ആളുകളെ ശല്യംചെയ്യുന്നതിനാൽ മാറ്റിപ്പാർപ്പിച്ചു; ആയിരം മൈലിലധികം സഞ്ചരിച്ച് തിരികെയെത്തി കരടി
|ജൂണിലാണ് കരടിയെ മാറ്റിപ്പാർപ്പിക്കാൻ അധികൃതർ തീരുമാനിക്കുന്നത്
ഇഷ്ടസ്ഥലത്തേക്ക് തിരിച്ചെത്താൻ കരടി സഞ്ചരിച്ചത് ആയിരം മൈൽ. യുഎസിലെ ടെന്നസിയിലുള്ള ഗ്രേറ്റ് സ്മോക്കി മൗണ്ടൻസ് നാഷണൽ പാർക്കിലെ 609 എന്ന പെൺകരടിയാണ് നാല് സംസ്ഥാനങ്ങൾ കടന്ന് ഇഷ്ടസ്ഥലത്തേക്ക് തിരിച്ചെത്തിയത്.
ദേശീയോദ്യാനത്തിലെത്തുന്ന ആളുകൾക്ക് വലിയ ശല്യമായതിനാൽ ജൂണിലാണ് കരടിയെ മാറ്റിപ്പാർപ്പിക്കാൻ അധികൃതർ തീരുമാനിക്കുന്നത്. ജോർജിയയിലേക്കുള്ള സൗത്ത് ചെറോകീ നാഷണൽ ഫോറസ്റ്റിലേക്കായിരുന്നു 'നാടുകടത്തൽ'. ടെന്നസിയിൽ നിന്ന് ആയിരം മൈൽ അകലെയുള്ള ഈ പാർക്കിലേക്ക് അയക്കും മുമ്പ് ഒരു ജിയോലൊക്കേറ്റിംഗ് സംവിധാനം ഗവേഷകർ കരടിയുടെ ദേഹത്ത് ഘടിപ്പിക്കുകയും ചെയ്തു. മാറ്റിപ്പാർപ്പിക്കുമ്പോൾ കരടികളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. ഈ സംവിധാനം വഴിയാണ് ടെന്നസിയിലേക്ക് തിരികെയെത്താൻ കരടി നടത്തിയ യാത്ര ഇവർ നിരീക്ഷിക്കുന്നത്.
ഗവേഷകരെ അമ്പരപ്പിച്ച് പുതിയ സ്ഥലത്തെത്തി അധികം വൈകാതെ തന്നെ കരടി തിരികെ യാത്ര ആരംഭിച്ചു. ജോർജിയ,സൗത്ത് കരോലിന,നോർത്ത് കരോലിന എന്നീ സംസ്ഥാനങ്ങൾ കടന്ന് ആയിത്തിലധികം മൈലാണ് കരടി സഞ്ചരിച്ചത്. യാത്രയിലൊരിക്കൽ പോലും കരടി വിശ്രമിക്കുകയോ നടത്തം പതുക്കെയാക്കുകയോ ചെയ്തിട്ടില്ലെന്ന് ഗവേഷകർ പറയുന്നു. സാധാരണ കരടികൾ 200 മൈലിലധികം നടക്കാറില്ലെന്നിരിക്കേയാണ് 609ന്റെ സാഹസികയാത്ര.
തിരികെയുള്ള യാത്രയിൽ ഷോപ്പിംഗ് മാളുകളിലൊക്കെ കരടി നുഴഞ്ഞു കയറിയിരുന്നു. ഒരു തവണ വഴിയിൽ വെച്ച് കാറിടിക്കുകയും ചെയ്തു. എന്നാൽ അപകടമൊന്നും പറ്റാതെ സുരക്ഷിതമായാണ് കരടി തിരിച്ച് പാർക്കിലെത്തിയത്. ചെറോകീ പാർക്കിൽ നിന്ന് 150 മൈൽ മാത്രം അകലെയാണ് സ്മോകി മൗണ്ടൻസ് ക്യാംപ് സൈറ്റ് എങ്കിലും വളഞ്ഞ വഴി തിരഞ്ഞെടുത്തതിനാൽ ആറ് മാസമെടുത്തു കരടിക്ക് തിരികെ ഇഷ്ടസ്ഥലത്തെത്താൻ.