ബ്രസീലില്‍ സ്കൂളുകള്‍ക്ക് നേരെ വെടിവെപ്പ്; മൂന്നു പേര് കൊല്ലപ്പെട്ടു: വെടിയുതിര്‍ത്തത് 16കാരന്
|എസ്പിരിറ്റോ സാന്റോ സംസ്ഥാനത്തെ അരാക്രൂസില്‍ സ്ഥിതി ചെയ്യുന്ന ഒരു പൊതു സ്കൂളിലും മറ്റൊരു സ്വകാര്യ സ്കൂളിലുമാണ് വെടിവെപ്പ് നടന്നത്
അരാക്രൂസ്: തെക്കുകിഴക്കന്‍ ബ്രസീലിലെ രണ്ട് സ്കൂളുകള്‍ക്ക് നേരെ വെടിവെപ്പ്. മൂന്നു പേര് കൊലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 16 കാരനായ അക്രമിയാണ് സ്കൂളുകളില്‍ അതിക്രമിച്ചു കയറി വെടിയുതിര്‍ത്തതെന്ന് അധികൃതര്‍ പറഞ്ഞു. ഇയാളെ പിടികൂടിയിട്ടുണ്ട്.
എസ്പിരിറ്റോ സാന്റോ സംസ്ഥാനത്തെ അരാക്രൂസില്‍ സ്ഥിതി ചെയ്യുന്ന ഒരു പൊതു സ്കൂളിലും മറ്റൊരു സ്വകാര്യ സ്കൂളിലുമാണ് വെടിവെപ്പ് നടന്നത്. വെള്ളിയാഴ്ച രാവിലെയോടെ സ്കൂളില്‍ അതിക്രമിച്ചു കയറിയ അക്രമി അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെടുകയും 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ സമീപമുള്ള മറ്റൊരു സ്കൂളില്‍ എത്തി, സമാന രീതിയില്‍ ആക്രമണം നടത്തി. കൗമാരക്കാരിയായ പെണ്‍കുട്ടിയെ കൊല്ലുകയും മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമി പൊലീസുകാരന്റെ മകനാണെന്നും രണ്ട് കൈത്തോക്കുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും പൊലീസ് പറഞ്ഞു. രണ്ടു തോക്കുകളും പിതാവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണ്. ഒന്ന് സര്‍വീസ് തോക്കും രണ്ടാമത്തേത് സ്വകാര്യ ആവശ്യത്തിനുള്ളതുമായിരുന്നു.
സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായി ഗവർണർ റെനാറ്റോ കാസഗ്രാൻഡെ പറഞ്ഞു.'' പ്രതി ജൂൺ വരെ പൊതു സ്കൂളിലെ വിദ്യാർഥിയായിരുന്നു, 16 വയസുണ്ട് അവന്. അവന്റെ കുടുംബം കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റി. അവന് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്'' ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും അവര്‍ക്കു വേണ്ടി പ്രാര്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
At least three people including an adolescent girl were killed and 11 others wounded when a 16-year-old shooter opened fire on two schools in southeastern Brazil, officials said https://t.co/UqRKMbKXLM pic.twitter.com/4YbQH17SOH
— AFP News Agency (@AFP) November 26, 2022
വളരെ ആസൂത്രിതമായിട്ടാണ് കുട്ടി ആക്രമണം നടത്തിയതെന്ന് ഗവര്‍ണര്‍ പറഞ്ഞു. പൂട്ടിയ വാതില്‍ പൊളിച്ച് അകത്തു കടന്ന പ്രതി സ്കൂളിന്റെ സുരക്ഷാ ഗാർഡിനെ ആക്രമിച്ചു. തുടര്‍ന്ന് അധ്യാപകരുടെ വിശ്രമമുറിയില്‍ കയറിയ ശേഷം വെടിവയ്ക്കുകയായിരുന്നു. വെടിവയ്ക്കാനായി അവന് ആളുകളെ തെരഞ്ഞുകൊണ്ടിരുന്നു. ആദ്യം കണ്ണില്‍ പെട്ട ആളുകളെയെല്ലാം പ്രതി വെടിവച്ചുവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. രണ്ടു വര്‍ഷമായി പ്രതി ആക്രമണം ആസൂത്രണം ചെയ്തിരുന്നുവെന്നും ഒരു നിശ്ചിത ലക്ഷ്യം അക്രമിക്ക് ഉണ്ടെന്ന് തോന്നുന്നില്ലെന്നും സിവിൽ പൊലീസ് കമ്മീഷണർ ജോവോ ഫ്രാൻസിസ്കോ ഫിൽഹോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം ബ്രസീലില്‍ സ്കൂളുകളില്‍ വെടിവെപ്പ് സമീപകാലങ്ങളിലായി വര്‍ധിച്ചുവരികയാണ്. 2011ലുണ്ടായ വെടിവെപ്പില്‍ 12 കുട്ടികള്‍ മരിച്ചിരുന്നു. 2019 ൽ, സാവോ പോളോയ്ക്ക് പുറത്തുള്ള സുസാനോയിലെ ഒരു ഹൈസ്കൂളിൽ രണ്ട് പൂര്‍വ വിദ്യാർഥികൾ എട്ടു പേരെ വെടിവച്ചു കൊന്ന ശേഷം സ്വയം ജീവനൊടുക്കിയിരുന്നു.