ഒമ്പതാം വയസില്‍ ഹൈസ്കൂള്‍ ബിരുദം; താരമായി ഡേവിഡ് ബലോഗുന്‍
|തന്റെ ഇഷ്ടപ്പെട്ട അദ്ധ്യാപകരും സയൻസിനോടും കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിനോടുമുള്ള ഇഷ്ടവുമാണ് നേട്ടങ്ങൾക്ക് കാരണമെന്ന് ഡേവിഡ് പറയുന്നു
വാഷിങ്ടണ്‍: ഹൈസ്‌ക്കൂൾ ബിരദം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായി ഒരു ഒമ്പത് വയസുകാരൻ. യു.എസിലെ പെൻസിൽവാനിയ സ്വദേശിയായ ഡേവിഡ് ബലോഗുനാണ് തന്റെ ഒമ്പതാമത്തെ വയസിൽ ഹൈസ്‌കൂൾ ബിരുദം നേടുകയും കോളേജ് പഠനത്തിനായുള്ള ക്രഡിറ്റ് സ്‌കോർ സ്വന്തമാക്കുകയും ചെയ്തത്. ഹരിസ്ബര്‍ഗിലെ റീച്ച് സൈബർ ചാർട്ടർ സ്‌കൂളിൽ നിന്ന് വിദൂര വിദ്യാസ സംവിധാനത്തിലാണ് ഡേവിഡ് പഠനം പൂര്‍ത്തിയാക്കിയത്.
തന്റെ ഇഷ്ടപ്പെട്ട അദ്ധ്യാപകരും സയൻസിനോടും കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിനോടുമുള്ള ഇഷ്ടവുമാണ് നേട്ടങ്ങൾക്ക് കാരണമെന്ന് ഡേവിഡ് പറയുന്നു. ഒരു ജ്യോതി ശാ്‌സത്രജ്ഞനാകണമെന്നാണ് തന്റെ ആഗ്രഹമെന്നും ബ്ലാക്ക് ഹോൾസിനേയും സൂപ്പർനോവകളേയും കുറിച്ച് പഠിക്കാനാണ് തനിക്ക് ആഗ്രഹമെന്നും ഡേവിഡ് ഒരു സ്വകാര്യ ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസമുള്ളവരാണ് ഡേവിഡിന്റെ മാതാപിതാക്കൾ. എങ്കിലും ഇത്രയും ബുദ്ധിമാനായ ഒരു കുട്ടിയെ വളർത്തുന്നത് ഒരൽപ്പം ബുദ്ധിമുട്ടാണെന്ന് അവരും തുറന്ന് സമ്മതിക്കുന്നു. ''ഒരുപക്ഷേ തനിക്ക് പോലും മനസിലാകാത്തതും സങ്കീർണവുമായ കാര്യങ്ങൾ പോലും പഠിക്കാനും മനസിലാക്കാനും കഴിവുള്ളതാണ് അവന്റെ ഒമ്പത് വയസ് മാത്രം പ്രായമുള്ള തലച്ചോറെന്ന് ഡേവിഡ് അമ്മ റോണിയ ബലോഗുന്‍ പറഞ്ഞു.
അസാധാരണ കഴിവുള്ള വിദ്യാർഥിയാണ് ഡേവിഡ് എന്നും അവനിൽ നിന്നാണ് തങ്ങൾ പോലും പല കാര്യങ്ങളും പഠിച്ചതെന്നും ഡേവിന്റെ അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.''തീർച്ചയായും ഡേവിഡ് ഒരു അസാധാരണ കുട്ടിയാണ്. മറ്റു കുട്ടികൾക്കും അധ്യാപർക്കും അവൻ എന്നും ഒരു പ്രചോദനമാണ്. അധ്യാപന രീതിയെ കുറിച്ചുള്ള ചിന്തയെ പോലും മാറ്റുന്ന കുട്ടിയാണ് അവൻ'. ഡേവിഡിന്റെ സയൻസ് ടീച്ചറായ കോഡി ഡെർ കൂട്ടിച്ചേർത്തു
1990-ൽ ആറാമത്തെ വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ ഹൈസ്‌കൂൾ ബിരുദദാനത്തിനുള്ള ഗിന്നസ് ലോക റെക്കോർഡ് നേടിയ മൈക്കൽ കെർണിയാണ് ഈ നേട്ടം കൈവരിച്ച ഡേവിഡിനേക്കാൾ പ്രായം കുറഞ്ഞ ഏക വ്യക്തി.