World
Robert DuBoise
World

ചെയ്യാത്ത കുറ്റത്തിന് 37 വർഷം ജയിലിൽ; 14 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ വിധി

Web Desk
|
18 Feb 2024 4:56 AM GMT

2020 ആഗസ്റ്റിലാണ് ഫ്ലോറിഡ ജയിലിൽനിന്ന് ഡുബോയിസ് മോചിതനാകുന്നത്

അമേരിക്കയിൽ ചെയ്യാത്ത കുറ്റത്തിന് 37 വർഷം ജയിലിൽ കഴിഞ്ഞതിന് 14 മില്യൺ ഡോളർ (ഏകദേശം 116 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ വിധി. ​ഫോറിഡയിൽനിന്നുള്ള റോബർട്ട് ഡുബോയിസിനാണ് ടാമ്പ സിറ്റി കൗൺസിൽ അധികൃതർ നഷ്ടപ്പെട്ട വർഷങ്ങൾക്ക് പരിഹാരമായി തുക നൽകേണ്ടത്.

19കാരിയെ ബലാത്സംഗം ചെയ്ത് കൊന്നെന്ന കേസിൽ 1983ലാണ് ഇദ്ദേഹം അറസ്റ്റിലാകുന്നത്. കുറ്റകൃത്യം നടക്കുമ്പോൾ 18 വയസ്സായിരുന്നു റോബർട്ട് ഡുബോയിസിന്. ആദ്യം വധശിക്ഷയാണ് വിധിച്ചിരുന്നത്. എന്നാൽ, ഇന്നസെൻസ് പ്രൊജക്‌റ്റ് ഓർഗനൈസേഷന്റെ സഹായത്തോടെ 2018-ൽ ഇദ്ദേഹത്തിന്റെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. പിന്നീട് ഡി.എൻ.എ പരിശോധനയിൽ മറ്റു രണ്ടുപേരാണ് പ്രതികളെന്ന് മനസ്സിലായി. തുടർന്ന് 2020ൽ ഡുബോയിസ് ജയിൽ മോചിതനായി.

താമസിയാതെ, കേസ് അന്വേഷിച്ച ​പൊലീസ് ഉദ്യോഗസ്ഥർ, ടാമ്പ സിറ്റി അധികൃതർ, ഫോറൻസിക് ദന്ത ഡോക്ടർ എന്നിവർക്കെതിരെ ഡുബോയിസ് നിയമനടപടി ആരംഭിച്ചു. ഇരയുടെ കടിയേറ്റ അടയാളവുമായി അദ്ദേഹത്തിന്റെ പല്ലിന്റെ ഇംപ്രഷനുകൾ പൊരുത്തപ്പെടുന്നുവെന്ന് സാക്ഷ്യപ്പെടുത്തിയത് ഫോറൻസിക് ദന്തഡോക്ടറായിരുന്നു.

ചിക്കാഗോ ആസ്ഥാനമായുള്ള പൗരാവകാശ നിയമ സ്ഥാപനമായ ലോവി ആൻഡ് ലോവിയാണ് കേസിൽ ഇദ്ദേഹത്തെ സഹായിച്ചത്. ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നവരെ സഹായിക്കുന്ന സ്ഥാപനമാണിത്.

ഈ തുക ഡുബോയ്‌സ് അനുഭവിച്ച ദുരിതത്തിനുള്ള നഷ്ടപരിഹാരം മാത്രമല്ല, അദ്ദേഹത്തിന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള അവസരം കൂടിയാണെന്ന് ലോവി ആൻഡ് ലോവി പ്രസ്താവനയിൽ പറഞ്ഞു. ഡുബോയ്‌സിനും അദ്ദേഹത്തിന്റെ നിയമ സ്ഥാപനത്തിനും ഈ വർഷം 9 മില്യൺ ഡോളറും അടുത്ത വർഷം 3 മില്യൺ ഡോളറും 2026ൽ 2 മില്യൺ ഡോളറും ലഭിക്കും.

