World
ഇന്തോനോഷ്യയില്‍ 54 കാരിയെ പെരുമ്പാമ്പ് ജീവനോടെ വിഴുങ്ങി
World

ഇന്തോനോഷ്യയില്‍ 54 കാരിയെ പെരുമ്പാമ്പ് ജീവനോടെ വിഴുങ്ങി

Web Desk
|
26 Oct 2022 2:46 AM GMT

തോട്ടത്തില്‍ റബ്ബര്‍ ശേഖരിക്കുന്നതിനിടെയാണ് പാമ്പിന്‍റെ വായിലകപ്പെട്ടത്

ജക്കാർത്ത: ഇന്തോനേഷ്യയില്‍ 54കാരിയെ 27 അടി നീളമുള്ള പെരുമ്പാമ്പ് ജീവനോടെ വിഴുങ്ങി. ജഹ്റ എന്ന മുത്തശ്ശിയാണ് മരിച്ചത്. തോട്ടത്തില്‍ റബ്ബര്‍ ശേഖരിക്കുന്നതിനിടെയാണ് പാമ്പിന്‍റെ വായിലകപ്പെട്ടത്. ജാംബി പ്രവിശ്യയില്‍ ഞായറാഴ്ചയാണ് സംഭവം.

ജഹ്റയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് നടത്തിയ തെരച്ചിലില്‍ ഭാര്യയുടെ ചെരിപ്പ്,ജാക്കറ്റ്, തലയില്‍ കെട്ടുന്ന സ്കാര്‍ഫ്, കത്തി എന്നിവ കണ്ടെത്തുകയായിരുന്നുവെന്ന് ബെതാര ജാംബി പൊലീസ് മേധാവി എകെപി ഹെരാഫ പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ അതേ സ്ഥലത്ത് തെരച്ചില്‍ നടത്തിയപ്പോള്‍ വയറ് വീര്‍ത്ത നിലയില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടെത്തി. ജഹ്റയെ പെരുമ്പാമ്പ് വിഴുങ്ങിയെന്ന സംശയത്തില്‍ നാട്ടുകാര്‍ അതിന്‍റെ വയറു കീറിയപ്പോള്‍ ദഹിക്കാത്ത നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ''ഞങ്ങള്‍ തിരയുന്ന സ്ത്രീ പാമ്പിന്‍റെ വയറ്റില്‍ ഉണ്ടെന്ന് മനസിലായി'' പ്രാദേശിക ടെർജുൻ ഗജ ഗ്രാമത്തിന്‍റെ തലവൻ ആന്‍റോ വൈറൽപ്രസിനോട് പറഞ്ഞു. പാമ്പ് ജഹ്‌റയെ കടിച്ച് വിഴുങ്ങുന്നതിന് മുമ്പ് അവളെ വളഞ്ഞ് ശ്വാസം മുട്ടിച്ച് കൊല്ലാൻ കുറഞ്ഞത് രണ്ട് മണിക്കൂർ എടുക്കുമെന്ന് ആന്‍റോ പറയുന്നു.


സംഭവത്തിന്‍റേതെന്ന് കരുതപ്പെടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പ്രചരിക്കുന്ന വീഡിയോയില്‍ വയറു തുറന്ന പാമ്പിനെയും ചുരുണ്ടുകിടക്കുന്ന സ്ത്രീയെയും കാണാം. ഇത്രയും വലിയ പെരുമ്പാമ്പിനെ പ്രദേശത്ത് കണ്ട ചരിത്രം പോലുമില്ലെന്ന് ആന്‍റോ പറയുന്നു. സ്ത്രീയെ വിഴുങ്ങിയ സംഭവത്തോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. വലിയ പാമ്പുകള്‍ കാട്ടില്‍ ഇനിയും ഉണ്ടാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Similar Posts