റഷ്യയിൽ ഷെല്ലാക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു
|തൃശൂർ നായരങ്ങാടി സ്വദേശി സന്ദീപാണ് കൊല്ലപ്പെട്ടത്
തൃശൂർ: റഷ്യയിൽ ഷെല്ലാക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. തൃശൂർ നായരങ്ങാടി സ്വദേശി സന്ദീപാണ് കൊല്ലപ്പെട്ടത്. മലയാളി അസോസിയേഷനാണ് കുടുംബത്തെ വിവരമറിയിച്ചത്. എന്നാൽ നോർക്കയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
റസ്റ്റോറൻ്റിലെ ജോലിക്കായി ഏപ്രിലിലാണ് സന്ദീപ് റഷ്യയിലേക്ക് പോയത്. സൈനിക ക്യാൻ്റീനിൽ ജോലി ലഭിച്ചെന്നും സുരക്ഷിതനാണെന്നും കുറച്ചുദിവസങ്ങൾക്കു മുമ്പ് കുടുംബത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി സന്ദീപിന്റെ വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് കുടുംബം അന്വേഷിച്ചപ്പോഴാണ് മലയാളി അസോസിയേഷൻ ഇക്കാര്യം അറിയിക്കുന്നത്.
12 അംഗ റഷ്യൻ പട്രോളിങ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇതിൽ സന്ദീപും ഉൾപ്പെട്ടിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കുടുംബം കേന്ദ്രത്തിനും കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും നോർക്കയ്ക്കുമുൾപ്പടെ പരാതി നൽകിയിട്ടുണ്ട്.