World
എലിസബത്ത് രാജ്ഞിയുടെ കത്ത് സിഡ്നിയിലെ അജ്ഞാത നിലവറയ്ക്കുള്ളില്‍; 63 വര്‍ഷം കഴിഞ്ഞ് തുറക്കും
World

എലിസബത്ത് രാജ്ഞിയുടെ കത്ത് സിഡ്നിയിലെ അജ്ഞാത നിലവറയ്ക്കുള്ളില്‍; 63 വര്‍ഷം കഴിഞ്ഞ് തുറക്കും

Web Desk
|
12 Sep 2022 6:48 AM GMT

2085ലാണ് ഇനി നിലവറ തുറന്ന് കത്ത് പുറത്തെടുക്കുകയുള്ളൂ

സിഡ്നി: അന്തരിച്ച എലിസബത്ത് രാജ്ഞി എഴുതിയ രഹസ്യ കത്ത് സിഡ്നിയിലെ അജ്ഞാത നിലവറയ്ക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ ആരും വായിച്ചിട്ടില്ലാത്ത കത്ത് വായിക്കാന്‍ 63 വര്‍ഷം കാത്തിരിക്കേണ്ടി വരും. 2085ലാണ് ഇനി നിലവറ തുറന്ന് കത്ത് പുറത്തെടുക്കുകയുള്ളൂ.

ഓസ്ട്രേലിയയിലെ ചരിത്ര പ്രധാന്യമുള്ള ക്യൂന്‍ വിക്ടോറിയ ബില്‍ഡിംഗിലെ നിലവറയിലാണ് കത്ത് സൂക്ഷിച്ചിരിക്കുന്നത്. സിഡ്നിയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് 1986ല്‍ എലിസബത്ത് രാജ്ഞി എഴുതിയ കത്താണ് ഇതെന്നാണ് സെവന്‍ ന്യൂസ് ഓസ്ട്രേലിയ (7NEWS Australia) റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ കത്തിനുള്ളില്‍ എന്താണെന്ന് രാജ്ഞിയുടെ പേഴ്സണല്‍ സ്റ്റാഫിനു പോലും അറിയില്ല. ഒരു ഗ്ലാസ് കെയ്സിനുള്ളില്‍ സുരക്ഷിതമായ സ്ഥലത്താണ് രഹസ്യകത്ത് വച്ചിരിക്കുന്നത്. ''2085ൽ നിങ്ങൾ തെരഞ്ഞെടുക്കുന്ന അനുയോജ്യമായ ഒരു ദിവസം, ദയവായി ഈ കവർ തുറന്ന് സിഡ്‌നിയിലെ ജനങ്ങളോട് എന്‍റെ സന്ദേശം അറിയിക്കുമോ?'' എന്നാണ് മേയറെ അഭിസംബോധന ചെയ്ത് രാജ്ഞി അന്ന് നിര്‍ദേശിച്ചത്. എലിസബത്ത് ആര്‍. എന്ന് പേരെഴുതി ഒപ്പും വച്ചിട്ടുണ്ട്. 16 തവണ എലിസബത്ത് രാജ്ഞി ഓസ്ട്രേലിയ സന്ദര്‍ശിച്ചിട്ടുണ്ട്.

ഓസ്ട്രേലിയക്ക് എലിസബത്ത് രാജ്ഞിയുടെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്‍റണി അൽബനീസ് വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. 1999ല്‍ രാജ്യം സ്വതന്ത്രമാകണോ എന്നൊരു പ്രമേയത്തില്‍ ജനഹിതം അറിയാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ 54 ശതമാനം ആളുകളും ബ്രിട്ടീഷ് രാജ്ഞിക്കൊപ്പം നില്‍ക്കുകയായിരുന്നു. ഇതോടെ അവര്‍ തന്നെ രാജ്യത്തിന്‍റെ തലപ്പത്തിരിക്കുന്ന വ്യക്തിയെന്ന പദവിയില്‍ തുടരുകയായിരുന്നു. ഓസ്‌ട്രേലിയയുടെ ഗവര്‍ണര്‍ ജനറല്‍ പദവിയില്‍ ചാള്‍സ് രാജാവും തുടര്‍ന്ന് പോന്നിരുന്നു. 1954ലാണ് എലിസബത്ത് രാജ്ഞി ഓസ്‌ട്രേലിയ ആദ്യമായി സന്ദര്‍ശിക്കുന്നത്. വെള്ളിയാഴ്ച, സിഡ്‌നിയിലെ ഐക്കണിക് ഓപ്പറ ഹൗസ് രാജ്ഞിക്ക് ആദരാഞ്ജലി അർപ്പിച്ചിരുന്നു.

Similar Posts