ഗസ്സയിൽ ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് 42 മാധ്യമപ്രവർത്തകർ
|കൊല്ലപ്പെട്ടവരില്‍ 37 ഫലസ്തീനി മാധ്യമപ്രവർത്തകരും ഉള്‍പ്പെടും
ഗസ്സ സിറ്റി: കഴിഞ്ഞ ഒരു മാസത്തിനിടെ ഇസ്രായേൽ ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ 42 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്‌സ്(സി.പി.ജെ) ആണ് കണക്ക് പുറത്തുവിട്ടത്. സി.പി.ജെ പ്രവർത്തനമാരംഭിച്ച ശേഷം ഫലസ്തീനിൽ ഒരേസമയം ഇത്രയും മാധ്യമപ്രവർത്തകർ മരിക്കുന്നത് ഇതാദ്യമായാണ്.
ഒക്ടോബർ ഏഴു മുതൽ നവംബർ 13 വരെയുള്ള കണക്കാണ് സി.പി.ജെ പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരിൽ 37 പേരും ഫലസ്തീനികളാണ്. ഇതിനു പുറമെ നാല് ഇസ്രായേലികളും ഒരു ലബനീസ് മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടു. ഇതിനു പുറമെ ഒൻപത് മാധ്യമപ്രവർത്തകർക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മൂന്നുപേരെ കാണാതായതായും 13 പേരെ അറസ്റ്റ് ചെയ്തതായും സി.പി.ജെ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
ഗസ്സയിലെ ആക്രമണം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ വേറെയും ദുരിതങ്ങൾ നേരിടുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. പലരും നേരിട്ടുള്ള ആക്രമണങ്ങൾക്കും ഭീഷണികൾക്കും സൈബർ ആക്രമണത്തിനും ഇരയാകുന്നു. ചിലരുടെ ബന്ധുക്കൾ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഹൃദയം തകർക്കുന്ന യുദ്ധം പുറത്തെത്തിക്കാനായി വലിയ വൻ ത്യാഗമാണ് ഇവിടെ മാധ്യമപ്രവർത്തകർ ചെയ്യുന്നതെന്നും സി.പി.ജെ മിഡിലീസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക പ്രോഗ്രാം കോർഡിനേറ്റർ ഷെരീഫ് മൻസൂർ പറഞ്ഞു.
പ്രത്യേകിച്ചും ഗസ്സയിലുള്ളവർക്ക് ഒരുപാട് വില കൊടുക്കേണ്ടിവന്നിട്ടുണ്ട്. ഇനിയും അതു തുടരും. അഭൂതപൂർവമായ മരണനിരക്കാണ് റിപ്പോർട്ട് ചെയ്യുന്നത്. വലിയ തോതിലുള്ള ഭീഷണിയും നേരിടുന്നുണ്ട്. പലർക്കും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ബന്ധുക്കളെയുമെല്ലാം നഷ്ടപ്പെട്ടെന്നും ഷെരീഫ് മൻസൂർ കൂട്ടിച്ചേർത്തു.
Summary: At least 42 journalists killed since start of Gaza war: Says preliminary investigations by the Committee to Project Journalists (CPJ)