World
hezbollah walkie talkie
World

പല പേജറുകളും ലഭിച്ചത് സ്ഫോടനത്തി​ന്റെ തലേന്ന്; വാക്കി-ടോക്കിയുടെ ബാറ്ററിയിൽ അതിമാരക സ്ഫോടകവസ്തു

Web Desk
|
20 Sep 2024 3:02 PM GMT

ഹിസ്ബുല്ലയിൽ ഇസ്രായേലി ഏജന്റുമാരെന്ന് റിപ്പോർട്ട്, നിരവധി പേർ പിടിയിൽ

ബെയ്റൂത്ത്: ലബനാനിലെ സായുധ വിഭാഗമായ ഹിസ്ബുല്ലയുടെ പല അംഗങ്ങൾക്കും പേജർ ലഭിച്ചത് സ്​ഫോടനത്തിന്റെ തലേന്ന്. മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒരു അംഗത്തിന് തിങ്കളാഴ്ചയാണ് പുതിയ പേജർ ലഭിക്കുന്നത്. ഇത് പെട്ടിയിൽനിന്ന് എടുത്തിട്ടുണ്ടായിരുന്നില്ല. ചൊവ്വാഴ്ച പെട്ടിയിലിരിക്കെയാണ് ഇത് പൊട്ടിത്തെറിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് മറ്റൊരു മുതിർന്ന അംഗത്തിന് പേജർ ലഭിക്കുന്നത്. ഇത് പൊട്ടിത്തെറിച്ചപ്പോൾ കീഴുദ്യേഗസ്ഥന് പരിക്കേൽക്കുകയുണ്ടായി.

ചൊവ്വാഴ്ച ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളായ ദക്ഷിണ ലബനാൻ, ബെയ്റൂത്തിന്റെ പ്രാന്തപ്രദേശങ്ങൾ, കിഴക്കൻ ബേക്കാ താഴ്വര എന്നിവിടങ്ങളിലാണ് പേജർ പൊട്ടിത്തെറിക്കുന്നത്. ബുധനാഴ്ച ഹിസ്ബുല്ല ഉപയോഗിക്കുന്ന വാക്കി-ടോക്കികളും പൊട്ടിത്തെറിച്ചു. ഇരു സംഭവങ്ങളിലുമായി 37 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ രണ്ടുപേർ കുട്ടികളാണ്. 3000ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പെന്ററിത്രിറ്റോൾ ടെട്രാനൈട്രേറ്റ് എന്ന അത്യധികം സ്ഫോടനാത്മക സംയുക്തം വാക്കി-ടോക്കിയുടെ ബാറ്ററിയിലുണ്ടായിരുന്നതായി ലബനാനിൽനിന്നുള്ള വൃത്തങ്ങൾ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തുന്നു. പേജറുകളിൽ മൂന്ന് ഗ്രാം വരുന്ന സ്ഫോടനവസ്തുവാണ് ഉൾപ്പെടുത്തിയിരുന്നത്. മാസങ്ങളായിട്ടും ഇത് ഹിസ്ബുല്ലക്ക് കണ്ടെത്താൻ സാധിച്ചില്ല. ഈ സ്ഫോടക വസ്തുക്കൾ ഏതെങ്കിലും ഉപകര​ണങ്ങളോ സ്കാനറോ ഉപയോഗിച്ച് കണ്ടെത്തുക എന്നത് ഏറെ പ്രയാസകരമായിരുന്നുവെന്നാണ് വിവരം.

2022 മുതൽ ഹിസ്ബുല്ല ലബനാനിലേക്ക് പേജറുകൾ കൊണ്ടുവരുന്നുണ്ട്. അപ്പോഴെല്ലാം വലിയ പരിശോധനകളാണ് നടത്തിയത്. എയർപോർട്ടിൽവെച്ചെല്ലാം ഇത് പരി​ശോധിക്കാറുണ്ട്. എന്നാൽ, ഇതിലൊന്നും സ്ഫോടക വസ്തു കണ്ടെത്താൻ സാധിച്ചില്ല. ആക്രമത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഹിസ്ബുല്ലയും ലബനാനും ആരോപിക്കുന്നത്. ഇസ്രായേലിന്റെ രഹസ്യ മിലിട്ടറി ഇന്റലിജന്റ്സ് യൂനിറ്റ് 8200 ആസൂത്രണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു.

സ്ഫോടക വസ്തു കണ്ടെത്താൻ സാധിച്ചില്ല എന്നത് ഹിസ്ബുല്ലയുടെ ഏറ്റവും വലിയ തിരിച്ചടിയായിട്ടാണ് വിലയിരുത്തുന്നത്. 5000 പേജറുകളുള്ള ഒരു ബാച്ച് ഈ വർഷമാദ്യമാണ് ലബനാനിൽ എത്തുന്നത്. മൊബൈൽ ഫോണുകൾ ഇസ്രായേൽ നിരീക്ഷിക്കുമെന്ന ഭയത്താലാണ് ഹിസ്ബുല്ല ആശയവിനിമയത്തിന് പേജർ ഉപയോഗിക്കാൻ ആരംഭിച്ചത്. കഴിഞ്ഞവർഷങ്ങളിലെല്ലാം ഹിസ്ബുല്ലയുടെ നിരവധി കമാൻഡർമാർ ഇസ്രായേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതാണ് മൊബൈൽ ഫോൺ ഉപേക്ഷിക്കാൻ കാരണമായത്.

