കൊറോണ മഹാമാരി 20000 വർഷം മുമ്പ് കിഴക്കൻ ഏഷ്യയെ പിടികൂടിയിരുന്നുവെന്ന് കണ്ടെത്തല്‍
|കഴിഞ്ഞ 20 വർഷത്തിനിടയിൽ മൂന്ന് കൊറോണ വൈറസുകൾ മനുഷ്യരെ ബാധിക്കുകയും കഠിനമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാവുകയും ചെയ്തു
കൊറോണ വൈറസ് മഹാമാരി ഏകദേശം 20000 വർഷം മുമ്പ് കിഴക്കൻ ഏഷ്യയെ പിടികൂടിയിരുന്നുവെന്ന് കണ്ടെത്തല്‍. ഇന്ന് ജീവിച്ചിരിക്കുന്നവരുടെ ഡിഎൻഎയിൽ പരിണാമ മുദ്ര പതിപ്പിക്കാൻ പര്യാപ്തമായിരുന്നുവെന്നും ഗവേഷകർ കണ്ടെത്തി.
അന്നത്തെ കൊറോണ വൈറസ് ആ പ്രദേശങ്ങളെ വർഷങ്ങളോളം ബാധിച്ചു. വാക്സിനേഷൻ വഴി ഇപ്പോഴത്തെ കോവിഡ് നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും പഠനം പറയുന്നു. ഇപ്പോള്‍ സംഭവിക്കുന്നത് തലമുറകള്‍ കഴിഞ്ഞും തുടര്‍ന്നേക്കാം. ഇത് നമ്മളെ ആശങ്കപ്പെടുത്തേണ്ട വസ്തുതയാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡേവിഡ് എന്‍റാഡ് പറഞ്ഞു. കറന്‍റ് ബയോളജി ജേണലിലാണ് ഗവേഷണത്തിന്‍റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ 20 വർഷത്തിനിടയിൽ, മൂന്ന് കൊറോണ വൈറസുകൾ മനുഷ്യരെ ബാധിക്കുകയും കഠിനമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാവുകയും ചെയ്തു- കോവിഡ് 19, സാര്‍സ്, മെര്‍സ് എന്നിവയാണവ. ഓരോ കൊറോണ വൈറസിനെയും കുറിച്ചുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത് അവ വവ്വാലുകളിൽ നിന്നോ മറ്റ് സസ്തനികളിൽ നിന്നോ ആണ് മനുഷ്യരിലേക്ക് പകര്‍ന്നത് എന്നാണ്.
മറ്റ് നാല് കൊറോണ വൈറസുകളും മനുഷ്യരെ ബാധിച്ചേക്കാം. പക്ഷേ അവ സാധാരണയായി നേരിയ ജലദോഷത്തിന് മാത്രമേ കാരണമാകുന്നുള്ളൂ. കൊറോണ വൈറസുകൾക്ക് വകഭേദം സംഭവിക്കുന്നു. അവയുടെ ജനിതക വ്യതിയാനം താരതമ്യം ചെയ്യുന്നത്, എപ്പോഴാണ് ഈ മാറ്റമുണ്ടായതെന്ന് കണ്ടെത്താന്‍ സഹായകരമാണ്. എനാർഡും സംഘവും കൊറോണ വൈറസിന്‍റെ ജനിതക പരിശോധന അല്ല നടത്തിയത്. മനുഷ്യ ഡിഎൻഎയെ എങ്ങനെ സ്വാധീനിക്കുന്നുവെന്നാണ് ഈ ഗവേഷകര്‍ പരിശോധിച്ചത്.
വൈറസുകൾ മനുഷ്യ ജീനോമിൽ വളരെയധികം മാറ്റങ്ങൾ വരുത്തുന്നു. ലോകമെമ്പാടുമുള്ള 26 വ്യത്യസ്ത ഭൂപ്രദേശങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ആളുകളുടെ ഡിഎൻഎ ഗവേഷകര്‍ താരതമ്യം ചെയ്തു. അന്ന് കിഴക്കൻ ഏഷ്യയിൽ സംഭവിച്ചതെല്ലാം ആ പ്രദേശത്ത് മാത്രമായി പരിമിതപ്പെട്ടിരുന്നുവെന്നും ഗവേഷണത്തില്‍ കണ്ടെത്തി. കിഴക്കൻ ഏഷ്യക്കാർ എത്രകാലം മുന്‍പ് കൊറോണ വൈറസുമായി പൊരുത്തപ്പെട്ടുവെന്ന് കണ്ടെത്താന്‍ ഗവേഷകര്‍ ശ്രമിച്ചു. ഒരു ജീനിന്റെ പ്രബലമായ പതിപ്പ് തലമുറകളിലൂടെ കൈമാറ്റം തുടരുമ്പോള്‍ ദോഷകരമല്ലാത്ത വിധത്തില്‍ പരിവര്‍ത്തനം ചെയ്യുമെന്നും ഗവേഷണത്തില്‍ കണ്ടെത്തി.