ഇറ്റലിയിലെ ഫാമുകളിൽ അടിമപ്പണി; 33 ഇന്ത്യക്കാരെ മോചിപ്പിച്ചു
|ദിവസവും 10-12 മണിക്കൂർ വീതമായിരുന്നു പണി. മണിക്കൂറിന് നാല് യൂറോ മാത്രമായിരുന്നു കൂലി വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, ഇത് നൽകിയിരുന്നില്ല.
റോം: ഇറ്റലിയിലെ നോർത്തേൺ വെറോണ പ്രവിശ്യയിലെ ഫാമുകളിൽ അടിമപ്പണി ചെയ്തിരുന്ന 33 ഇന്ത്യക്കാരെ ഇറ്റാലിയൻ പൊലീസ് മോചിപ്പിച്ചു. തൊഴിലാളികളെ ദുരുപയോഗം ചെയ്തുവന്നിരുന്ന രണ്ട് പേരെ പിടികൂടിയ പൊലീസ്, ഇവരിൽ നിന്ന് 5,45,300 യൂറോ (4,55,43,101 ഇന്ത്യൻ രൂപ) പിടിച്ചെടുക്കുകയും ചെയ്തു. ഇറ്റലിയിൽ തൊഴിൽ ചൂഷണം വർധിച്ചുവരുന്നതിനിടെയാണ് സംഭവം.
ഇന്ത്യൻ വംശജരായ ആളുകളാണ് ഇവരെ സീസണൽ വർക്ക് പെർമിറ്റിൽ ഇറ്റലിയിലേക്ക് കൊണ്ടുവന്നതെന്നും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾക്കായി 17,000 യൂറോ വീതം ആവശ്യപ്പെടുകയും ചെയ്തതെന്നും പൊലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
തുടർന്ന് ഇവരെ ഫാമുകളിൽ ജോലി ചെയ്യിച്ചു. ദിവസവും 10-12 മണിക്കൂർ വീതമായിരുന്നു പണി. മണിക്കൂറിന് നാല് യൂറോ മാത്രമായിരുന്നു കൂലി വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, ഇത് നൽകിയിരുന്നില്ല. അഡ്വാൻസായി ആവശ്യപ്പെട്ട പണത്തിന്റെ കണക്കു തീരുന്നതുവരെ കൂലിയില്ലെന്ന് പറഞ്ഞായിരുന്നു അടിമകളെ പോലെ പണിയെടുപ്പിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
ഒരിക്കലും ലഭിക്കാത്ത സ്ഥിരം വർക്ക് പെർമിറ്റിനായി 13,000 യൂറോ അധികമായി നൽകണമെന്നും ഇതിനായി കൂലിയില്ലാതെ ജോലി തുടരാൻ പ്രതികൾ തൊഴിലാളികളോട് ആവശ്യപ്പെട്ടതായും ഇറ്റലി പൊലീസിൻ്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. അടിമപ്പണി, തൊഴിൽ ചൂഷണം എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, മോചിതരായ ഇരകൾക്ക് സംരക്ഷണം, തൊഴിലവസരങ്ങൾ, നിയമപരമായ താമസരേഖകൾ എന്നിവ ഉറപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു.