ശൈഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ വൻ പ്രതിഷേധം; 26 പേർ കൊല്ലപ്പെട്ടു
|ഇന്ത്യൻ പൗരൻമാരും വിദ്യാർഥികളും ജാഗ്രത പുലർത്തണമെന്നും അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
ധാക്ക: പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ വീണ്ടും പ്രതിഷേധം. നിരവധി പേർക്ക് സംഘർഷത്തിൽ പരിക്കേൽക്കുകയും ചെയ്തു. രാജ്യത്തിന്റെ എല്ലാ ഭാഗത്തും സംഘർഷം വൻതോതിൽ പടർന്നിട്ടുണ്ട്. പ്രതിഷേധക്കാരും അവാമി ലീഗ് പ്രവർത്തകരും തമ്മിൽ തെരുവിൽ ഏറ്റുമുട്ടുകയാണ്.
മുൻഷിഗഞ്ചിൽ രണ്ടുപേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രംഗ്പൂരിൽ നാല് അവാമി ലീഗ് പ്രവർത്തകർ കൊല്ലപ്പെട്ടു. 100ൽ കൂടുതൽ പേർക്ക് പരിക്കുണ്ട്. പബ്നയിൽ മുന്നു വിദ്യാർഥികൾ വെടിയേറ്റു മരിച്ചു. 50പേർക്ക് പരിക്കേറ്റിട്ടുണ്ട്. സാഹിദ് ഇസ്ലാം (19), മഹ്ബൂബുൽ ഹുസൈൻ (16), ഫഹിം (17) എന്നിവരാണ് കൊല്ലപ്പെട്ടത്.
സിറാജ്ഗഞ്ച്, ബോഗ്ര, മഗുര, കൊമില്ല, ധാക്ക എന്നിവിടങ്ങളിലെല്ലാം ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബംഗ്ലാദേശ് വിമോചന പോരാട്ടത്തിൽ പങ്കെടുത്തവരുടെ മക്കൾക്ക് സംവരണം ഏർപ്പെടുത്തിയതിനെതിരെ തുടങ്ങിയ പ്രതിഷേധമാണ് പുതിയ തലത്തിലേക്ക് പടർന്നിരിക്കുന്നത്. പൊലീസ് വാഹനങ്ങളും സർക്കാർ കെട്ടിടങ്ങളും തീയിട്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.