റോഡുകളുടെ ശോച്യാവസ്ഥ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെ ഇക്വഡോര്‍ കൗണ്‍സിലര്‍ വെടിയേറ്റു മരിച്ചു
|ബുധനാഴ്ചയാണ് സംഭവം
ക്വിറ്റോ: ഇക്വഡോറിലെ വനിതാ കൗണ്‍സിലര്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. 29കാരിയായ ഡയാന കാർനെറോയാണ് കൊല്ലപ്പെട്ടത്. ഗുയാസ് നരഞ്ജലിലുള്ള റോഡുകളുടെ ശോച്യാവസ്ഥ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെ രണ്ടു പേര്‍ മോട്ടോര്‍ സൈക്കിളിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം.
ഡയാനയുടെ തലക്കാണ് വെടിയേറ്റത്. "രണ്ട് പുരുഷന്മാർ മോട്ടോർ സൈക്കിളിൽ ഡയാനയുടെ അടുത്തേക്ക് വരികയും തല ലക്ഷ്യമാക്കി വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെടുകയായിരുന്നു'' പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ കൗണ്‍സിലറെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഡയാനയുടെ കൊലപാതകം രാജ്യത്തെയാകെ ഞെട്ടിച്ചു.
"ഡയാനയ്ക്ക് 29 വയസ്സായിരുന്നു. ഇതൊരു പേടിസ്വപ്നമാണ്. നിങ്ങൾക്ക് ഈ പ്രായത്തിലുള്ള കുട്ടികളുണ്ടെങ്കില്‍ അവരുടെ മാതാപിതാക്കൾ എന്താണ് അനുഭവിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകും. നാരഞ്ജലിനും ജന്‍മനാടിവും വേണ്ടിയുള്ള ഡയാനയുടെ ജീവിതം അവര്‍ വെട്ടിച്ചുരുക്കി..എന്തൊരു അപമാനം'' മുന്‍പ്രസിഡന്‍റ് റാഫേൽ കൊറിയ പറഞ്ഞു. "ഇത് അവസാനിക്കണം, നമ്മുടെ കൻ്റോണുകൾക്കും പ്രവിശ്യകൾക്കും രാജ്യത്തിനും മികച്ച ദിവസങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്നത് നമ്മുടെ ജീവൻ അപകടത്തിലാക്കുന്നു."ഗ്വായാക്വിൽ ഡെപ്യൂട്ടി മേയർ ബ്ലാങ്ക ലോപ്പസ് എക്സില്‍ കുറിച്ചു. ഡയാന കാർനെറോയുടെ മരണം രാഷ്ട്രീയ അക്രമങ്ങളുടെ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ്.സംഘടിത ക്രൈം ഗ്രൂപ്പുകളുടെ പേരിലുള്ള അക്രമങ്ങൾ വർധിച്ച സാഹചര്യത്തിൽ പ്രസിഡൻ്റ് ഡാനിയൽ നോബോവ കഴിഞ്ഞ മാസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.