ഡുബോയിസ് കേസിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥർക്ക് മെച്ചപ്പെട്ട പരിശീലനം ലഭിച്ചിട്ടുണ്ടെന്നും സാങ്കേതിക പുരോഗതി അത്തരം അന്വേഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനെ ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ടാമ്പ ​​പൊലീസ് ചീഫ് ലീ ബെർകാവ് വ്യക്തമാക്കി. ഈ കേസ് ഡുബോയ്‌സിൽ സൃഷ്ടിച്ച അഗാധവും ശാശ്വതവുമായ പ്രത്യാഘാതങ്ങൾ തങ്ങൾ തിരിച്ചറിയുന്നതായും ബെർകാവ് പറഞ്ഞു.

1983 ആഗസ്റ്റിൽ, ടാമ്പ റസ്റ്റോറന്റിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് യുവതി ലൈംഗികമായി ആക്രമിക്കപ്പെടുന്നത്. യുവതിയുടെ കവിളിൽ കടിയേറ്റ അടയാളമുണ്ടായിരുന്നു. തുടർന്ന് ഡുബോയ്‌സ് ഉൾപ്പെടെ നിരവധി വ്യക്തികളിൽനിന്ന് പല്ലിന്റെ സാമ്പിളുകൾ ഉദ്യോഗസ്ഥർ ശേഖരിച്ചു. തേനീച്ച മെഴുക് ഉപയോഗിച്ചാണ് സാമ്പിൾ എടുത്തത്. തുടർന്ന് ഫോറൻസിക് ദന്ത ഡോക്ടർ ഇത് ഡുബോയിസിന്റേതാണെന്ന് ഉറപ്പിക്കുകയായിരുന്നു.

കൊലപ്പെട്ട യുവതിയുമായി ഡുബേയ്സിന് യാതൊരു പരിചയവുമില്ലായിരുന്നു. എന്നാൽ, ഇദ്ദേഹം സംഭവസ്ഥലത്ത് പലപ്പോഴും ഉണ്ടാകാറുണ്ട്. ഇതും ഇയാളെ പ്രതിയാക്കാൻ കാരണമായി.

പതിറ്റാണ്ടുകൾക്ക് ശേഷം, ഡി.എൻ.എ പരിശോധനയിൽ ആമോസ് റോബിൻസൺ അബ്രോൺ സ്കോട്ട് എന്നിവരാണ് യഥാർഥ പ്രതികളെന്ന് തിരിച്ചറിഞ്ഞു. ഇരുവരും മറ്റൊരു കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.

2020 ആഗസ്റ്റിലാണ് ഫ്ലോറിഡ ജയിലിൽനിന്ന് ഡുബോയിസ് മോചിതനാകുന്നത്. താൻ എല്ലാ ദിവസവും ദൈവത്തോട് പ്രാർത്ഥിക്കുകയും നല്ലത് പ്രതീക്ഷിക്കുകയും ചെയ്തിരുന്നു’ -മോചനശേഷം ഡുബോയിസ് പറഞ്ഞ വാക്കുകളാണിത്.

പിന്നീട് നടന്ന കോടതി ഹിയറിംഗിൽ, ജുഡീഷ്യൽ സംവിധാനത്തെ വിശ്വസിക്കാൻ തനിക്ക് ബുദ്ധിമുട്ടാണെന്ന് ഡുബോയിസ് പറഞ്ഞിരുന്നു. തന്റെ ജീവിതത്തിൽ ഒരുപാട് വിഷമങ്ങളാണ് നേരിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

നഷ്ടപരിഹാരം വിധിച്ചുള്ള ഉത്തരവ് വന്നതോടെ കോടതിക്ക് അദ്ദേഹം നന്ദി പറഞ്ഞു. ‘നീതി നടപ്പാക്കിയെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ഓഫിസുകളിൽ ഇപ്പോൾ യഥാർത്ഥ ഹൃദയമുള്ള ആളുകളുണ്ട്. നിങ്ങളോടെല്ലാം നന്ദിയുണ്ട്’-ഡുബോയിസ് വ്യക്തമാക്കി.

Similar Posts