മുടി മുറിച്ചും ഹിജാബ് കത്തിച്ചും പ്രതിഷേധം; ആയിരങ്ങൾ തെരുവിൽ, ഇറാനിൽ മരണം 41 ആയി
|പ്രതിഷേധത്തിന് മുന്നിൽ സ്ത്രീകളാണെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
ടെഹ്‌റാൻ: ഹിജാബ് തെറ്റായ രീതിയിൽ ധരിച്ചെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത കുർദിഷ് വനിത മഹ്‌സ അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം രൂക്ഷമാകുന്നു. ആയിരക്കണക്കിന് ആളുകളാണ് തെരുവിൽ പ്രതിഷേധം നടത്തുന്നത്. പ്രതിഷേധത്തിന് മുന്നിൽ സ്ത്രീകളാണെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മുടി പകുതിയായി മുറിച്ചും ഹിജാബ് കത്തിച്ചും ഇറാൻ വനിതകൾ തെരുവിൽ കടുത്ത പ്രതിഷേധമാണ് നടത്തുന്നത്. മഹ്‌സ അമിനിയുടെ ജന്മദേശമായ കുര്‍ദിസ്ഥാനിലെ വടക്കന്‍ പ്രവിശ്യയിൽ ആരംഭിച്ച പ്രതിഷേധം ഇപ്പോൾ രാജ്യവ്യാപകമായിരിക്കുകയാണ്. പ്രതിഷേധം അടിച്ചമർത്താനുള്ള ഭരണകൂട ശ്രമങ്ങളിൽ ഇതുവരെ 41 പേർ കൊല്ലപ്പെട്ടു. 60 സ്ത്രീകൾ ഉൾപ്പടെ 700ഓളം പേർ അറസ്റ്റിലായി.
നൂറുകണക്കിന് മനുഷ്യാവകാശ പ്രവർത്തകരും മാധ്യമപ്രവർത്തകരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. പ്രതിഷേധസമരങ്ങളുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇറാനിലെ വസ്ത്രധാരണ നിബന്ധനയനുസരിച്ച് സ്ത്രീകള്‍ മുടി മറക്കുകയും നീളമുള്ളതും അയഞ്ഞതുമായ വസ്ത്രം ധരിക്കുകയും വേണം. ഇറുകിയ വസ്ത്രങ്ങളോ കീറലുകളുള്ള ജീൻസോ ധരിക്കാൻ അനുമതിയില്ല. ഈ നിബന്ധനകൾ സ്ത്രീകൾ പാലിക്കുന്നുണ്ടോ എന്നറിയാൻ നഗരങ്ങളിൽ എല്ലായ്‌പ്പോഴും സദാചാര പൊലീസിന്റെ നിരീക്ഷണം ഉണ്ടായിരിക്കും.
ഇറുകിയ ട്രൗസര്‍ ധരിക്കുകയും തലമുടി മറയ്ക്കാതിരിക്കുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് മഹ്‌സ അമിനിയെ സദാചാര പൊലീസ് അറസ്റ്റ് ചെയ്തത്. ഇറാന്‍റെ വടക്ക്-പടിഞ്ഞാറൻ കുര്‍ദിഷ് നഗരമായ സാക്കസിൽ നിന്ന് കുടുംബത്തോടൊപ്പം ടെഹ്റാനിൽ എത്തിയതായിരുന്നു 22കാരിയായ മഹ്സ അമിനി. സഹോദരനൊപ്പം നഗരത്തിലൂടെ സഞ്ചരിക്കുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു.
തെരുവിലൂടെ വലിച്ചിഴച്ചാണ് മഹ്‌സയെ പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. തുടര്‍ന്ന് വാനില്‍ വച്ചും ജയിലില്‍ വച്ചും നടത്തിയ ക്രൂരമായ പീഡനങ്ങൾക്ക് മഹ്‌സ ഇരയായെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പിന്നാലെ മഹ്സ മൂന്ന് ദിവസത്തോളം ബോധമില്ലാതെ ആശുപത്രിയില്‍ കിടന്നു. തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയോടെ ഇവര്‍ ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍, മഹ്സ അമിനിക്ക് ഹൃദയസംബന്ധമായ ഒരു പ്രശ്നവും ഇല്ലായിരുന്നെന്നും ഇവര്‍ പൂര്‍ണ്ണ ആരോഗ്യവതിയായിരുന്നെന്നും കുടുംബാംഗങ്ങൾ പറയുന്നു.