![11.5 മിനിറ്റിൽ താണ്ടിയത് 2040 കിലോമീറ്റർ; ഇസ്രായേലിനെ വിറപ്പിച്ച് ഹൂതികളുടെ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ 11.5 മിനിറ്റിൽ താണ്ടിയത് 2040 കിലോമീറ്റർ; ഇസ്രായേലിനെ വിറപ്പിച്ച് ഹൂതികളുടെ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ](https://www.mediaoneonline.com/h-upload/2024/09/16/1442552-iran-missile.webp)
11.5 മിനിറ്റിൽ താണ്ടിയത് 2040 കിലോമീറ്റർ; ഇസ്രായേലിനെ വിറപ്പിച്ച് ഹൂതികളുടെ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ
![](/images/authorplaceholder.jpg?type=1&v=2)
അപായ സൈറണുകൾ മുഴങ്ങിയതോടെ 20 ലക്ഷത്തിലധികം പേരാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയത്
തെൽ അവീവ്: യെമനിൽനിന്ന് ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിന്റെ ആഘാതത്തിലാണ് ഇസ്രായേൽ. തങ്ങളുടെ പുതിയ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ 11.5 മിനിറ്റിൽ 2040 കിലോമീറ്റർ താണ്ടിയാണ് ഇസ്രായേലിലെത്തിയതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സാരീ പറഞ്ഞു. തെൽ അവീവിന് സമീപത്തെ സൈനിക കേന്ദ്രമായ ജാഫ മേഖലയാണ് ഹൂതികൾ ലക്ഷ്യമിട്ടത്. മിസൈലിനെ തടയാൻ ശത്രുക്കൾക്ക് സാധിച്ചില്ലെന്നും അത് ലക്ഷ്യം നേടിയെന്നും സാരീ കൂട്ടിച്ചേർത്തു.
20 ഇന്റർസെപ്റ്ററുകൾ മറികടന്നാണ് തങ്ങളുടെ മിസൈൽ ഇസ്രായേലിൽ എത്തിയതെന്ന് മീഡിയ ഓഫിസ് ഡെപ്യൂട്ടി ഹെഡ് നസറുദ്ദീൻ അമേർ പറഞ്ഞു. ഈ ആക്രമണം ഒരു തുടക്കം മാത്രമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘ഫലസ്തീൻ 2’ എന്ന മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചത്. മിസൈൽ വിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങൾ ഹൂതികൾ പുറത്തുവിട്ടിട്ടുണ്ട്. 2150 കിലോമീറ്ററാണ് ഇതിന്റെ ദൂരപരിധി. ശബ്ദത്തേക്കാൾ 16 ഇരട്ടി വേഗതയിലാണ് ഇത് സഞ്ചരിക്കുക. അയേൺ ഡോം പോലുള്ള ലോകത്തിലെ അതിനൂതന പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ഇതിന് സാധിക്കുമെന്നും ഹൂതികൾ അവകാശപ്പെടുന്നു.
ഞായറാഴ്ച രാവിലെയായിരുന്നു ഇസ്രായേലിനെ ഞെട്ടിച്ച ആക്രമണമുണ്ടാകുന്നത്. മിസൈൽ വരുന്നതിന് മുമ്പായി തെൽ അവീവിലും മധ്യ ഇസ്രായേലിലും അപായ സൈറണുകൾ മുഴങ്ങി. ഇതോടെ ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ഏകദേശം 23,65,000 പേർ ഇത്തരത്തിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
![](https://www.mediaoneonline.com/h-upload/2024/09/15/1442409-houthi-attack.webp)
പ്രതിരോധ സംവിധനം ഉപയോഗിച്ച് മിസൈൽ തകർത്തുവെന്നും ഇതിന്റെ ഭാഗങ്ങൾ ഒഴിഞ്ഞ സ്ഥലത്തും റെയിൽവേ സ്റ്റേഷന് സമീപവും പതിച്ചതായും ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഇസ്രായേൽ സൈന്യം വ്യക്തമാക്കി. തെൽ അവീവിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള മോദിൻ സ്റ്റേഷന്റെ ഗ്ലാസ് തകർന്നതിന്റെയും സ്റ്റേഷന്റെ ഒരു ഭാഗത്ത് തീപിടിച്ചതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മിസൈലിന്റെ ചീളുകൾ പതിച്ചാണ് തീപിടിത്തമുണ്ടായത്.
