നവംബർ ഒന്നിന് ശേഷം ഇസ്രായേലിൽനിന്ന് ഒഴിപ്പിച്ചത് 2,53,000 പേരെ
|കുടിയേറ്റ മേഖലകൾ ആളൊഴിഞ്ഞ് പ്രേത നഗരങ്ങളായി മാറി
തെൽഅവീവ്: വടക്ക്, തെക്കൻ ഇസ്രായേലിലെ ജനവാസ കേന്ദ്രങ്ങളിൽനിന്ന് 2023 നവംബർ ഒന്ന് മുതൽ ഏകദേശം 2,53,000 ഇസ്രയേലികളെ ആഭ്യന്തരമായി ഒഴിപ്പിച്ചതായി റിപ്പോർട്ട്. ഇസ്രായേലിലെ നാഷനൽ എമർജൻസി മാനേജ്മെന്റ് ഏജൻസിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
94,000 പേരെ ഒഴിപ്പിക്കുകയോ മറ്റു കുടിയേറ്റ മേഖലകളിലേക്ക് മാറ്റുകയോ ചെയ്തു. 88,000 പേരെ ഹോട്ടലുകളിലേക്കാണ് മാറ്റിയത്. ഏകദേശം 70,000 കുടിയേറ്റക്കാർ സ്വയം ഒഴിഞ്ഞുപോവുകയായിരുന്നു.
1948ന് ശേഷം ഇസ്രായേലിലുള്ള ഏറ്റവും വലിയ ഒഴിപ്പിക്കലാണിത്. ഇത് രാജ്യത്ത് സാമ്പത്തികവും സാമൂഹികവുമായി ആഘാതം സൃഷ്ടിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഹമാസിന് പുറമെ വടക്കൻ മേഖലയിൽ ഹിസ്ബുല്ലയും കനത്ത ആക്രമണമാണ് ഇസ്രായേലിന് നേരെ നടത്തുന്നത്. അധിനിവേശ ഗോലാൻ കുന്നുകളിലെ കുടിയേറ്റ മേഖലകൾ ആളൊഴിഞ്ഞ് പ്രേതഗനരങ്ങളായി മാറിയിട്ടുണ്ട്.
കഴിഞ്ഞദിവസം ഷോമേര, ശ്ലോമി എന്നിവിടങ്ങളിലെ സെറ്റിൽമെന്റിൽ ഇസ്രായേൽ അധിനിവേശ സൈനികർ ഉപയോഗിച്ചിരുന്നു കെട്ടിടം ഹിസ്ബുല്ല ആക്രമിച്ചിരുന്നു. തിങ്കളാഴ്ച ഏഴ് ദൗത്യങ്ങളാണ് ഇസ്രായലിന് നേരെ ലെബനാൻ അതിർത്തിയിലുണ്ടായത്.