ഒരു മിനിറ്റിനുള്ളിൽ 'വേദനയില്ലാ' മരണം; ആത്മഹത്യാ മെഷീന് നിയമസാധുത നൽകി സ്വിറ്റ്‌സർലാൻഡ്
|ദയാവധത്തിന് നിയമപ്രകാരം അനുമതിയുള്ള രാഷ്ട്രമാണ് സ്വിറ്റ്‌സർലാൻഡ്
ബേൺ: സാക്രോ എന്ന പേരിലുള്ള ആത്മഹത്യാ മെഷീന് അനുമതി നൽകി സ്വിറ്റ്‌സർലാൻഡ്. ഉപകരണത്തിന് അകത്തുവച്ച് ഒരു മിനിറ്റിനുള്ളിൽ 'വേദനയില്ലാ മരണം' സംഭവിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ശരീരത്തിൽ ഓക്‌സിജന്റെയും കാർബൺ ഡയോക്‌സൈഡിന്റെയും അളവ് കുറഞ്ഞാകും മരണം. യന്ത്രത്തിന് അകത്തു കയറിയാൽ ശരീരം തളർന്നവർക്കു പോലും ഇതു പ്രവർത്തിപ്പിക്കാനാകുമെന്ന് യുകെ മാധ്യമമായ ഇൻഡിപെന്റൻഡ് റിപ്പോർട്ടു ചെയ്യുന്നു. കണ്ണിമ ഉപയോഗിച്ചു യന്ത്രം പ്രവർത്തിപ്പിക്കാം എന്നാണ് നിർമാതാക്കളുടെ അവകാശവാദം.
മെഷിൻ ഉപഭോക്താവിന്റെ ഇഷ്ടത്തിന് അനുസരിച്ച് എവിടെയും വയ്ക്കാം. മരണം സംഭവിച്ചു കഴിഞ്ഞാൽ ശവപ്പെട്ടിയായും ഉപയോഗിക്കാനാകും. സന്നദ്ധ സംഘടനയായ എക്‌സിറ്റ് ഇന്റർനാഷണൽ ഡയറക്ടർ ഡോ ഫിലിപ്പ് നിഷ്‌കെയാണ് യന്ത്രം വികസിപ്പിച്ചത്. ഡോ. ഡെത്ത് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ശരീരത്തിലെ ഓക്‌സിജന്റെ അളവു കുറയ്ക്കാനായി നൈട്രജനാണ് ഉപയോഗിക്കുന്നത്. പരിഭ്രാന്ത്രി വേണ്ടെന്നും ശ്വാസം മുട്ടിയല്ല രോഗി മരിക്കുന്നതെന്നും നിഷ്‌കെ പറയുന്നു.
ദയാവധത്തിന് നിയമപ്രകാരം അനുമതിയുള്ള രാഷ്ട്രമാണ് സ്വിറ്റ്‌സർലാൻഡ്. കഴിഞ്ഞ വർഷം ഏകദേശം 1300 പേരാണ് രാജ്യത്ത് ഇത്തരത്തിൽ മരണം സ്വീകരിച്ചിരുന്നത്. മരണത്തിൽ സഹായിക്കുന്നതിനായി രാജ്യത്ത് സംഘടനകളും നിലവിലുണ്ട്. ദീർഘകാലമായ കോമയിൽ കിടക്കുന്ന രോഗികളെ മരുന്നു കുത്തിവച്ചാണ് സംഘടനകൾ മരണത്തിലേക്ക് നയിക്കുന്നത്.
അതേസമയം, ഉപകരണത്തിനെതിരെ വ്യാപക വിമർശമവുമുണ്ട്. ഇത് ഗ്യാസ് ചേംബറാണ് എന്നും ആത്മഹത്യയെ മഹത്വവൽക്കരിക്കുകയാണ് എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഏതായാലും അനുമതി കിട്ടിയതോടെ അടുത്ത വർഷം മുതൽ സാക്രോ മെഷിൻ ഉപയോഗിക്കാനിരിക്കുയാണ് സംഘടന.