പിന്തുണച്ച് ഹമാസും ഹിസ്ബുല്ലയും
തെൽ അവീവിന് നേരെയുള്ള ആക്രമണത്തിന് ഹൂതികൾ കനത്ത വില നൽകേണ്ടി വരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. അതേസമയം, ഹൂതി ആക്രമണത്തെ പിന്തുണച്ചുകൊണ്ട് ഹമാസും ഹിസ്ബുല്ലയും രംഗത്തുവന്നു. ഗസ്സ മുനമ്പിലെ നമ്മുടെ ജനങ്ങൾക്ക് നേരെയുള്ള ക്രൂരതകൾ അവസാനിപ്പിച്ചില്ലെങ്കിൽ ഇസ്രായേലിന് സുരക്ഷിതത്വം അനുഭവിക്കാൻ സാധിക്കില്ലെന്ന് ഹമാസ് പറഞ്ഞു.
ഹൂതികളുടേത് സുപ്രധാനവും ഫലപ്രദവുമായ ആക്രമണമാണെന്ന് ലെബനാനിലെ സായുധ വിഭാഗമായ ഹിസ്ബുല്ല വ്യക്തമാക്കി. ഇസ്രായേലിന്റെ ബലഹീനതയും ദുർബലതയുമാണ് ഇത് തുറന്നുകാട്ടിയതെന്നും അവർ കൂട്ടിച്ചേർത്തു.
അഞ്ചാംഘട്ടത്തിലേക്ക് കടന്ന് ഹൂതികൾ
ഇസ്രായേലിനെതിരായ സൈനിക പ്രവർത്തനങ്ങളുടെ അഞ്ചാംഘട്ടത്തിലേക്ക് തങ്ങൾ കടന്നിരിക്കുകയാണെന്ന് ഹൂതികൾ പ്രഖ്യാപിച്ചിരിക്കുന്നു. ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടങ്ങിയതിന് പിന്നാലെ ഹൂതികൾ ചെങ്കടലിൽ ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകൾ ആക്രമിക്കുന്നുണ്ട്.
മിസൈൽ സാങ്കേതിക വിദ്യയിൽ കാര്യമായ പുരോഗതിയാണ് ഹൂതികൾ കൈവരിച്ചതെന്ന് പുതിയu ആക്രമണം അടിവരയിടുന്നു. ഹൂതികളുടെ ആക്രമണം തടയാൻ അമേരിക്കയുടെയും ബ്രിട്ടന്റെയുമെല്ലാം യുദ്ധക്കപ്പലുകൾ ചെങ്കടലിലുണ്ട്. ഈ കപ്പലുകളെയും അയേൺ ഡോം അടക്കമുള്ള ഇസ്രായേലിന്റെ സ്വയംപ്രതിരോധ സംവിധാനങ്ങളെയും മറികടന്നാണ് മിസൈൽ ഇസ്രായേലിലേക്ക് പ്രവേശിച്ചത്.
ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങളും അമേരിക്കയുടെ ബ്രിട്ടന്റെയും പ്രതിരോധ നടപടികളും ഹൂതികളെ പിന്തിരിപ്പിക്കില്ലെന്ന് ആക്രമണശേഷം ഹൂതി നേതാവ് യഹ്യ സാരീ വ്യക്തമാക്കുകയുണ്ടായി. തുടർന്നും വലിയ ആക്രമണങ്ങൾക്കാണ് ഇവർ പദ്ധതിയിടുന്നത്. അടിച്ചമർത്തപ്പെട്ട ഫലസ്തീൻ ജനതക്കുള്ള പിന്തുണ തുടരുമെന്നും ഹൂതികൾ ആവർത്തിക്കുന്നു.
കഴിഞ്ഞ ജൂലൈയിൽ ഹൂതികൾ തെൽ അവീവ് ലക്ഷ്യമാക്കി ഡ്രോണുകൾ തൊടുത്തുവിട്ടിരുന്നു. ആക്രണത്തില് ഒരാള് കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മിസൈൽ ലഭിച്ചത് എവിടെനിന്ന്?
