ജനന നിയന്ത്രണ നയം ലംഘിച്ചു; എട്ട് മക്കളുള്ള കര്‍ഷകന് 10 ലക്ഷം രൂപ പിഴ ചുമത്തി ചൈന
|ആദ്യ ഭാര്യയില്‍ ഇയാള്‍ക്ക് അഞ്ച് പെണ്‍കുട്ടികളും 2006, 2010 വര്‍ഷങ്ങളില്‍ രണ്ട് ആണ്‍കുട്ടികളും ജനിച്ചു
ജനന നിയന്ത്രണ നയം ലംഘിച്ചതിന് എട്ട് മക്കളുള്ള കര്‍ഷകന് വന്‍തുക പിഴ ശിക്ഷ വിധിച്ച് ചൈന. മൂന്ന് കുട്ടികളില്‍ കൂടുതല്‍ പാടില്ലെന്ന നിയമം ലംഘിച്ച കര്‍ഷകന് 90,000 യുവാന്‍ (10,38,664 രൂപ) യാണ് പിഴയായി അടക്കേണ്ടത്.
സിചുവാനിലെ എന്യൂ കൌണ്ടിയിലെ അന്‍പതുകാരനായ ലിയുവിന് രണ്ട് ആണ്‍കുട്ടികള്‍ വേണമെന്ന ആഗ്രഹം അവസാനം വിനയാവുകയായിരുന്നു. രണ്ടാമത്തെ ആണ്‍കുട്ടി പിറക്കുമ്പോഴേക്കും ലിയു 8 കുട്ടികളുടെ പിതാവായിക്കഴിഞ്ഞിരുന്നു. വിവരമറിഞ്ഞെത്തിയ അധികൃതര്‍ 26 ലക്ഷം യുവാന്‍ (മൂന്നു കോടി രൂപ) പിഴയൊടുക്കണമെന്നാണ് ആദ്യം ഉത്തരവിട്ടത്. എന്നാല്‍ തന്‍റെ നിസഹായാവസ്ഥ വിവരിച്ച് അധികൃതര്‍ക്ക് അപേക്ഷ നല്കിയാണ് പിഴ 10 ലക്ഷമാക്കി കുറച്ചത്.
ആദ്യ ഭാര്യയില്‍ ഇയാള്‍ക്ക് അഞ്ച് പെണ്‍കുട്ടികളും 2006, 2010 വര്‍ഷങ്ങളില്‍ രണ്ട് ആണ്‍കുട്ടികളും ജനിച്ചു. അതിനിടെ, കുടുംബ ചെലവ് താങ്ങാനാവാതായതോടെ ഒരു പെണ്‍കുട്ടിയെ ദത്ത് നല്‍കി. 2016ല്‍ എട്ടു കുട്ടികളുടെ അമ്മയായ ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്തു. ഇതിനിടെ 2019ലാണ് ലിയുവിനെതിരെ മൂന്നു കോടി പിഴ ശിക്ഷ വിധിച്ച് കൊണ്ടുള്ള ഉത്തരവ് വന്നത്. ഇത്തവണയും പിഴ ശിക്ഷ ഒടുക്കിയില്ലെങ്കില്‍ ലിയുവിന് തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.
1978 ല്‍ ചൈന ആദ്യമായി ഒറ്റ കുട്ടി നയം നടപ്പിലാക്കിയത്. എന്നാല്‍, 2016 ജനുവരി മുതല്‍, ദമ്പതികള്‍ക്ക് രണ്ടു കുട്ടികള്‍ വരെയാകാമെന്ന് തീരുമാനം മാറ്റി. 2021 മേയിലാണ് മൂന്ന് കുട്ടികള്‍ വരെയാകാമെന്ന നയം ചൈന കൊണ്ടുവരുന്നത്.