ശ്രീലങ്കയിൽ വൈദ്യുതി നിരക്കിൽ 264 ശതമാനം വർധനവ്; ഒമ്പത് വർഷത്തിലാദ്യം
|51 ബില്യൺ ഡോളറാണ് ശ്രീലങ്കയുടെ വിദേശ കടം. ദീർഘനേരം നീണ്ടു നിൽക്കുന്ന പവർകട്ട് രാജ്യത്തെ ജനങ്ങൾ നേരിടുന്നുണ്ട്. തെർമൽ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ഇന്ധനം വാങ്ങാൻ കഴിയാത്തതാണ് പവർകട്ടിന് ഇടയാക്കുന്നത്
കൊളംബോ: സാമ്പത്തിക പ്രതിസന്ധി മൂലം വൈദ്യുതി ലഭ്യത കുറഞ്ഞ ശ്രീലങ്കയിൽ ഒമ്പത് വർഷത്തിലാദ്യമായി വൈദ്യുതി നിരക്ക് വർധന. 30 യൂണിറ്റിന് താഴെയുള്ള വൈദ്യുത ഉപഭോഗത്തിനുള്ള നിരക്കിൽ 264 ശതമാനം വർധനയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തീരുമാനം ആഗസ്റ്റ് പത്ത് മുതൽ നിലവിൽ വരും. ഇത് സംബന്ധിച്ചുള്ള സിലോൺ ഇലക്ട്രിസിറ്റി ബോർഡിന്റെ നിർദേശത്തിന് ദി പബ്ലിക് യൂട്ടിലിറ്റി കമ്മീഷൻ ഓഫ് ശ്രീലങ്ക (പി.യു.സി.എസ്.എൽ) അംഗീകാരം നൽകി.
നഷ്ടത്തിലോടുന്ന സിലോൺ ഇലക്ട്രിസിറ്റി ബോർഡിനെ കരകയറ്റാനാണ് ഒമ്പത് വർഷത്തിലാദ്യമായുള്ള വൻ വർധന ഏർപ്പെടുത്തിയിരിക്കുന്നത്. 616 മില്യൺ ഡോളറാണ് ബോർഡിന്റെ ഇപ്പോഴുള്ള നഷ്ടം. ഇത് നികത്താനായി ആകെ 75 ശതമാനം വർധനവാണ് വൈദ്യുതി നിരക്കിൽ കൊണ്ടുവന്നിരിക്കുന്നത്. വർധനവ് നിലവിൽ വരുന്നതോടെ 30 യൂണിറ്റിന് പരമാവധി 198 ശ്രീലങ്കൻ രൂപയും 30-60 യൂണിറ്റിന് 211 ശതമാനം വർധനവോടെ 599 രൂപയും നൽകേണ്ടിവരും. 60-90 യൂണിറ്റിന് 125 ശതമാനമാണ് വർധനവ്.
2001 മുതൽ രൂപയുടെ മൂല്യത്തകർച്ച ബോർഡിന്റെ ചെലവ് കുത്തനെ വർധിപ്പിച്ചിരുന്നു. ഡീസൽ വില 2013 മുതൽ 350 ശതമാനം വർധിച്ചു, കൽക്കരിയുടെ വില 650 ശതമാനവും വർധിച്ചു, ഫർണൈസ് ഓയിൽ വില 410% വർദ്ധിച്ചു. ഇത്തരം നിരവധി പ്രശ്നങ്ങൾ ഉണ്ടായതോടെ 2022 ജൂണിൽ സി.ഇ.ബി നിരക്ക് വർധിപ്പിക്കാൻ പിയുസിഎല്ലിനെ സമീപിച്ചിരുന്നു. 229 ശതമാനം വർധനവാണ് ബോർഡ് ആവശ്യപ്പെട്ടിരുന്നത്. നിലവിൽ ദീർഘനേരം നീണ്ടു നിൽക്കുന്ന പവർകട്ട് രാജ്യത്തെ ജനങ്ങൾ നേരിടുന്നുണ്ട്. തെർമൽ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ഇന്ധനം വാങ്ങാൻ കഴിയാത്തതാണ് പവർകട്ടിന് ഇടയാക്കുന്നത്.
22 ദശലക്ഷം ജനങ്ങളുള്ള ശ്രീലങ്ക, അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലാണ്. ദശലക്ഷക്കണക്കിന് ആളുകളാണ് ഭക്ഷണവും മരുന്നും ഇന്ധനവും മറ്റ് അവശ്യവസ്തുക്കളും വാങ്ങാൻ പാടുപെടുന്നത്. 51 ബില്യൺ ഡോളറാണ് ശ്രീലങ്കയുടെ വിദേശ കടം. സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള പ്രശ്നങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് ഭരണത്തിലിരുന്ന രജപക്സെ കുടുംബാംഗങ്ങളെല്ലാം രാജിവെച്ചിരുന്നു. പ്രസിഡന്റ് ഗോതബയ രാജപക്സെ, പ്രധാനമന്ത്രി മഹിന്ദ രജപക്സെ, ധനകാര്യമന്ത്രി ബേസിൽ രജപക്സെ എന്നിവരാണ് രാജിവെച്ചിരുന്നത്. നിലവിൽ യുണൈറ്റഡ് നാഷണൽ പാർട്ടി നേതാവ് റനിൽ വിക്രമസിംഗെ പ്രസിഡൻറും എസ്.എൽ.പി.പി നേതാവ് ദിനേശ് ഗുണവർധന പ്രധാനമന്ത്രിയുമാണ്.
264 percent increase in electricity rates in Sri Lanka; First in nine years