യുക്രൈന്‍ വിടാന്‍ കൂടുതല്‍ രാജ്യങ്ങള്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി
|റഷ്യ യുക്രൈന്‍ ആക്രമിച്ചേക്കുമെന്ന അമേരിക്കന്‍ മുന്നറിയിപ്പിനു പിന്നാലെയാണിത്
വിവിധ രാജ്യങ്ങൾ അവരുടെ പൗരന്മാർക്ക് ഉടൻ യുക്രൈന്‍ വിടാൻ നിർദേശം നൽകി. ബുധനാഴ്ചയ്ക്കകം റഷ്യ യുക്രൈന്‍ ആക്രമിച്ചേക്കുമെന്ന അമേരിക്കന്‍ മുന്നറിയിപ്പിനു പിന്നാലെയാണിത്. യുക്രൈനിലെ യുഎസ് എംബസിയിലെ അടിയന്തര വിഭാഗം ഒഴികെയുള്ള ജീവനക്കാരോടും 48 മണിക്കൂറിനകം രാജ്യം വിടാൻ അമേരിക്ക ആവശ്യപ്പെട്ടു.
അമേരിക്കയ്ക്ക് പുറമേ ഇംഗ്ലണ്ട്, ജര്‍മനി, ആസ്ത്രേലിയ, ഇറ്റലി, ഇസ്രായേല്‍, നെതര്‍ലാന്‍സ്, ജപ്പാന്‍, ബെല്‍ജിയം, സ്വീഡന്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളും പൌരന്മാരോട് മടങ്ങാന്‍ ആവശ്യപ്പെട്ടു. കാനഡ എംബസി ഉദ്യോഗസ്ഥരെ പോളണ്ട് അതിര്‍ത്തിയിലെ ലിവിവിലേക്ക് മാറ്റി. യുക്രൈന്‍റെ അതിർത്തിയിൽ റഷ്യ 100000 സൈനികരെ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ ആക്രമിക്കാന്‍ ഉദ്ദേശ്യമില്ലെന്നാണ് വിശദീകരണം. അധിനിവേശ മുന്നറിയിപ്പുകൾ പരിഭ്രാന്തി ഉളവാക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്‌കി പറഞ്ഞു.
വ്യോമാക്രമണത്തിലൂടെ റഷ്യ യുക്രൈന്‍ ആക്രമണത്തിന് തുടക്കം കുറിച്ചേക്കാമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. എന്നാല്‍ അമേരിക്ക യുദ്ധഭീതി പരത്തുകയാണെന്ന് റഷ്യ ആരോപിച്ചു. പ്രകോപനപരമായ ഊഹോപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും റഷ്യ ആവശ്യപ്പെട്ടു. ശീതയുദ്ധകാലത്തിനുശേഷം യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ സംഘർഷ സാഹചര്യം ലഘൂകരിക്കാനായി നയതന്ത്ര നീക്കങ്ങളും ഊർജിതമായി. ഇന്നലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ എന്നിവർ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ചു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായും ഫോൺ സംഭാഷണം നടത്തി.