![Malayali, position of American President, Vivek Ramaswamy announced his candidacy, world news, Malayali, position of American President, Vivek Ramaswamy announced his candidacy, world news,](https://www.mediaoneonline.com/h-upload/2023/02/22/1353174-6.webp)
വിവേക് രാമസ്വാമി
അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി മലയാളി; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് വിവേക് രാമസ്വാമി
![](/images/authorplaceholder.jpg?type=1&v=2)
പാലക്കാട് വേരുകളുള്ള വിവേക് രാമസ്വാമി അമേരിക്കയിൽ ടെക് സംരംഭകനും സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമാണ്
വാഷിംഗ്ടണ്‍: 2024 ല്‍ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി അമേരിക്കൻ മലയാളി. പാലക്കാട് വേരുകളുള്ള വിവേക് രാമസ്വാമിയാണ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയാകുന്നത്. അമേരിക്കയിൽ ടെക് സംരംഭകനായ രാമസ്വാമി സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമാണ്.
അടുത്ത വർഷമാണ് അമേരിക്കയിൽ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. വിവേക് അടക്കം റിപ്പബ്ലിക്ക് പാർട്ടിയിൽ നിന്നും മൂന്ന് പേർ ഇതുവരെ പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു കഴിഞ്ഞു. 37 കാരനായ രാമസ്വാമിയുടെ മാതാപിതാക്കൾ വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നിന്നും യു.എസിലേക്ക് കുടിയേറിവരാണ്. ഓഹിയോയിലെ ജനറൽ ഇലക്ട്രോണിക് പ്ലാന്റിലാണ് വിവേക് ജോലി ചെയ്തിരുന്നത്. ഫോക്‌സ് ന്യൂസിൽ സംപ്രേഷണം ചെയ്യന്ന ടക്കർ കാൾസൺ അവതരിപ്പിക്കുന്ന തത്സമയ പരിപാടിയിലാണ് അദ്ദേഹം സ്ഥാനാർത്ഥിത്വം സംബന്ധിച്ച വാർത്ത സ്ഥിരീകരിച്ചത്.
രാജ്യത്തിന് നഷ്ടപ്പെട്ട മെറിറ്റ് തിരികെ പിടിക്കുകയും രാജ്യം ചൈനയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടഅമേരിക്കയെ ഞാൻ ഒന്നാമതെത്തിക്കും. എന്നാൽ അതിനായി അമേരിക്ക എന്താണെന്ന് നമ്മൾ വീണ്ടും കണ്ടെത്തണം. ചൈനയുടെ ഉയർച്ചയടക്കമുള്ള ബാഹ്യമായ വെല്ലുവിളികളാണ് രാജ്യം നേരിടുന്നത്. നമ്മുടെ ജീവിതത്തിന്റെ ഓരോ അണുവിലും അമേരിക്കക്ക് അതിന്റെ ആത്മാവ് തിരികെ ലഭിക്കേണ്ടതിന്റെ ആവശ്യകത വലുതാണെന്ന് ഞാൻ മനസിലാക്കുന്നു. അമേരിക്കൻ ജീവിതത്തിന്റെ ഓരോ ശ്വാസത്തിലും അത് ഓർത്തുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
![](https://www.mediaoneonline.com/h-upload/2023/02/22/1353177-99329cbd-3543-4ba4-b93d-a979ee6b58b8-1.webp)
2014 ലാണ് റോവിയൻ സയൻസ് എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനി വിവേക് രാമസ്വാമി ആരംഭിക്കുന്നത്. തുടർന്ന് 2020 ൽ ചാപ്റ്റർ മെഡികെയറിന്റെ സഹസ്ഥാപകനുമായി വിവേക് രാമസ്വാമി മാറി. എന്നാൽ 2021 ൽ റോവന്റ് സയൻസിന്റെ സി.ഇ.ഒ സ്ഥാനത്ത് നിന്നും അദ്ദേഹം പടിയിറങ്ങി. പിന്നീട് 'വിവേക് ഇൻക്: ഇൻസൈഡ് കോർപ്പറേറ്റ് അമേരിക്കാസ് സോഷ്യൽ ജസ്റ്റിസ് സ്‌കാം' എന്ന പുസ്‌കവും അദ്ദേഹം രചിച്ചു.
ഒഹിയോ കേന്ദ്രീകരിച്ച പ്രവർത്തിക്കുന്ന സ്‌ട്രൈവ് അസെറ്റ് മാനേജ്‌മെന്റിന്റെ സഹസ്ഥാപകനാണ് നിലവിൽ വിവേക് രാമസ്വാമി. 40 വയസിനുള്ളിൽ തന്നെ അമേരിക്കയിലെ തന്നെ ഏറ്റവും ധനികരായ സംരംഭകരിൽ ഒരാളായി അദ്ദേഹം മാറി. 600 മില്യൺ ഡോളാറായിരുന്നു 2016ലെ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ ആസ്തിയെന്നാണ് ഫോർബ്‌സ് മാസിക പറയുന്നത്