ഗസ്സയിൽനിന്ന് പലായനം ചെയ്യുന്നവർക്കുനേരെയും ഇസ്രായേല്‍ വ്യോമാക്രമണം; 70 പേർ കൊല്ലപ്പെട്ടതായി ഹമാസ്
|ജനങ്ങളെ ഗസ്സയില്‍നിന്നു നിർബന്ധിച്ച് ഒഴിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സൗദി അറേബ്യയും മുസ്ലിം വേൾഡ് ലീഗും വ്യക്തമാക്കി
ഗസ്സ: വടക്കൻ ഗസ്സയിൽനിന്ന് പലായനം ചെയ്യുന്നവർക്കുനേരെ ഇസ്രായേല്‍ ആക്രമണം. വ്യോമാക്രമണത്തില്‍ 70 പേർ കൊല്ലപ്പെട്ടതായി ഹമാസ്. ജനങ്ങളെ ഗസ്സയില്‍നിന്നു നിർബന്ധിച്ച് ഒഴിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സൗദി അറേബ്യയും മുസ്ലിം വേൾഡ് ലീഗും വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേൽ മാനുഷിക ഇടനാഴി തുറക്കണമെന്ന് ഖത്തർ അമീർ ആവശ്യപ്പെട്ടു. അതിനിടെ, ഓപറേഷൻ അജയ് ദൗത്യത്തിന്റെ ഭാഗമായി ഇസ്രായേലിൽനിന്നുള്ള രണ്ടാമത്തെ വിമാനം ഇന്നെത്തും.
ഗസ്സ സിറ്റിയിൽനിന്ന് പലായനം ചെയ്യുന്ന വാഹനവ്യൂഹങ്ങൾക്കുനേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നൂറോളം പേരാണു കൊല്ലപ്പെട്ടത്. എന്നാൽ, ഇസ്രായേൽ ഇതിനോട് പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഗസ്സ മുനമ്പിൽ സൈന്യം ഗ്രൗണ്ട് റെയ്ഡ് ആരംഭിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. അതേസമയം, വെടിനിർത്തൽ ആവശ്യപ്പെട്ട റഷ്യ, ഇരു രാജ്യങ്ങൾക്കുമിടയിൽ മാധ്യസ്ഥം വഹിക്കാൻ തയാറാണെന്ന് വ്യക്തമാക്കി രംഗത്തെത്തി.
അടിയന്തരമായി ഒഴിഞ്ഞുപോകണമെന്ന ഇസ്രായേല്‍ അന്ത്യശാസനത്തിനു പിന്നാലെ ആയിരക്കണക്കിന് ഫലസ്തീൻ പൗരന്മാർ വടക്കൻ ഗസ്സയില്‍നിന്നു പലായനം ചെയ്തതായാണ് റിപ്പോർട്ട്. ഇതിനിടയിലേക്കാണ് ഇസ്രായേൽ വ്യോമാക്രമണം നടന്നതെന്ന് ഹമാസ് ആരോപിച്ചു. കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. അതേസമയം, ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന ഉത്തരവ് പിൻവലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. നിരവധി അറബ് രാജ്യങ്ങളും ഉത്തരവിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, വെള്ളിയാഴ്ചയും ആക്രമണം തുടർന്ന ഗസ്സയിൽ മരണസംഖ്യ 1,900 കവിഞ്ഞതായും 7,600 പേർക്ക് പരിക്കേറ്റതായും ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേലിൽ മരണസംഖ്യ 1,300 കവിഞ്ഞു. ഇസ്രായേൽ ബോംബിങ്ങിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ വിവിധ കോണുകളിൽനിന്ന് പ്രതിഷേധമുയരുകയാണ്. ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട റോയിട്ടേഴ്സ് പ്രതിനിധിയുടെ മരണം, ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷം ലെബനനിലേക്ക് വ്യാപിക്കുന്നതിനുള്ള വലിയ അപകടസാധ്യത തെളിയിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
Summary: Hamas claims 70 killed in Israeli airstrikes on Palestinians fleeing northern Gaza