'അൽഹംദുലില്ലാഹ്, പണവും വസ്തുവകകളും ദൈവ നിശ്ചയമുണ്ടെങ്കിൽ തിരിച്ചുകിട്ടുന്നതേയുള്ളൂ'; അതിക്രമങ്ങൾക്കിടയിലും പതറാതെ ഫലസ്തീനി യുവാവ്
|ഫലസ്തീനികളുടെ ക്ഷമയെയും മനസ്സാന്നിധ്യത്തെയും പുകഴ്ത്തി നിരവധി പേർ വീഡിയോക്ക് താഴെ കമൻറ് ചെയ്തു.
ഇസ്രായേലി അതിക്രമങ്ങൾക്കിടയിലും പതറാതെ നിൽക്കുന്ന ഫലസ്തീനി യുവാവിന്റെ വീഡിയോ വൈറൽ. മനാർമോതി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലടക്കം പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വീഡിയോയെടുക്കുന്നയാൾ സുഹൃത്തേയെന്ന് വിളിച്ച് തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിൽക്കുന്ന യുവാവിന്റെ അടുത്തേക്ക് ചെല്ലുന്നതും വിശേഷം തിരക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. നിങ്ങൾ സുരക്ഷിതനാണല്ലോയെന്നായിരുന്നു ആദ്യ ചോദ്യം. അപ്പോൾ 'അൽഹംദുലില്ലാഹ്, നിങ്ങൾക്ക് നന്ദി' എന്നായിരുന്നു മറുപടി.
പണമൊക്കെ തിരിച്ചുവരുമെന്ന് പറഞ്ഞപ്പോൾ 'അതാണ് ഞങ്ങളുടെ വിധി'യെന്ന് യുവാവിന്റെ പ്രതികരണം. നിങ്ങളും കുടുംബവും സുരക്ഷിതരല്ലേയെന്ന് ചോദിച്ചപ്പോൾ 'അല്ലാഹുവിന് സ്തുതി, ഞങ്ങൾ വളരെ ഭാഗ്യവാന്മാർ... പണവും വസ്തുവകകളും ദൈവ നിശ്ചയമുണ്ടെങ്കിൽ തിരിച്ചുകിട്ടാവുന്നതേയുള്ളൂ' എന്നും അദ്ദേഹം പറഞ്ഞു.
എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിന് പിറകിൽ തകർന്ന കെട്ടിടങ്ങൾ ചെറുചിരിയോടെ ചൂണ്ടിക്കാണിച്ചു യുവാവ്. ഈ തകർന്ന കെട്ടിടങ്ങൾ മറുപടി പറയുമെന്നും പ്രതികരണം. തൊട്ടടുത്ത് നിൽക്കുന്ന കൗമാരക്കാരന്റെ കയ്യിലുള്ള പൂച്ചക്കുട്ടിയെ താലോലിച്ച് 'ഇവൾ അതിജീവിച്ചു' എന്നും പ്രതികരിച്ചു. ഫലസ്തീനികളുടെ ക്ഷമയെയും മനസ്സാന്നിധ്യത്തെയും പുകഴ്ത്തി നിരവധി പേർ വീഡിയോക്ക് താഴെ കമൻറ് ചെയ്തു.ഫലസ്തീനികളുടെ ക്ഷമയെയും മനസ്സാന്നിധ്യത്തെയും പുകഴ്ത്തി നിരവധി പേർ വീഡിയോക്ക് താഴെ കമൻറ് ചെയ്തു.
