നും ഔദ്യോഗിക മാധ്യമമായ സി.സി.ടി.വി അറിയിച്ചു. ദുരന്തത്തില്‍ നിന്ന് 18പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. 172 പേരായിരുന്നു മാരത്തണില്‍ പങ്കെടുത്തിരുന്നത്.