World
അവസാനിച്ചിട്ടില്ല, ഒമൈക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി; വ്യാപനം അതിവേഗം
World

അവസാനിച്ചിട്ടില്ല, ഒമൈക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി; വ്യാപനം അതിവേഗം

Web Desk
|
14 Sep 2022 11:27 AM GMT

കോവിഡ് വാക്സിൻ ഡോസുകൾ കൃത്യമായി സ്വീകരിച്ചവർ ബൂസ്റ്റർ ഡോസ് കൂടി സ്വീകരിക്കുന്നതാണ് അഭികാമ്യം.

ലണ്ടൻ: യുഎസിൽ അതിവേഗം പടർന്നുപിടിച്ച ഒമൈക്രോണിന്റെ ഉപവകഭേദം യുകെയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ഒമൈക്രോണിന്റെ ഉപവകഭേദമായ BA.4.6 ആണ് കണ്ടെത്തിയിരിക്കുന്നത്. ഓഗസ്റ്റ് 14 മുതലുള്ള കോവിഡ് പരിശോധനാ ഫലങ്ങളിൽ 3.3% ശതമാനം സാമ്പിളുകളിലും കണ്ടെത്തിയത് BA.4.6 വകഭേദം ആയിരുന്നുവെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (യുകെഎച്ച്എസ്എ) കോവിഡ് വേരിയന്റുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ ബ്രീഫിംഗ് ഡോക്യുമെന്റ് വ്യക്തമാക്കുന്നു. ഇതിനുശേഷം BA.4.6 കേസുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവെന്നും ഡോക്യുമെന്റിൽ സൂചിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള മറ്റ് പല രാജ്യങ്ങളിലും ഈ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.

BA.4.6ന്റെ ഉറവിടം എവിടെയെന്ന് കണ്ടെത്താനായിട്ടില്ല. പക്ഷേ ഇതൊരു പുനഃസംയോജന വകഭേദമാകാനാണ് സാധ്യതയെന്നാണ് ആരോഗ്യവിദഗ്‌ധരുടെ അഭിപ്രായം (രണ്ട് വ്യത്യസ്ത വകഭേദങ്ങൾ ഒരേ സമയം ഒരേ വ്യക്തിയെ ബാധിക്കുമ്പോഴാണ് പുനഃസംയോജനം സംഭവിക്കുന്നത്).

അതേസമയം, BA.4.6 വകഭേദം കൂടുതൽ ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിലും ഇതിന്റെ വ്യാപന ശേഷി മറ്റ് വകഭേദങ്ങളേക്കാൾ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കോവിഡ് വാക്സിൻ ഡോസുകൾ കൃത്യമായി സ്വീകരിച്ചവർ ബൂസ്റ്റർ ഡോസ് കൂടി സ്വീകരിക്കുന്നതാണ് അഭികാമ്യം.

കോവിഡിന്റെ പുതിയ വകഭേദങ്ങൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ വീണ്ടും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമാക്കിയിട്ടുണ്ട്. പുതിയ വകഭേദങ്ങൾക്ക് ഇതുവരെ സ്വീകരിച്ച വാക്സിനുകളെ പ്രതിരോധിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇത് സംബന്ധിച്ച പഠനങ്ങൾ നടക്കുകയാണ്.

പുതിയ വകഭേദങ്ങൾ വീണ്ടും ഉണ്ടാകുന്ന സാഹചര്യത്തിൽ കോവിഡ് പൂർണമായും ഇല്ലാതായിട്ടില്ലെന്ന് തന്നെയാണ് വ്യക്തമാകുന്നത്. കൃത്യമായി മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസര്‍ ഉപയോ​ഗിക്കുക, വ്യക്തിശുചിത്വം പാലിക്കുക എന്നിവയെല്ലാം കോവിഡിനെതിരായ പോരാട്ടത്തിൽ പ്രധാനമാണ്.

Similar Posts