കൂടുതൽ ഉപകരണങ്ങളിൽ പരിശോധന

പേജറുകൾ പൊട്ടിത്തെറിച്ചതോടെ തങ്ങൾ ഉപയോഗിക്കുന്ന കൂടുതൽ ഉപകരണങ്ങളെ ഹിസ്ബുല്ല സംശയിക്കുകയും പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. പേജറുകൾ കൊണ്ടുവന്ന വിതരണശൃംഖലയെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉപകരണങ്ങളുടെ പരിശോധന തുടരുന്നതിനിടെയാണ് വാക്കിടോക്കികളും പൊട്ടിത്തെറിക്കുന്നത്. വാക്കിടോക്കികളിലും സ്ഫോടക വസ്തുക്കളുണ്ടെന്ന് ഹിസ്ബുല്ല കണ്ടെത്തുന്നുമെന്ന് ഉറപ്പിച്ചതിനാലാണ് ഇസ്രായേൽ അത് വേഗത്തിൽ പൊട്ടിത്തെറിപ്പിച്ചതെന്നും സുരക്ഷാ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് വ്യക്തമാക്കി.

പേജറുകൾ പൊട്ടിത്തെറിച്ച് 12 പേർ മരിച്ചപ്പോൾ വാക്കിടോക്കി സ്ഫോടനത്തിൽ 25 പേരാണ് മരിച്ചത്. പേജറുകളേക്കാൾ കൂടുതൽ സ്ഫോടക വസ്തുക്കൾ വാക്കി-ടോക്കിയിൽ ഉണ്ടെന്നാണ് ഇത് അർഥമാക്കുന്നതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. സ്ഫോടക വസ്തുകൾ എവിടെ, എപ്പോൾ എങ്ങനെ ഇതിൽ വെച്ചുവെന്ന് ഹിസ്ബുല്ല അന്വേഷിക്കുന്നുണ്ട്.

അതേസമയം, മുമ്പ് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ വഴി ആക്രമണം നടത്താനുള്ള ഇസ്രായേലിന്റെ പല പദ്ധതികളെയും ഹിസ്ബുല്ല തകർത്തതായും സുരക്ഷാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ ലാൻഡ്ഫോണുകൾ മുതൽ വെന്റിലേഷൻ യൂനിറ്റുകൾ വരെ ഉപയോഗിച്ച് ഇത്തരത്തിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു.

ആഭ്യന്തര അന്വേഷണം ആരംഭിച്ച് ഹിസ്ബുല്ല

പേജറുകൾ പൊട്ടിത്തെറിച്ച സംഭവത്തിൽ ഹിസ്ബുല്ല ആഭ്യന്തരമായും അന്വേഷണം നടത്തുന്നുണ്ട്. സംഘടനക്കകത്ത് ശത്രുക്കൾ നുഴഞ്ഞുകയറിയതായും സംശയമുണ്ട്. ​വലിയ രീതിയിലുള്ള പരിശോധന നടത്തിയിട്ടും എന്തുകൊണ്ട് സ്ഫോടക വസ്തുക്കൾ മനസ്സിലായില്ല എന്ന കാര്യവും അന്വേഷിക്കുകയാണ്. ഹിസ്ബുല്ല ഏതുതരം ഉപകരണങ്ങൾ കൊണ്ടാണ് പരിശോധന നടത്തുന്നതെന്ന വിവരവും ഇസ്രായേലിന്റെ കൈവശമുണ്ടായിരുന്നു​വെന്നും റിപ്പോർട്ടുകളുണ്ട്.

തങ്ങളുടെ സംഘടനയിൽ വിള്ളലുണ്ടെന്നും മൊസാദ് പലരെയും റിക്രൂട്ട് ചെയ്തതായും ഹിസ്ബുല്ല വിശ്വസിക്കുന്നു. ഇതിന്റെ വ്യാപ്തിയെക്കുറിച്ച് ഹിസ്ബുല്ല അന്വേഷണം ആരംഭിച്ചു. നേതൃത്വത്തിൽ പോലും ഇത്തരക്കാരുണ്ടാകുമെന്നും അതിനാലാണ് ഈ രീതിയിലുള്ള ആക്രണം ഉണ്ടാകാനിടയായെതെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തെ തുടർന്ന് ആഭ്യന്തര അന്വേഷണ സമിതി ഹിസ്ബുല്ല രൂപീകരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സംഭവത്തിന് പിറകിൽ ​ടെക്നിക്കൽ മാത്രമല്ല, മാനുഷികവുമായ പ്രശ്നങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് അർഥമാക്കുന്നതെന്ന് ലബനീസ് സൈന്യത്തിലെ മുൻ ബ്രിഗേഡിയർ ജനറൽ ജോണി ഖലാഫ് പറയുന്നു. സുരക്ഷാ വീഴ്ചക്ക് പിന്നിൽ രണ്ട് കാരണങ്ങൾക്കാണ് സാധ്യതയുള്ളത്. വിശ്വസനീയമായ കരങ്ങളിൽനിന്ന് ഇവ വാങ്ങിയതിനാൽ മതിയായ രീതിയിൽ പേജറുകൾ പരിശോധിച്ചിട്ടുണ്ടാകില്ല എന്നതാണ് ഒന്നാമത്തേത്. അതല്ലെങ്കിൽ സായുധ സേനയിൽ നുഴഞ്ഞുകയറിയവർക്ക് സുരക്ഷാ പരിശോധനക്കാരെ മറികടക്കാൻ സാധിച്ചിട്ടുണ്ടാകുമെന്നും ഖലാഫ് പറഞ്ഞു.

ഹിസ്ബുല്ലയുമായി വളരെ അടുത്ത ബന്ധമുള്ള ബിസിനസുകാരനാണ് പേജറുകൾ കൈമാറിയതെന്ന് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലുമായി സഹകരിച്ചുവെന്ന് സംശയിച്ച നിരവധി പേരെ ഹിസ്ബുല്ല പിടികൂടിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Similar Posts