നിലവിളിക്കുന്ന സ്ത്രീയുടെ ശബ്ദം, പാഞ്ഞെത്തി 3 പൊലീസ് കാർ ; 'വിളിച്ചത് ഞാനാ കേട്ടോ' എന്ന് തത്ത
|54കാരനായ വുഡ്ഡിന് ഫ്രെഡ്ഡിയുൾപ്പടെ 22 തത്തകളാണ് വീട്ടിലുള്ളത്
സഹായത്തിന് അപേക്ഷിച്ച് സ്ത്രീ നിലവിളിക്കുന്ന ശബ്ദം കേട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ യുകെയിലെ ഒരു വീട്ടിലേക്ക് പാഞ്ഞെത്തിയതാണ് മൂന്ന് കാർ നിറയെ പൊലീസ്. പക്ഷേ നിലവിളിച്ചത് സ്ത്രീയായിരുന്നില്ലെന്ന് അവിടെയെത്തിയപ്പോഴാണ് അവർക്ക് മനസ്സിലായത്. സ്ത്രീയുടേതെന്ന് തോന്നിപ്പിക്കുന്ന ആ ശബ്ദത്തിനുടമ ഒരു തത്തയായിരുന്നു. എസെക്‌സിൽ താമസമാക്കിയ സ്റ്റീവ് വുഡിന്റെ ആമസോൺ പാരറ്റ് ഫ്രെഡ്ഡി.
54കാരനായ വുഡ്ഡിന് ഫ്രെഡ്ഡിയുൾപ്പടെ 22 തത്തകളാണ് വീട്ടിലുള്ളത്. അപ്രതീക്ഷിതമായ ഒരു ദിവസം വീട്ടുമുറ്റത്ത് പൊലീസ് വണ്ടികൾ നിറഞ്ഞത് കണ്ട് അമ്പരപ്പോടെയാണ് വുഡ് വാതിൽ തുറന്നത്. പൊലീസ് കാര്യങ്ങൾ വിശദീകരിക്കുമ്പോഴേ ഫ്രെഡ്ഡി ആണ് ശബ്ദത്തിന് പിന്നിലെന്ന് മനസ്സിലാക്കിയ വുഡ് പൊലീസുകാരെ ഫ്രെഡ്ഡിക്കടുത്തേക്ക് കൊണ്ടു പോയി കാര്യങ്ങൾ മനസ്സിലാക്കി കൊടുത്തു.
ഈ സമയമത്രയും താനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ കൂസലില്ലാതെ ഇരിക്കുകയായിരുന്നു ഫ്രെഡ്ഡി. ഇടയ്ക്കിടെ ഫ്രെഡ്ഡി ഇങ്ങനെ ഒച്ചയുണ്ടാക്കുമെന്നും അവൻ വലിയ കുസൃതിയാണെന്നുമൊക്കെയാണ് വുഡ് പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥർക്ക് തത്തയെ പരിചയപ്പെടുത്തുന്നതിന്റെയും അവർ തത്തയോട് സംസാരിക്കുന്നതിന്റെയുമൊക്കെ ദൃശ്യങ്ങൾ വുഡ് പകർത്തിയിട്ടുണ്ട്. രണ്ട് ആമസോൺ തത്തകൾ, എട്ട് ഇന്ത്യൻ റിംഗ്നെക്കുകൾ പച്ച നിറമുള്ള മക്കാവ്, നീല-സ്വർണ മക്കാവ്, ഹാൻസ് മക്കാവ്, ബഡ്ജികൾ എന്നിവയാണ് വുഡിന്റെ വീട്ടിലെ മറ്റ് അന്തേവാസികൾ.
നിലവിളിക്കുന്ന സ്ത്രീയുടെ ശബ്ദം കേട്ടെന്ന് അയൽവാസി പറഞ്ഞപ്പോൾ ഇത്രയധികം സംഭവവികാസങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് സംഭവത്തോട് വുഡ് പ്രതികരിച്ചത്.