ഇറാന്റെ പിന്തുണയോടെയാണ് യെമനിലെ സായുധ വിഭാഗമായ ഹൂതികളുടെ പ്രവർത്തനം. നൂതന ഡ്രോണുകൾ, ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകൾ, കപ്പൽ വിരുദ്ധ ആയുധങ്ങൾ എന്നിവയെല്ലാം ഹൂതികളുടെ കൈവശമുണ്ടെന്നാണ് വിവരം.
ഏകദേശം 2000 കിലോമീറ്റർ ദൂരപരിധിയുള്ള ഭൂതല ഉപരിതല ബാലിസ്റ്റിക് മിസൈലായ തൂഫാൻ അടക്കമുള്ളവ തങ്ങളുടെ കൈവശമുണ്ടെന്ന് ഹൂതി വക്താവ് നേരത്തേ പറഞ്ഞിരുന്നു. തങ്കീൽ, അഖീൽ, ഖുദ്സ് 4 എന്നീ മിസൈലുകളും ഇവരുടെ ആയുധശേഖരത്തിലുണ്ട്. 900 കിലോമീറ്റർ റേഞ്ചും 20 കിലോഗ്രാം ഭാരവും വഹിക്കാവുന്ന ഷഹീദ് ഡ്രോണുകളും സയാദ് ഡ്രോണുമെല്ലാം ശത്രുക്കൾക്ക് ഭീഷണി ഉയർത്തുന്നവയാണ്. മെഡിറ്റേറിയൻ കടൽ വരെ എത്താൻ കഴിയുന്ന ആയുധങ്ങൾ ഹൂതികളുടെ കൈവശമുണ്ടെന്നാണ് മുതിർന്ന അമേരിക്കൻ സൈനിക ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നത്.
ഹൂതികൾക്ക് ബാലിസ്റ്റിക് മിസൈലടക്കമുള്ളവ ഇറാനിൽനിന്നാണ് വരുന്നതെന്ന് അമേരിക്ക ആരോപിക്കുന്നു. ബുർഖാൻ, ഖുദ്സ് 1 തുടങ്ങിയ മിസൈലുകളിലെല്ലാം ഇറാൻ മുദ്രകൾ ഇവർ കണ്ടെത്തിയിട്ടുണ്ട്. ഇറാന്റെ ആയുധങ്ങളോ പരിശീലനമോ ബുദ്ധിശക്തിയോ ഇല്ലാതെ ഹൂതികൾക്ക് ഈ നിലയിൽ പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് കാംബ്രിഡ്ജ് സർവകലാശാലയിലെ മിഡിൽ ഈസ്റ്റ് വിദഗ്ധൻ ഡോ. എലിസബത്ത് കെൻഡൽ പറയുന്നു. കരയിലൂടെയാണ് ഹൂതികൾക്കുള്ള ആയുധങ്ങൾ കടത്തുന്നത്. വിവിധ യുദ്ധങ്ങൾക്കിടയിലും നിരവധി ആയുധങ്ങൾ ഇവർ സംഭരിച്ചിട്ടുണ്ട്. യെമൻ സർക്കാറിന്റെ ആയുധശേഖരണത്തിൽനിന്നും നിരവധി ആയുധങ്ങൾ ഹൂതികൾ കടത്തിയിരുന്നു.
അതേസമയം, തങ്ങൾ ഹൂതികൾക്ക് ഹൈപ്പർസോണിക് മിസൈലുകൾ നൽകിയിട്ടില്ലെന്ന് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. ഇറാനിൽനിന്ന് യെമനിലേക്ക് എത്താൻ ഒരാൾക്ക് ഒരാഴ്ച സമയം വേണം. ഈ മിസൈൽ അവിടെ എങ്ങനെ എത്തും. യെമനിന് നൽകാനായി ഞങ്ങളുടെ കൈവശം അത്തരത്തിലുള്ള മിസൈൽ ഇല്ലെന്നും പ്രസിഡന്റ് പറഞ്ഞു. റഷ്യയാണ് പുതിയ മിസൈൽ നൽകിയതെന്ന ആരോപണവും ഉയരുന്നുണ്ട്.