പാകിസ്താനിൽ റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു
|46 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
ഇസ്‍ലാമാബാദ്: പാകിസ്താനിലെ റെയിൽവേ സ്റ്റേഷനിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കുപടിഞ്ഞാറൻ പാകിസ്താനിലെ ബലൂചിസ്ഥാനിലെ ക്വറ്റ റെയിൽവേ സ്റ്റേഷനിലാണ് ബോംബ് സ്ഫോടനം ഉണ്ടായത്.
പ്രാരംഭ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചാവേർ ബോംബാക്രമണമെന്നാണ് റിപ്പോർട്ട്. ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റെയിൽവേ സ്‌റ്റേഷനിലെ ബുക്കിംഗ് ഓഫീസിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. സ്‌ഫോടനസമയത്ത് ട്രെയിനിൽ കയറാനെത്തിയവർ പ്ലാറ്റ്‌ഫോമിൽ തടിച്ചുകൂടിയിരുന്നു.
മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് മുഹമ്മദ് ബലോച്വാസ് പറഞ്ഞു. സ്‌ഫോടനസമയത്ത് ഏകദേശം 100 പേരെങ്കിലും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സ്‌ഫോടനത്തിൽ പ്ലാറ്റ്‌ഫോമിന്റെ മേൽക്കൂര പൂർണമായും തകർന്നു. ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കാൻ പാകിസ്താൻ ഭരണകൂടം റെയിൽവേയോട് ആവശ്യപ്പെട്ടു.