നിരവധി സാധാരണക്കാരാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായി ഇസ്രായേലി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒട്ടനവധി പേർക്ക് പരിക്കേൽക്കുകയും അനവധി കെട്ടിടങ്ങൾ തകർക്കപ്പെടുകയും ചെയ്തു. ഗസ്സയിൽ ആറു ദിവസം കൊണ്ട് ആറായിരം ബോംബ് തള്ളിയതായി ഇസ്രായേൽ പറഞ്ഞതായാണ് മുസ്‌ലിം സ്‌പേസസ് എക്‌സിൽ ട്വീറ്റ് ചെയ്തത്. അഥവാ ഒരു വർഷം കൊണ്ട് യുഎസ് അഫ്ഗാനിൽ വർഷിച്ചയത്ര ബോംബുകളാണ് 378 സ്‌ക്വയർ കിലോമീറ്റർ മാത്രമുള്ള ഗസ്സയിൽ തള്ളിയതെന്ന് പോസ്റ്റിൽ പറഞ്ഞു. അഫ്ഗാന് 652,864 സ്‌ക്വയർ കിലോമീറ്ററുണ്ടെന്നും ഓർമിപ്പിച്ചു.
എക്സിൽ(ട്വിറ്റർ) ആകെ തെല്ലെങ്കിലും മനുഷ്യത്വമുള്ളവർ കരഞ്ഞുപോകുന്ന ദൃശ്യങ്ങളും ചിത്രങ്ങളുമാണുള്ളത്. ഹമാസ് പോരാളികൾക്കെതിരെയെന്ന പേരിൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിൽ കുട്ടികളും സ്ത്രീകളുമടക്കം നിരവധി സാധാരണക്കാരാണ് കൊല്ലപ്പെടുന്നതും പരിക്കേൽക്കുന്നതും. നാല് മാത്രം പ്രായമുള്ള ഒരു കുഞ്ഞിന് ജീവൻ ബാക്കിയുണ്ടോയെന്ന് ഡോക്ടർ പരിശോധിക്കുന്നതടക്കം കണ്ണീര് തോരത്ത വീഡിയോകളാണ് ഫലസ്തീനിൽ നിന്ന് പുറത്തുവരുന്നത്.
പരിക്കേറ്റവരോ രോഗികളോ ആയ ഫലസ്തീനികളെ സുരക്ഷിതയിടങ്ങളിലെത്തിക്കാൻ ഒരു വഴിയുമില്ലെന്നും അന്താരാഷ്ട്ര സമൂഹം ഉടൻ ഇടപെടണമെന്നുമാണ് ഫലസ്തീൻ മനുഷ്യാവകാശ സംഘടനയായ പാലസ്തീൻ ആർസിഎസ് ആവശ്യപ്പെടുന്നത്.
ജറൂസലേമിൽ ഫലസ്തീനികൾക്ക് നേരെ ഇന്നും പലയിടങ്ങളിൽ ആക്രമണമുണ്ടായി. ഇസ്രായേലിലെ അഷ്‌കലോണിന് നേരെ ഹമാസിന്റെ റോക്കറ്റ് ആക്രമണമുണ്ടായി. ജനങ്ങൾ വടക്കൻ ഗസ്സ വിട്ടുപോകണമെന്ന ഇസ്രായേലിന്റെ ഭീഷണി ഹമാസ് തള്ളി. കരയുദ്ധത്തിന് സജ്ജമാണെന്നും ശത്രുക്കൾക്ക് വൻ ആഘാതം ഗസ്സയിലെ മണ്ണിലുണ്ടാകുമെന്നും ഹമാസ് മുന്നറിയിപ്പ് നൽകി. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 13 ബന്ദികൾ കൊല്ലപ്പെട്ടെന്നും ഹമാസ് വ്യക്തമാക്കി. ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശീയ കൂട്ടക്കുരുതിയാണെന്നും ഇസ്രയേൽ കൊന്നു തീർക്കുന്നത് കുഞ്ഞുങ്ങളേയും സ്ത്രീകളെയുമാണെന്നും ആരും സ്വന്തം മണ്ണ് വിട്ടുപോകരുതെന്നും ഫലസ്തീൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
A video of a Palestinian youth who stands undaunted despite Israeli atrocities has gone viral