കിയവിൽ സ്‌ഫോടന പരമ്പര; യുക്രൈനിൽ വ്യോമാക്രമണം ശക്തമാക്കി റഷ്യ
|രാജ്യത്തെ നശിപ്പിക്കാനുള്ള ഉപകരണമായി യുക്രൈനെ ഉപയോഗിക്കാനുള്ള പാശ്ചാത്യരുടെ ശ്രമങ്ങൾക്ക് റഷ്യ ഒരിക്കലും വഴങ്ങില്ലെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ
യുക്രൈനിൽ വ്യോമാക്രമണം കടുപ്പിച്ച് റഷ്യ. യുക്രൈൻ തലസ്ഥാനമായ കിയവിൽ ഇന്ന് 10 സ്‌ഫോടനമെങ്കിലും നടന്നിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കിയത്. നഗരത്തിൽ സ്‌ഫോടന ശബ്ദം കേട്ടതായി കിയവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്‌കോ പറഞ്ഞു.
കിയവിൽ റഷ്യ വ്യോമാക്രമണം കടുപ്പിക്കാൻ സാധ്യതയുള്ളതായി അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. തങ്ങളുടെ വ്യോമ പ്രതിരോധം ലക്ഷ്യം കൈവരിക്കുന്നുണ്ടെന്ന് യുക്രൈൻ നേരത്തെ അവകാശപ്പെട്ടിരുന്നു. അതേസമയം, രാജ്യത്തെ നശിപ്പിക്കാനുള്ള ഉപകരണമായി യുക്രൈനെ ഉപയോഗിക്കാനുള്ള പാശ്ചാത്യരുടെ ശ്രമങ്ങൾക്ക് റഷ്യ ഒരിക്കലും വഴങ്ങില്ലെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു. മാതൃരാജ്യത്തെ സംരിക്ഷിക്കാനും ജനങ്ങൾക്ക് യഥാർത്ഥ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുമായി റഷ്യ യുക്രൈനിൽ പോരാടുകയാണെന്ന് പുടിൻ പുതുവത്സര സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ വിജയം അനിവാര്യമാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗുവും പുതുവത്സര സന്ദേശത്തിൽ പറഞ്ഞു. 'ഞങ്ങൾ എല്ലാവരും ഗുരുതരമായ പരീക്ഷണങ്ങളെ അഭിമുഖീകരിച്ചു, രാഷ്ട്രീയമായും സൈനികപരമായും ഏറെ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് പുതുവത്സരം വരുന്നത്'- ഷോയിഗു കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം റഷ്യൻ സൈന്യത്തിന് തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍. സെപ്തംബറിൽ അധികമായി 300,000 പേരെ യുദ്ധത്തിൽ അണിനിരത്തുമെന്ന് റഷ്യ പ്രഖ്യാപിച്ചിരുന്നു.