17കാരന്റെ കൊലപാതകം: ഫ്രാൻസിൽ പ്രതിഷേധം ആളിക്കത്തുന്നു, 600 പേർ അറസ്റ്റിൽ
|രാജ്യത്ത് സ്ഥിതിഗതികൾ വഷളാകുന്നതിനിടെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
കൗമാരക്കാരനെ പോലീസ് വെടിവെച്ചുകൊന്നതിൽ ഫ്രാൻസിൽ പ്രതിഷേധം ആളിക്കത്തുന്നു. ഫ്രഞ്ച് തെരുവുകൾ കയ്യേറിയ പ്രക്ഷോഭകർ പൊലീസിന് നേരെ ആക്രമണം തുടരുകയാണ്. തെരുവുകളിൽ പോലീസിന് നേരെ ബാരിക്കേഡുകൾ സ്ഥാപിക്കുകയും തീ കത്തിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തു. അശാന്തിയുടെ മൂന്നാം രാത്രിയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സർക്കാർ പാടുപെടുകയാണ്. പ്രക്ഷോഭത്തിൽ ഇതുവരെ 600-ലധികം ആളുകൾ അറസ്റ്റിലാവുകയും 200 പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.
വടക്കുപടിഞ്ഞാറൻ പാരീസ് നഗരപ്രാന്തമായ നാന്ററെയിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ പതിനേഴുകാരൻ വെടിവെച്ചുകൊന്നത്. പൊലീസിന് നേരെ വാഹനമോടിച്ച് കയറ്റാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് നയീല്‍ എന്ന കൗമാരക്കാരനെ പോലീസ് വെടിവെച്ചുകൊന്നത്. എന്നാൽ, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസിന്റെ വാദം കളവാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
ഇതോടെയാണ് ആളുകൾ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. നെഞ്ചിൽ വെടിയേറ്റാണ് നയീൽ കൊല്ലപ്പെട്ടത്. പാരീസിന്റെ മറുവശത്ത്, ക്ലിച്ചി-സൗസ്-ബോയിസിന്റെ നഗരപ്രാന്തത്തിലെ സിറ്റി ഹാളിൽ പ്രതിഷേധക്കാർ തീ കത്തിക്കുകയും ഒരു ബസ് ഡിപ്പോ കത്തിക്കുകയും ചെയ്തു. ഫ്രഞ്ച് തലസ്ഥാനത്തും പ്രക്ഷോഭകർ തീയിട്ടു. ചില സ്റ്റോറുകൾ കൊള്ളയടിച്ചതായും റിപ്പോർട്ടുകളുണ്ട്.
പ്രതിഷേധം നിയന്ത്രിക്കാൻ 40,000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഇതുവരെ 667 പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര മന്ത്രി പറഞ്ഞു. ഇതിൽ 307 പേർ പാരീസ് മേഖലയിൽ നിന്നുള്ളവരാണ്. 200 ഓളം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി ദേശീയ പോലീസ് വക്താവ് അറിയിച്ചു. സ്‌കൂളുകൾ, ടൗൺ ഹാളുകൾ, പോലീസ് സ്‌റ്റേഷനുകൾ എന്നിവയാണ് പ്രക്ഷോഭകാരികളുടെ ലക്‌ഷ്യം. ഇവിടങ്ങൾ തീയിടുകയും നശിപ്പിക്കുകയും ചെയ്യുന്നതായി പോലീസ് അറിയിച്ചു. കലാപകാരികൾക്കെതിരെ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
അതേസമയം, നയീലിനു നേരെ വെടിയുതിർത്ത പോലീസുകാരനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാൾ സ്വകാര്യ കരുതൽ തടങ്കലിൽ കഴിയുകയാണ്. രാജ്യത്ത് സ്ഥിതിഗതികൾ വഷളാകുന്നതിനിടെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.