ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ; 40 പേർ കൊല്ലപ്പെട്ടു
|ലെബനാനു നേരെ യുദ്ധത്തിനിറങ്ങിയാൽ ഇസ്രായേലിനെ വെറുതെവിടില്ലെന്ന് ഇറാൻ
ദുബൈ: റഫ ഉൾപ്പെടെ ഗസ്സയിലെങ്ങും ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ. ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്നലെ മാത്രം 40 ഫലസ്തീനികൾ കൊല്ലപ്പെടുകയും 250ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഭയാർഥികളുടെ താൽക്കാലിക താമസ കേന്ദ്രങ്ങൾക്കും പ്രദേശത്തെ ജലവിതരണ സംവിധാനങ്ങൾക്കും നേരെ ആസൂത്രിത ആക്രമണമാണ് ഇസ്രായേൽ തുടരുന്നത്.
ഗസ്സയിലെ ബുറൈജ് അഭയാർഥി ക്യാമ്പിനുനേരെ ഇന്നലെയും വ്യാപക വ്യോമാക്രമണമുണ്ടായി. ശത്രുവിനു നേരെ ശക്തമായ പ്രതിരോധം തുടരുന്നതായി ഹമാസ് സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്സ് അറിയിച്ചു. സൈനിക വാഹനങ്ങൾക്കും സൈന്യം തമ്പടിച്ച കെട്ടിടങ്ങൾക്കും നേരെ ബോംബാക്രമണം ഉണ്ടായി. ഒരു ഓഫീസർ ഉൾപ്പെടെ രണ്ട് സൈനികരുടെ മരണം ഇസ്രായേൽ സ്ഥിരീകരിച്ചു.
പരിക്കേറ്റ സൈനികരെ ഹെലികോപ്ടർ വഴി മാറ്റുകയായിരുന്നു. ഒരേസമയം കരമാർഗവും വ്യോമമാർഗവും ആക്രമണം നടത്തുന്നതായി ഇസ്രായേൽ സൈനിക വക്താവ് പറഞ്ഞു.
ഗസ്സയിൽനിന്ന് കൂട്ടപ്പലായനവും തുടരുകയാണ്. ഒരാഴ്ചക്കിടെ, ശുജാഇയയിൽനിന്നു മാത്രം മുക്കാൽ ലക്ഷം പേർ കുടിയൊഴിയാൻ നിർബന്ധിതരായെന്ന് യു.എൻ അറിയിച്ചു.
വെടിനിർത്തൽ കരാറിന് വിലങ്ങുതടിയായി നിൽക്കുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ഇസ്രായേൽ നഗരങ്ങളിൽ പ്രക്ഷോഭം ശക്തമാണ്. ജറൂസലം, തെൽ അവീവ്, ഹൈഫ എന്നിവിടങ്ങളിലെ റാലികളിൽ ആയിരങ്ങൾ പങ്കെടുത്തു. നെതന്യാഹുവിന്റെ ഉത്തരവ് അംഗീകരിക്കരുതെന്ന് സൈനിക വിഭാഗങ്ങളോട് ബന്ദികളുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
വെടിനിർത്തൽ കരാർ ചർച്ചകളിൽ ഒരു പുരോഗതിയും ഇല്ലെന്ന് ഹമാസ് കുറ്റപ്പെടുത്തി. സമഗ്ര വെടിനിർത്തലും സൈനിക പിൻമാറ്റവും ഉണ്ടായാൽ കരാറിന് തയാറാണെന്നും ഹമാസ് നേതാവ് ഒസാമ ഹംദാൻ പറഞ്ഞു.
ലബനാൻ അതിർത്തിയിലും സംഘർഷം തുടരുകയാണ്. മെതുല്ല, അപ്പർ ഗലിലീ എന്നിവിടങ്ങളിലെ ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്കു നേരെ ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണം നടന്നു. അതിർത്തി മേഖലയിൽനിന്ന് മാറ്റിപ്പാർപ്പിച്ചവരെ തിരികെ എത്തിക്കാനുതകുന്ന നിർണായക തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻറ് പറഞ്ഞു. ഒന്നുകിൽ കരാർ അതല്ലെങ്കിൽ യുദ്ധം മാത്രമാണ് പരിഹാരമെന്നും മന്ത്രി പ്രതികരിച്ചു. ലെബനാനു നേരെ യുദ്ധത്തിനിറങ്ങിയാൽ ഇസ്രായേലിനെ വെറുതെ വിടില്ലെന്ന് യു.എന്നിലെ ഇറാൻ പ്രതിനിധി ഓർമിപ്പിച്ചു.
അതിനിടെ, വെസ്റ്റ് ബാങ്കിൽ പുതുതായി അഞ്ച് അനധികൃത കുടിയേറ്റ ഭവന പദ്ധതികൾക്ക് കൂടി അനുമതി നൽകുമെന്ന ധനമന്ത്രി സ്മോട്രികിന്റെ പ്രസ്താവനയെ യൂറോപ്യൻ യൂനിയനും യു.എന്നും അപലപിച്ചു. ഫലസ്തീൻ അതോറിറ്റിയെ ദുർബലപ്പെടുത്താനുള്ള നീക്കം ദോഷം ചെയ്യുമെന്നും ഇസ്രായേലിന് യൂറോപ്യൻ യൂനിയന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കി.