'ഇസ്രായേൽ ജൂതരുടെ രാജ്യമല്ല, ജൂതായിസം സയണിസമല്ല'; ഇസ്രായേൽ പതാക കത്തിച്ച് ഒരു വിഭാഗം ജൂതർ
|ഇസ്രായേൽ- ഫലസ്തീൻ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്
ഇസ്രായേൽ ജൂതരുടെ രാജ്യമല്ലെന്ന് പ്രഖ്യാപിച്ചും അവരുടെ ചെയ്തികൾക്ക് ജൂതർ ഉത്തരവാദികളല്ലെന്ന് പറഞ്ഞും ഒരു വിഭാഗം ജൂതർ രംഗത്ത്. തോറ ജൂതായിസം എന്ന എക്‌സ് (ട്വിറ്റർ) ഹാൻഡിലിലൂടെയടക്കമാണ് ഒരു വിഭാഗം ജൂതർ ഇസ്രായേലിനോടുള്ള തങ്ങളുടെ എതിർപ്പ് പ്രകടിപ്പിച്ചത്. ഇസ്രായേലിന്റെ പതാക കത്തിക്കുന്ന വീഡിയോ സഹിതമാണ് പ്രതികരണം. ജൂത പുരോഹിതരടക്കമുള്ളവർ പതാക കത്തിക്കുന്നതാണ് വീഡിയോയിലുള്ളത്.
'ജൂതായിസം സയണിസമല്ല!
ഇസ്രായേൽ ജൂത ജനതയുടെ രാജ്യമല്ല!
ഇസ്രായേൽ ജൂതന്മാരെ പ്രതിനിധീകരിക്കുന്നില്ല, അവരുടെ പേരിൽ സംസാരിക്കുന്നില്ല!
ഇസ്രായേൽ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾക്ക് ജൂതന്മാർ ഉത്തരവാദികളല്ല!
ആന്റി സയണിസം എന്നാൽ ആന്റിസെമിറ്റിസമല്ല' വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ അവർ വ്യക്തമാക്കി.
തോറ ജൂതായിസം എന്ന എക്‌സ് ഹാൻഡിലിന് 'ജ്യൂയിഷ് യുണൈറ്റഡ് എഗൈൻസ്റ്റ് സിയോണിസം' എന്നാണ് അടിക്കുറിപ്പ് നൽകിയിട്ടുള്ളത്. അഥവാ സിയോണിസത്തിനെതിരെയുള്ള ജൂതരുടെ കൂട്ടായ്മ എന്നർത്ഥം.
ഓർത്തഡോക്‌സ് ജൂത വിഭാഗമാണ് തോറ ജൂതായിസമെന്ന പദം ഉപയോഗിക്കാറുള്ളത്. തോറ ജൂതന്മാർ സിയോണിസത്തിൽ വിശ്വസിക്കുന്നില്ലെന്നും അവർ സിയോണിസ്റ്റുകളല്ലെന്നും മറ്റൊരു ട്വീറ്റിൽ പറഞ്ഞു. ഇസ്രായേലിലെ ജൂത അധിനിവേശകർ ജൂത കുടിയേറ്റക്കാരല്ലെന്നും പറഞ്ഞു. ഇവർ സിയോണസത്തിന്റെ മതത്തിൽ ജീവിക്കുകയും വിശുദ്ധ ജൂതായിസത്തെ ചവിട്ടുമെതിക്കുകയുമാണെന്നും ട്വീറ്റിൽ വിമർശിച്ചു.
ഇസ്രായേൽ രൂപീകരിക്കപ്പെടുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പ് ജൂതരും മുസ്‌ലിംകളും ക്രൈസതവരും ഫലസ്തീനിൽ സമാധാനപൂർവം ജീവിച്ചുവരികയായിരുന്നുവെന്നും സിയോണിസമാണ് അവരുടെ ഐക്യം തകർത്തതെന്നും മറ്റൊരു ട്വീറ്റിൽ പറഞ്ഞു. ഫലസ്തീൻ പതാകയേന്തി നിൽക്കുന്ന ജൂതരുടെ വീഡിയോ സഹിതമാണ് ഈ ട്വീറ്റ്.
അതിനിടെ, ഇസ്രായേൽ- ഫലസ്തീൻ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. സംഘർഷത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടലിന്റെ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് റഷ്യ പറഞ്ഞിരിക്കുകയാണ്. ഇസ്രായേലിന്റെ ഗസ്സ അധിനിവേശത്തിന് അമേരിക്കൻ സൈനിക സന്നാഹമെത്തിയതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം.
ഇസ്രായേലിന്റെ കയ്യേറ്റങ്ങളും ദ്വിരാഷ്ട്ര ഫോർമുല അവഗണിച്ചതുമാണ് ഇപ്പോഴത്തെ ഏറ്റുമുട്ടലിന് കാരണമെന്ന് അറബ് ലീഗ് കുറ്റപ്പെടുത്തി. പ്രതിസന്ധി പരിഹരിക്കാൻ യുഎൻ ഫോർമുല അംഗീകരിക്കുകയാണ് വഴിയെന്നും അറബ് ലീഗ് വ്യക്തമാക്കി.510 ലധികം പേരാണ് ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ടത്. ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 800 കടന്നു. ഗസ്സക്കുള്ള വെള്ളം വിതരണം ഉടൻ നിർത്താൻ ഉത്തരവിട്ടതായി ഇസ്രായേൽ ഊർജ മന്ത്രി അറിയിച്ചു. അതേസമയം, ഗസ്സയിലെ ആശുപത്രികൾക്ക് നേരെയുള്ള ആക്രമണം തടയണമെന്ന് ലോകരാജ്യങ്ങളോട് ഫലസ്തീൻ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.
A group of Jews (Torah Judaism) oppose Israel and Zionism.