തങ്ങളുടെ കുക്കീസുകള്‍ ശ്രദ്ധയോടെ കഴിക്കണമെന്ന് യുഎസ് ബേക്കറി; പിന്നില്‍ വിലയേറിയ ഒരു കാരണമുണ്ട്....
|ബേക്കറിയും അടുക്കളയും സന്ദര്‍ശിക്കുന്നതിനിടെ വജ്രം അറിയാതെ വീണുപോയതാകാമെന്നാണ് സ്വിസ് പറയുന്നത്
വാഷിംഗ്ടണ്‍: യു.എസിലെ ഒരു ബേക്കറി തങ്ങളുണ്ടാക്കുന്ന കുക്കീസുകള്‍ ശ്രദ്ധാപൂര്‍വം കഴിക്കണമെന്ന് അവരുടെ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കുക്കീസുകള്‍ ആസ്വദിച്ച് കഴിക്കണമെന്നല്ല ഇതുകൊണ്ട് ബേക്കറി ഉദ്ദേശിച്ചത്. കുക്കീസ് ഉണ്ടാക്കുന്നതിനിടയില്‍ ബേക്കറിയുടമയുടെ മോതിരത്തിലെ വജ്രം അറിയാതെ മാവില്‍ വീണുപോയതാണ് പ്രശ്നമായത്. ഏതോ ഒരു കുക്കീസില്‍ വജ്രം പെട്ടിട്ടുണ്ടെന്നും അതുകൊണ്ട് ആളുകള്‍ ശ്രദ്ധാപൂര്‍വം കഴിക്കണമെന്നുമാണ് ബേക്കറിയുടമ ആവശ്യപ്പെടുന്നത്.
ലീവൻവർത്തിലെ സിസ് സ്വീറ്റ്‌സ് കുക്കീസ് & കഫേയുടെ ഉടമ ഡോൺ സിസ് മൺറോയാണ് 36 വർഷമായി താൻ ധരിച്ചിരുന്ന മോതിരത്തിൽ നിന്ന് ഒരു വജ്രം നഷ്ടപ്പെട്ടതിനെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്. ബേക്കറിയും അടുക്കളയും സന്ദര്‍ശിക്കുന്നതിനിടെ വജ്രം അറിയാതെ വീണുപോയതാകാമെന്നാണ് സ്വിസ് പറയുന്നത്. സംഭവത്തെക്കുറിച്ച് വിവരിച്ചുകൊണ്ട് മോതിരത്തിന്‍റെ ഫോട്ടോയടക്കം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ''നിങ്ങള്‍ ഇന്ന് കുക്കീസുകള്‍ വാങ്ങുകയാണെങ്കില്‍ ഒരു ബോണസുണ്ട്. എന്‍റെ വജ്രം കാണാനില്ല. നിങ്ങള്‍ അത് കണ്ടെത്തുകയാണെങ്കിൽ, അതെനിക്ക് തിരികെ നല്‍കിയാല്‍ ഞാനെന്നും നിങ്ങളോട് കടപ്പെട്ടവളായിരിക്കും'' സ്വിസ് ബേക്കറിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചു. സ്വിസിന്‍റെ വിവാഹമോതിരത്തിലെ വജ്രമാണ് നഷ്ടപ്പെട്ടത്. 4000 ഡോളറിലധികം വിലമതിക്കുന്നതാണ് ഇത്.