മോസ്കോയില്‍ ഭീകരാക്രമണം; 60 പേര് കൊല്ലപ്പെട്ടു
|ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ്.ഐ.എസ് ഏറ്റെടുത്തു
മോസ്കോ: മോസ്കോയില്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് 60 പേര് കൊല്ലപ്പെട്ടു. 100 റിലധികം പേര്‍ക്ക് പരിക്കേറ്റതായും റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിനെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്രോക്കസ് സിറ്റി ഹാളിലെ സംഗീത നിശക്കിടെയാണ് ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ്.ഐ.എസ് ഏറ്റെടുത്തു.
സംഗീക നിശക്കിടെ അഞ്ച് തോക്കുധാരികള്‍ ഹാളിലേക്ക് കടന്നു വരികയും വെടിയുതിര്‍ത്തുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് സ്ഫോടനവും തീ പിടുത്തവും ഉണ്ടായതായി റോയ്ട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ശേഷം ഹാളിലുണ്ടായിരുന്ന ആളുകളെ ഒഴിപ്പിക്കുകയായിരുന്നു. എന്നാല്‍ തീ പിടുത്തത്തില്‍ ആളുകള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
ആക്രമണത്തെ തുടര്‍ന്ന് ആളുകള്‍ ഓടുന്നതും മറഞ്ഞിരിക്കുന്നതുമായ വീഡിയോ റഷ്യന്‍ മാധ്യമങ്ങള്‍ വിട്ടു.ആളുകളെ ഒഴിപ്പിക്കാന്‍ വലിയ പൊലീസ് സേനയാണ് സ്ഥലത്തെത്തിയത്. പരിക്കു പറ്റിയവരെ ആശുപത്രിയില്‍ എത്തിക്കാന്‍ 50 ആംബുലന്‍സുകളും എത്തിയിരുന്നു.
മോസ്കോ ഗവര്‍ണ്ണര്‍ ആന്ദ്രേ വോറോബിയോവ് സംഭവസ്ഥലത്തെത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പ്രതികളെ പിടിക്കാന്‍ പ്രത്യേക സേന ഓപ്പറേഷന് ആരംഭിച്ചതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ റഷ്യയിലെ യു.എസ് എംബസി ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്ത 48 മണിക്കൂറില്‍ ഒത്തുചേരലുകള്‍ ഒഴിവാക്കാനും യു.എസ് ആളുകളോട് ആവശ്യപ്പെട്ടിരുന്നു.
മോസ്കോയിൽ നടന്ന ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. ഇരകളുടെ കുടുംബങ്ങള്‍ക്ക് പ്രാര്‍ത്ഥനകള്‍ നേരുകയും സംഭവത്തില്‍ റഷ്യന്‍ ഫെഡറേഷനിലെ സര്‍ക്കാരിനോടും ജനങ്ങളോടും ഇന്ത്യ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതായും മോദി അറിയിച്ചു.