ദിവസേന 30 കിലോ മീറ്റർ സൈക്കിൾ സഞ്ചാരം, ഗസ്സയിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ ഡോക്ടറുടെ യാത്ര
|ദിവസേന ബുറൈജിൽ നിന്ന് ഗസ്സ സിറ്റിയിലേക്കും തിരിച്ചുമാണ് ഡോക്ടർ ഹസ്സൻ യാത്ര ചെയ്യുന്നത്.
ഗസ്സ സിറ്റി: ഗസ്സയിൽ ഇന്ധനക്ഷാമം കനത്തതോടെ ആശുപത്രികളടക്കം ഗുരുതര പ്രതിസന്ധിയിലേക്ക് കടക്കുകയാണ്. ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് പിടയുന്ന ഫലസ്തീൻ ജനതയ്ക്ക് ചികിത്സ ഉറപ്പാക്കാൻ കിണഞ്ഞ് പരിശ്രമിക്കുകയാണ് ആരോഗ്യപ്രവർത്തകർ.
പരിക്കേറ്റവരെ ചികിത്സിക്കാൻ ഫലസ്തീനിലെ ഒരു ഡോക്ടർ ദിവസേന സൈക്കിളിൽ സഞ്ചരിക്കുന്നത് 15 കിലോ മീറ്ററാണ്. ഡോക്ടർ ഹസ്സൻ സെയ്ൻ അൽ ദിനാണ് സൈക്കിളിൽ സഞ്ചരിച്ച് രോഗികളെ പരിചരിക്കുന്നത്. ദിവസേന ബുറൈജിൽ നിന്ന് ഗസ്സ സിറ്റിയിലേക്കാണ് ഡോക്ടർ ഹസ്സന്റെ യാത്ര. വൈകുന്നേരം ഇതേ ദൂരം തിരിച്ചും അദ്ദേഹം സൈക്കിളിൽ സഞ്ചരിക്കും.
With the repletion of fuel in Gaza under a tight Israeli blockade, Dr. Hassan Zein Al-Din, a Palestinian medical doctor, drives a 15-kilometer distance on a bicycle every morning from Bureij to Gaza City to treat the wounded.
— Quds News Network (@QudsNen) October 25, 2023
He drives the same way back in the evening. pic.twitter.com/uLhTMyGu9h
ഇന്ധനക്ഷാമം മൂലം ഗസ്സയിലെ ആശുപത്രികൾ ഇന്ന് രാത്രിയോടെ പ്രവർത്തനം നിർത്താൻ നിർബന്ധിതരാകുമെന്നാണ് യു.എൻ ഏജൻസി അറിയിക്കുന്നത്. ഇത് 130 നവജാത ശിശുക്കളടക്കം നിരവധി പേരുടെ ജീവനാണ് ഭീഷണിയാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയിൽ 700 പേരാണ് കൊല്ലപ്പെട്ടത്. സംഘർഷം18 ദിവസം പിന്നിടുമ്പോൾ 2360 കുഞ്ഞുങ്ങളടക്കം 5791 പേർ ഗസ്സയിൽ മരിച്ചു വീണു.
ഇന്ധനമെത്തിക്കുന്നതിനുള്ള വിലക്ക് രക്ഷാപ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്. അതിനിടെ, യു.എൻ സെക്രട്ടറി ജനറൽ ഫലസ്തീന് അനുകൂലമായ നിലപാട് എടുത്തത് ജനറൽ അസംബ്ലിയിൽ ചൂടേറിയ ചർച്ചയ്ക്കും വഴിയൊരുക്കി. ഹമാസിന്റെ ഇസ്രായേൽ ആക്രമണം ശൂന്യതയിൽ നിന്നുണ്ടായതല്ല എന്നാണ് അന്റോണിയോ ഗുട്ടറസ് തുറന്നടിച്ചത്. 56 വർഷം ശ്വാസംമുട്ടിക്കുന്ന അധിനിവേശത്തിനാണ് ഫലസ്തീൻ വിധേയമായതെന്നും യു.എൻ സെക്രട്ടറി ജനറൽ പറഞ്ഞു. ഇത് ഇസ്രായേലിനെ വല്ലാതെ ചൊടിപ്പിച്ചു. നിങ്ങൾ ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് ചോദിച്ചാണ് ഇസ്രായേൽ വിദേശകാര്യമന്ത്രി ഏലി കോഹൻ പ്രസംഗം തുടങ്ങിയത്.